ന്യൂഡൽഹി: അറുപത്തിയെട്ടാം ജന്മദിനത്തിൽ പ്രധാനമന്ത്രി മോദിക്ക് ആശംസയർപ്പിച്ച് എത്തിയത് പതിനായിരക്കണക്കിന് സന്ദേശങ്ങളാണ്. ട്വിറ്ററിലും ഫെയ്‌സ് ബുക്കിലും ആശംസകൾ നിറഞ്ഞു. അതിൽ ചിലർക്ക് മാത്രം മോദിയുടെ നന്ഗിയുമെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡിഎംകെ നേതാവ് സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി തുടങ്ങി ചുരുക്കം ചിലർക്ക് മാത്രമായിരുന്നു നന്ദി അറിയിച്ചുള്ള ട്വീറ്റ്. അതായത് വളരെ കരുതലോടെയാണ് മോദി നന്ദി അറിയിച്ചതെന്ന് സാരം. ഇക്കൂട്ടത്തിൽ മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനും പ്രധാനമന്ത്രിയുടെ നന്ദി സന്ദേശം കിട്ടി.

ജന്മദിന ആശംസ അറിയിച്ച നടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് ഏറെ ചർച്ചയാവുകയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി അണിനിരത്താൻ ഉദ്ദേശിക്കുന്ന പ്രശസ്തരിൽ നടൻ മോഹൻലാലും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ മോഹൻലാലിന്റെ ട്വീറ്റിന് പ്രധാനമന്ത്രിയുടെ മറുപടി നൽകുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്ന് തന്നെയാണ് ഏവരും വിലയിരുത്തുന്നത്. ആർഎസ്എസ് നേതാക്കളുടെ സജീവ സാന്നിധ്യമുള്ള വിശ്വശാന്തി ട്രസ്റ്റുമായി ചേർന്നുള്ള പ്രവർത്തനം മോഹൻലാലിനെ പരിവാറുകാരനാക്കിയെന്ന വിലയിരുത്തൽ സജീവമാണ്. ഇതിനിടെയാണ് മോദിയുടെ ജന്മദിന സന്ദേശവും അതിനുള്ള മോദിയുടെ പ്രതികരണവും. മോഹൻലാലിന് മോദി കൊടുക്കുന്ന പ്രാധാന്യത്തിന് തെളിവ് തന്നെയാണ് സന്ദേശത്തിന് നൽകിയ പ്രതികരണം. ഇതോടെ തിരുവനന്തപുരത്ത് മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന പ്രചരണവും ശക്തമാവുകയാണ്.

പ്രധാനമന്ത്രിയുടെ ജന്മദിനം സേവാ ദിനമായാണ് ബിജെപി ദേശീയതലത്തിൽ ആഘോഷിച്ചത്. മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചും രക്തദാന ക്യാംപുകൾ സംഘടിപ്പിച്ചും രാജ്യത്തുടനീളം ശുചിത്വപ്രവർത്തനങ്ങൾ നടത്തിയും പ്രവർത്തകർ ജന്മദിനം ആഘോഷിച്ചു. നമോ ആപ്പിലൂടെ പ്രധാനമന്ത്രിക്ക് ജന്മദിന സന്ദേശങ്ങൾ അയയ്ക്കാനും സൗകര്യമൊരുക്കി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ധനമന്ത്രി അരുൺ ജയ്റ്റ്‌ലി, കർണാടകയിലെ ബിജെപി നേതാവ് ബി.എസ്.യെഡിയൂപ്പ, ബോളിവുഡ് താരം അനുപം ഖേർ, ഡിഎംകെ നേതാവ് എം.കെ.സ്റ്റാലിൻ തുടങ്ങിയവർ പ്രധാനമന്ത്രിക്കു ജന്മദിനാശംസകൾ നേർന്നു. ഇവരിൽ ചിലർക്ക് മാത്രാമാണ് മോദിയുടെ നന്ദി എത്തിയത്. ഇത് കരുതലോടെ മോദി നടത്തിയ നീക്കത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് ലാലിന്റെ ആശംസയ്ക്കുള്ള നന്ദി ഏറെ ചർച്ചയാകുന്നതും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി രാഷ്ട്രീയക്കാരല്ലാത്ത പ്രമുഖരെ അണിനിരത്താൻ ബിജെപി. സിനിമ, കായികം, കല, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരെയാണ് 2019ലെ പൊതുതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

