കോഴിക്കോട്: 'എന്നു നിന്റെ മൊയ്തീൻ' സിനിമയിലൂടെ മലയാളികൾ മൊയ്തീൻ-കാഞ്ചനമാല പ്രണയം നെഞ്ചേറ്റിയതോടെ ജീവിച്ചിരിക്കുന്ന കഥാനായികയെ കാണാനും കൂടെ നിന്നു ഫോട്ടോയെടുക്കാനും മുക്കത്തേക്ക് ജനപ്രവാഹം തുടരുകയാണ്.

'മൊയ്തീൻ' സിനിമയെ ഹൃദയത്തോടു ചേർത്തുവച്ചവർക്ക് ദൂരവും കാലവുമൊന്നും പ്രശ്‌നമല്ല, സംസ്ഥാനത്തിന്റെ വിവിധ കോണുകളിൽനിന്നും ദിക്കുകളിൽ നിന്നുമായി എത്തുന്നവരാണ് മൊയ്തീൻ സേവാമന്ദിറിൽ കാഞ്ചനാമ്മയ്‌ക്കൊപ്പം ചെലവിടുന്നത്.

സിനിമ കണ്ടറിഞ്ഞ് ദിവസവും ഇവിടേക്ക് നിരവധി പേർ അന്വേഷിച്ചെത്താറുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. കോഴിക്കോട്ടങ്ങാടിയിൽ വന്നിറങ്ങിയാൽ തന്നെ എങ്ങും മൊയ്തീൻ - കാഞ്ചനമാലയെ കാണാം. മൊയ്തീന്റെ നാട്ടിലേക്കു പോരുന്നോ എന്നാണ് മുക്കത്തേക്കുള്ള ഓരോ ബസിലും കുറിച്ചിരിക്കുന്നത്.

ബസിനു പുറത്ത് മാത്രമല്ല ബസിലെ 'കിളി'യും ആളുകളെ വിളിച്ചു കയറ്റുന്നതിപ്പോൾ മൊയ്തീന്റെ പേരിലായിരിക്കുകയാണ്. ഓരോ തൂണിലും തുരുമ്പിലും മൊയ്തീൻ -കാഞ്ചനയുടെ പ്രണയമാണുള്ളത്. എന്തിനേറെ, തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ വരെ മൊയ്തീന്റെ ഡയലോഗുകളാണ് തിമിർത്താടുന്നത്.

മുക്കത്തും സമീപപ്രദേശത്തുള്ള ഓരോ കുട്ടിക്കു പോലും ഇന്ന് സുപരിചിതമായിരിക്കുകയാണ് മൊയ്തീൻ സേവാമന്ദിർ. മുക്കത്തുകാർക്കും ഏതാനും ചിലർക്കും മാത്രം അറിയാമായിരുന്ന തീവ്രമായ അത്ഭുത പ്രണയകഥ ഇന്ന് മലയാളികൾ ഒന്നടങ്കം അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.

മതത്തിനും ജാതിക്കുമപ്പുറം ഒരു പ്രണയത്തെപ്പറ്റി ചിന്തിക്കുകപോലും അസാധ്യമായ കാലത്ത്, അഞ്ചര പതിറ്റാണ്ടു മുമ്പ് നടന്ന പരിശുദ്ധ പ്രണയത്തിന്റെ പ്രതീകമായി ഇന്നും ജീവിച്ചിരിക്കുന്ന കാഞ്ചനയെ ജനം കാണാനെത്തുന്നത് പ്രണയസങ്കൽപ്പത്തിനും അതിൽ വരിച്ച ത്യാഗത്തിനുമുള്ള ഐക്യദാർഢ്യവും അതിലുപരി മാനവികതയുമാണ്. ഇരവഴിഞ്ഞിപ്പുഴയും മുക്കത്തിന്റെ ഗ്രാമീണതയും തേടി എത്തുന്നവർ അനശ്വരപ്രണയത്തിന്റെ സ്പന്ദനം നിലകൊള്ളുന്ന മണ്ണ് സ്പർശിക്കുന്നതോടൊപ്പം നഷ്ടപ്പെട്ട പ്രണയസങ്കൽപങ്ങളിലേക്കുള്ള ഒരു തിരിച്ചുപോക്കു കൂടി നടത്തുകയാണ്. അല്ലെങ്കിൽ നഷ്ടപ്പെട്ടതെന്തോ തിരിച്ചു കിട്ടിയ പ്രതീതി ലഭിക്കുകയാണ്.

