- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപം; മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണൻ; ചുറ്റും ദശാവതാരവും; വിശ്വരൂപ ശിൽപം നേരിൽകണ്ട് മോഹൻലാൽ; ശിൽപിയെ കെട്ടിപ്പിടിച്ച് 'രാജശിൽപ്പി'യുടെ അഭിനന്ദനം; അടുത്തയാഴ്ച ചെന്നൈയിലെ വീട്ടിലേക്ക്
തിരുവനന്തപുരം: വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ 12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ വിശ്വരൂപ ശിൽപം നേരിട്ട് കാണാൻ മോഹൻലാലെത്തി. ഞായറാഴ്ചയാണ് മോഹൻലാൽ ക്രാഫ്റ്റ് വില്ലേജിലെത്തിയത്. മൂന്നര വർഷം കൊണ്ടാണ് ഈ കൂറ്റൻ രൂപം തയ്യാറാക്കിയിരിക്കുന്നത്.
എല്ലാവരും മാധ്യമവാർത്തകളിലൂടെ ശിൽപം കണ്ടെന്നും, അപ്പോ ഞാനും കാണേണ്ടേ എന്നും മോഹൻലാൽ ചിരിയോടെ ശിൽപി വെള്ളാർ നാഗപ്പനോട് പറഞ്ഞു. അവിടെയുള്ള ശിൽപങ്ങളെല്ലാം മോഹൻലാൽ നോക്കി കണ്ടു. ശിൽപം ഏറെ ഇഷ്ടമായെന്നു പറഞ്ഞ മോഹൻലാൽ ശിൽപിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചു. അടുത്തയാഴ്ച ചെന്നൈയിലേക്ക് ശില്പം കൊണ്ടുപോകാനെത്തുമെന്ന ഉറപ്പുനൽകിയാണ് മടങ്ങിയത്.
ഞായറാഴ്ച രാവിലെ എട്ടോടെയാണ് തനിക്ക് വേണ്ടി നിൽമ്മിച്ച വിശ്വരൂപം കാണാൻ മോഹൻലാൽ എത്തിയത്. കുരുക്ഷേത്ര യുദ്ധത്തിൽ എതിർപക്ഷത്ത് ബന്ധുജനങ്ങളെ കണ്ട് തളർന്നിരുന്ന അർജുനന് മുന്നിൽ ശ്രീകൃഷ്ണൻ വിശ്വരൂപമായ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം.
11 ശിരസുള്ള സർപ്പം. ഇതിന് താഴെ നടുവിൽ മഹാവിഷ്ണു. ഇരുവശത്തുമായി ദേവഹുരു ബ്രഹസ്പതി, നരസിംഹം, ശ്രീരാമൻ, ശിവൻ, വിഷ്ണു, ശ്രീകൃഷ്ണൻ, ഇന്ദ്രൻ, ഹനുമാൻ, ഗരുഡൻ, അസുരഗുരു ശുക്രാചാര്യൻ എന്നിവരുടെ ശിരസുകളാണ് ഉള്ളത്. ശഖ്, ചക്ര, ഗദാ, ഖഡ്ഗങ്ങൾ പേറുന്ന 22 കൈകൾ. ഇതാണ് മുകൾ ഭാഗത്തുള്ളത്. പാഞ്ചജന്യം മുഴക്കുന്ന ശ്രീകൃഷ്ണൻ, വ്യാസൻ പറയുന്നത് കേട്ട് മഹാഭാരത കഥയെഴുതുന്ന ഗണപതി, ഉൾപ്പടെ മഹാഭാരതത്തിലെ വിവിധ സന്ദർഭങ്ങൾ ചെറുതും വലുതുമായ 400 രൂപങ്ങൾ.
വിശ്വരൂപത്തിനു താഴെ ഗീതോപദേശവും ചൂതാട്ടവും പിന്നിലായി ശരശയ്യയിലെ ഭീഷ്മരും പാഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ശിൽപചാരുതയോടെ കാണാം. കാളിയമർദനവും കൃഷ്ണനും ഗോപികമാരും രൂപകൽപനയിൽ അടങ്ങിയിരിക്കുന്നു.
ശില്പി വെള്ളാർ നാഗപ്പനും സഹശില്പികളായ ഒൻപതു പേരും ചേർന്നാണ് ശില്പം പൂർത്തിയാക്കിയത്. കുമ്പിൾ തടിയിലാണ് ശില്പം. ലോകത്തിലെ തന്നെ വലിയ വിശ്വരൂപ പ്രതിമയാണിതെന്ന് അവകാശപ്പെട്ട ശില്പികൾ ഗിന്നസ് റെക്കോഡിന്റെ സാധ്യത തേടുന്നതായി വ്യക്തമാക്കിയിരുന്നു.
12 അടി ഉയരത്തിൽ തടിയിൽ തയാറാക്കിയ ശിൽപത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പാഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവുമാണ് കൊത്തിയിരിക്കുന്നത്. വെള്ളാറിലെ കലാഗ്രാമമായ ക്രാഫ്റ്റ് വില്ലേജിൽ വെള്ളാർ നാഗപ്പനും മറ്റ് എട്ടു ശിൽപികളുമുൾപ്പെടെയുള്ള സംഘത്തിന്റെ മൂന്നരവർഷത്തെ പരിശ്രമമാണ് വിശ്വരൂപം. ശിൽപപീഠത്തിൽ നാനൂറോളം കഥാപാത്രങ്ങളുണ്ട്. മൂന്നു വർഷം മുൻപ് ആറ് അടിയിൽ നിർമ്മിച്ച വിശ്വരൂപം നടൻ മോഹൻലാൽ വാങ്ങിയിരുന്നു.
നടന്റെ നിർദ്ദേശാനുസരണമാണ് 12 അടിയിലെ വിശ്വരൂപം പണിതതെന്ന് നാഗപ്പൻ പറഞ്ഞു. രാധാകൃഷ്ണൻ, രാമചന്ദ്രൻ, പീഠം വിജയൻ, സജി, ഭാഗ്യരാജ്, സോമൻ, ശിവാനന്ദൻ, കുമാർ എന്നിവരാണ് മറ്റ് ശിൽപികൾ.
മറുനാടന് മലയാളി ബ്യൂറോ