സിനിമാ താരങ്ങളായ മോഹൻലാൽ, അക്ഷയ് കുമാർ, സണ്ണി ഡിയോൾ, മാധുരി ദീക്ഷിത്, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് തുടങ്ങിയവരെയാണു സ്ഥാനാർത്ഥികളായി തീരുമാനിച്ചിട്ടുള്ളതെന്നു പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മുതിർന്ന ബിജെപി നേതാവ് പറഞ്ഞതായി ദേശീയ മാധ്യമം ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽനിന്നാകും മോഹൻലാൽ മൽസരിക്കുക എന്നായിരുന്നു റിപ്പോർട്ട്. ന്യൂഡൽഹിയിൽ അക്ഷയ് കുമാർ, മുംബൈയിൽ മാധുരി ദീക്ഷിത്, ഗുർദാസ്പുരിൽ സണ്ണി ഡിയോൾ തുടങ്ങിയവരെ മത്സരിപ്പിക്കാനുള്ള സാധ്യതയാണു ബിജെപി പരിശോധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശമനുസരിച്ചാണു കൂടുതൽ പ്രഫഷനലുകളെയും ജനസമ്മതിയുള്ള പ്രമുഖരെയും ബിജെപി മത്സരിപ്പിക്കുന്നത്.

ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകൾ നിർദ്ദേശിക്കാൻ ബിജെപി എംപിമാരോടു മോദി നേരത്തേ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സർക്കാരിനും പാർട്ടി എംപിമാർക്കും എതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരം മറികടക്കാനാണു പ്രമുഖരെ അണിനിരത്തുന്നതെന്നു ബിജെപി നേതാവ് വ്യക്തമാക്കി. മോഹൻലാൽ തിരുവനന്തപുരത്തുനിന്നുള്ള ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്നു നേരത്തേയും പ്രചാരണമുണ്ടായിരുന്നു. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ചർച്ചയായത്. 'മുൻപും പല വാർത്തകളും വന്നിട്ടുണ്ടെന്നും താനിപ്പോൾ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്' എന്നുമായിരുന്നു സ്ഥാനാർത്ഥിത്വ ചർച്ചകളോടു മോഹൻലാൽ പ്രതികരിച്ചത്. വാർത്ത നിഷേധിച്ചുമില്ല. പിറന്നാൾ ആശംസയും നന്ദിയും എത്തിയതോടെ മോദിയും ലാലും തമ്മിലെ പ്രത്യേക ബന്ധം വ്യക്തമായെന്ന് ബിജെപിക്കാർ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനത്തും സീറ്റുള്ള പാർട്ടിയായി ബിജെപിയെ മാറ്റാനാണ് അമിത് ഷായുടെ പദ്ധതി. കേരളത്തിൽ മാത്രമാണ് ഇതിനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടു കൂടിയാണ് മോഹൻലാലിനെ പോലെ കേരളത്തിലെ ജനകീ മുഖത്തെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടാൻ ബിജെപി തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വയ്ക്കാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. മോഹൻലാലിന് താൽപ്പര്യമുണ്ടെങ്കിൽ ബിജെപി ടിക്കറ്റ് നൽകാമെന്നും അറിയിക്കും. അതിലെന്തെങ്കിലും തടസ്സം പറഞ്ഞാലോ എന്ന് കരുതിയാണ് ലാലിനോട് സ്വതന്ത്രനായി മത്സരിക്കാൻ ബിജെപി നേതൃത്വം ആവശ്യപ്പെടാനൊരുങ്ങുന്നത്.