ബി.പി മൊയ്തീൻ എന്ന വ്യക്തിത്വം മുക്കത്തുകാർക്ക് പ്രണയതീക്കനലേന്തിയ ഒരു ചെറുപ്പക്കാരൻ മാത്രമായിരുന്നില്ല, സാമൂഹിക പ്രതിബദ്ധതയും മനുഷ്യസ്‌നേഹിയുമാണെന്നതാണ് നാട്ടുകാർക്കിടയിൽ മൊയ്തീൻ ഇന്നും മരിക്കാതെ ജീവിക്കാനുള്ള കാരണം. ഗ്രാമനിവാസികൾക്ക് മാഗസിനും എഴുത്തും വായനയുമെല്ലാം അപ്രാപ്യമായ കാലത്ത് എഴുതുകയും പത്രപ്രർത്തനം നടത്തുകയും ചെയ്തിരുന്നു അക്കാലത്ത് മൊയ്തീൻ. പഞ്ചായത്തിലേക്കും നിയമസഭയിലേക്കും മത്സരിച്ച മൊയ്തീൻ രാഷ്ടീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഫുട്‌ബോളിനോടൊപ്പം സിനിമയും നാടകവും സംവിധാനം ചെയ്തും കച്ചവട, കാർഷിക മേഖലകളിൽ കഴിവു തെളിയിച്ചും മൊയ്തീൻ സർഗപ്രതിഭ തെളിയിച്ച വ്യക്തിത്വമായിരുന്നു. രോഗികളെയും മാനസികാസ്വസ്ഥ്യമുള്ളവരെയും നേരിട്ടെത്തി പരിചരിക്കുകയും വൃത്തിയാക്കുകയും ചെയ്തിരുന്ന മൊയ്തീന്റെ മനുഷ്യസ്‌നേഹത്തെ സ്മരിച്ച് നാട്ടുകാർ എല്ലാ വർഷവും മൊയ്തീന്റെ പേരിൽ പൊതുസെമിനാറുകളും അനുസ്മരണ പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്. ഇന്ന് കാഞ്ചനേടത്തിയും മൊയ്തീൻ സേവാമന്ദിറും ഈ നാട്ടുകാരുടേതു കൂടിയാണ്. മൊയ്തീൻ നാടിന്റെ ഭാഗ്യമായ അപൂർവജന്മമായി അവർ കാണുന്നു.

'എന്ന് നിന്റെ മൊയ്തീൻ' ലൂടെ കളങ്കമില്ലാത്ത തീക്ഷ്ണ പ്രണയത്തിന്റെ നേർക്കാഴ്ച ജനം തിരിച്ചറിഞ്ഞതോടെ ഒരുനാടിനപ്പുറത്ത് ലോകമാലയാളികളും പങ്കു ചേരുകയാണ് മൊയ്തീനു വേണ്ടിയുള്ള ഈ കാത്തിരിപ്പിൽ. അറുപതുകളിൽ മൊയ്തീനോടൊപ്പം ജീവിച്ച ബി.പി മൊയ്തീനെ നേരിട്ടറിയാവുന്ന പഴയതലമുറ ഇന്ന് നാട്ടിൽ വിരളമാണ്. അത്യപൂർവമായ പ്രണയം ആദ്യമായി പുസ്തക രൂപേണയാക്കിയത് പത്രപ്രവർത്തകനായ പി.ടി മുഹമ്മദ് സാദിഖ് 'മൊയ്തീൻ- കാഞ്ചനമാല ഒരപൂർവ പ്രണയ ജീവിത' ത്തിലൂടെയായിരുന്നു. പിന്നീട് ആർ.എസ് വിമൽ വർഷങ്ങളുടെ പ്രയത്‌നത്തിനൊടുവിൽ സിനിമ ഇറക്കിയതോടെയാണ് അസാധ്യ പ്രണയത്തിന്റെ കഥ പുറംലോകമറിയുന്നത്. ഇരവഴിഞ്ഞിപ്പുഴയുടെ അഗാധ ഗർത്തത്തിൽ ആണ്ടുപോയ മൊയ്തീനു വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നത് ഈ അടുത്ത കാലത്തുവരെ മൊയ്തീന്റെ സ്വന്തം വീട്ടിലായിരുന്നു. മൊയ്തീന്റെ മാതാവ് മരിക്കുന്നതിനു മുമ്പ് സ്വത്ത് കാഞ്ചനയുടെ പേരിൽ എഴുതി വെയ്ക്കാൻ വിട്ടുപോയതോടെ, ഏതാനും വർഷങ്ങൾക്കു മുമ്പുള്ള സ്വത്ത് വീതംവെയ്‌പ്പിൽ കാഞ്ചനമാലയ്ക്ക് ഇവിടെ നിന്നും പടിയിറങ്ങേണ്ടി വരികയായിരുന്നു.

മൊയ്തീന്റെ മാതാവിനോടൊപ്പം കാഞ്ചനമാല ജീവിച്ച ആ വീട് ഇപ്പോൾ അവിടെയില്ല, പൊളിച്ചു മാറ്റി. ഇന്ന് സേവാമന്ദിരവും അതിനു കീഴിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ഇവിടെ കഴിയുകയാണ്. സിനിമ ഹിറ്റായതോടെ കാഞ്ചനമാലയും വാർത്തയിൽ സ്ഥിരമായി ഇടം പിടിച്ചു. സിനിമ കണ്ട ജനപ്രതിനിധികളും പ്രമുഖ വ്യക്തിത്വങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ സന്ദർശിച്ചു കഴിഞ്ഞു. രണ്ടുദിവസം മുമ്പ് മൊയ്തീൻ സേവാമന്ദിറിന് സഹായവാഗ്ദാനം നൽകി നടൻ ദിലീപ് എത്തിയതും വാർത്തയിലിടം നേടിയിരുന്നു.

മഹാനവമി പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (വ്യാഴം) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