എന്നാൽ ലാൽ കരുതലോടെയാണ് നീങ്ങുന്നത്. ലാലിന്റെ ഫാൻസിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി അടുക്കുന്നത് ദോഷം ചെയ്യുമെന്ന് ലാലിന് വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ കരുതലോടെ നീങ്ങാനാണ് ശ്രമം. മോദി വിളിച്ചാൽ മോഹൻലാൽ സ്ഥാനാർത്ഥിയാകുമെന്ന് കരുതുന്ന അടുപ്പക്കാരുമുണ്ട്. ലാലിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദർശനും സുരേഷ് കുമാറും ബിജെപിയുമായി ചേർന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ചെയർമാനും പ്രിയദർശനാണ്. മേജർ രവിയും സംഘപരിവാറിനൊപ്പം ചേർന്നാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ലാലും ബിജെപിയിലേക്ക് എത്തുമെന്നാണ് ലാലിന്റെ സുഹൃത്തുക്കളുടെ വിശ്വാസവും.

കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. ലാലിനെ പാളയത്തിലേക്ക് അടുപ്പിക്കാനാണ് മോദി നേരിട്ട് ഇടപെടൽ നടത്തുന്നത്. ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഹൻലാൽ കൂടിക്കാഴ്ച നടത്തിയിരുന്നു. മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയോട് താൻ സംസാരിച്ചുവെന്ന് മോഹൻലാൽ വ്യക്തമാക്കി. ഫേസ്‌ബുക്കിലാണ് മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മോഹൻലാൽ വിവരിച്ചിരിക്കുന്നത്. ജന്മാഷ്ടമി ദിനത്തിൽ പ്രധാനമന്ത്രിയെ നേരിട്ടു കാണാനുള്ള ഒരു വിശേഷഭാഗ്യം എനിക്ക് സിദ്ധിച്ചു. വിശ്വശാന്തി ഫൗണ്ടേഷനെക്കുറിച്ചും ഞങ്ങളുടെ സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. അടിസ്ഥാന ജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി വിശ്വശാന്തി ഫൗണ്ടേഷന്റെ കീഴിൽ രൂപവൽക്കരിക്കാൻ ഉദ്ദേശിരിക്കുന്ന ക്യാൻസർ കെയർ സെന്റർ എന്ന ഉദ്യമത്തെയും അദ്ദേഹം അഭിനന്ദിച്ചു- മോഹൻലാൽ കുറിച്ചു.

മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾക്ക് പുതുമാനം നൽകുകയാണ്. സാമൂഹ്യപ്രവർത്തന രംഗതത്ത് അദ്ദേഹത്തിന്റെ പുതിയ സംരംഭങ്ങൾ മികച്ചതാണെന്നും ഏവർക്കും പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ മോഹൻലാലിനെ പിന്തുടരുക കൂടി ചെയ്തതോടെ പ്രധാനമന്ത്രി പിന്തുടരുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളായിരിക്കുകയാണ് മോഹൻലാൽ. ഇതെല്ലാം ബിജെപിയിലേക്ക് മോഹൻലാലിനെ അടുപ്പിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണ്. കേരളത്തിലെ ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർഎസ്എസ് തന്നെയാകും അന്തിമ നിലപാടുകൾ എടുക്കുക. ഇതിന്റെ ഭാഗമായാണ് മോഹൻലാലിനെ ഉയർത്തിക്കാട്ടുന്നതും.

വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹൻലാൽ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആർ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനാണ് നീക്കം. ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി അമിത് ഷാ നിയമിക്കാൻ ആഗ്രഹിച്ചത് കെ സുരേന്ദ്രനെയാണ്. എന്നാൽ ആർഎസ്എസ് നിർബന്ധത്തിന് വഴങ്ങി പി എസ് ശ്രീധരൻ പിള്ള അധ്യക്ഷനായി. ഈ സമയം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനം ആർ എസ് എസിന് നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മോഹൻലാലിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യത ആർഎസ്എസ് തേടുന്നത്.