- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഓടിച്ചു കാണിക്കണം എന്നാവശ്യപ്പെട്ട് ആളൊഴിഞ്ഞ റോഡിലെത്തിച്ച ശേഷം അതിക്രമം കാട്ടിയെന്ന് യുവതി; പീഡന പരാതിയിൽ പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ എസ് വിനോദിനെ സസ്പെന്റ് ചെയ്തു ഗതാഗത കമ്മീഷണർ; കേസെടുത്ത് പത്തനാപുരം പൊലീസ്; എം വി ഐയ്ക്കെതിരെയുള്ള പരാതിക്ക് പിന്നിൽ ടിപ്പർ ലോബിയെന്ന് വെഹിക്കിൾ ഇൻസ്പെക്ടർമാർ
തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന്റെ ഭാഗമായി വാഹനമോടിക്കുന്നതിനിടെ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്കെതിരെ പീഡന പരാതി ഉയർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയിൽ നിന്നും മൊഴിയെടുത്ത പൊലീസ് അന്ന് ലൈസൻസ് നേടുന്നതിനായി വന്ന മറ്റുള്ളവരുടെ മൊഴിയെടുക്കാനുള്ള ശ്രമത്തിലാണ്. പത്തനാപുരം എംവിഐ എ.എസ്.വിനോദിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
വാഹനം ഓടിച്ചു കാണിക്കണമെന്നാവശ്യപ്പെട്ട് യുവതിയുമൊത്ത് വാഹനത്തിൽ പോകുകയും പത്തനാപുരം-ഏനാത്ത് റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിയപ്പോൾ അതിക്രമം കാട്ടിയെന്നുമാണ് പരാതി. ഈ വാഹനത്തിൽ മറ്റാരുമില്ലായിരുന്നുവെന്നു പരാതിയിൽ പറയുന്നു. 19നു നടന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കാണ് പെൺകുട്ടി പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശ പ്രകാരം ഗതാഗതകമ്മീഷണർ ഇന്ന് രാവിലെ എ എസ് വിനോദിനെ സസ്പെന്റു ചെയ്തു കൊണ്ട് ഉത്തരവിറക്കി. സംഭവത്തിന് പിന്നിൽ പത്താനാപുരത്തെ ടിപ്പർ ലോബിയാണെന്നാണ് വെഹിക്കിൾ ഇൻസ്പെക്ടർമാർ ഉന്നയിക്കുന്ന പരാതി.
ടിപ്പർ ഉടമകളും കേസിൽ പ്രതിയായ എം വി ഐ യും തമ്മിലുള്ള തർക്കം ഇടയ്ക്ക്് സംഘർത്തിലും എത്തിയിരുന്നു.എന്നാൽ മുഖ്യമന്ത്രിയിക്ക് ലഭിച്ച പരാതി പ്രകാരം പരാതി നല്കിയ യുവതി അവിടെ ഡ്രൈവിങ് ടെസ്ററിന് 19ാം തിയ്യതി എത്തിയതായി ഞങ്ങളുടെ അന്വേഷണത്തിലും മനസിലായി. യുവതിയുടെ ടെസ്റ്റിന്റെ ഭാഗമായുള്ള രണ്ടാമത്തെ കടമ്പയായ റോഡ് ടെസ്റ്റിന് യുവതിക്ക് ഒപ്പം എം വി ഐ മാത്രമാണ് ഉണ്ടായരുന്നതെന്നു വ്യക്തമായി.പിന്നീട് യുവതി ടെസ്റ്റ് പാസായി പോകുകയായിരുന്നു.
കോവിഡ് മാനദണ്ഡ പ്രകാരമുള്ള ഉത്തരവ് നിലനിൽക്കുന്നതുകൊണ്ടാണ് വാഹനത്തിൽ മറ്റാരെയും കയറ്റാതിരുന്നതെന്നാണ് എം വിഐ യുടെ ന്യായീകരണം.
മോട്ടോർ വെഹിക്കിൾ അസോസിയേഷൻ സംഘടനാ നേതാവാണ് എ എസ് വിനോദ്. കുറച്ചു നാൾ മുൻപ് അധിക ഭാരവുമായി എത്തിയ ടിപ്പർ കസ്റ്റഡിയിലെടുത്ത ആരോപണ വിധേയൻ വാഹനത്തിന്റെ ടയർ നശിപ്പിച്ചെന്ന ആക്ഷേപം ഉയർന്നിരുന്നു. ടിപ്പർ ലോറികളുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ഥലം എം എൽ എയുമായും ഈ എം വി ഐ കൊമ്പ് കോർത്തിരുന്നു. കോവിഡ് കാലത്ത് ഓവർലോഡിന്റെ പേരിൽ ഡ്രൈവർമാരെ നിരന്തരം ദ്രോഹിക്കുന്ന വാഹനവകുപ്പിന്റെ നടപടിക്കെതിരെ പത്തനാപുരത്ത് വ്യാപക പ്രതിഷേധം ഉണ്ടായി.
അധിക ഭാരത്തിന്റെ പേരിൽ ലോറി ഡ്രൈവർക്ക് കൊല്ലത്തു വച്ച് കഴിഞ്ഞ ദിവസം ഇരുപത്തിഅയ്യായിരം രൂപ പിഴ ലഭിച്ചു. ഇതിനെത്തുടർന്ന് ലോറി ഡ്രൈവർമാരെ മോട്ടർ വാഹന ഉദ്യോഗസ്ഥർ മനഃപൂർവം ദ്രോഹിക്കുന്ന നടപടികളിൽ നിന്ന് പിൻവാങ്ങണമെന്ന് കെ.ബി ഗണേശ്‌കുമാർ എംഎൽഎ ആവശ്യപ്പെട്ടിരുന്നു. കൂടൽ ഇഞ്ചപ്പാറ സ്വദേശി സുമേഷിനാണ് പത്തനാപുരം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഭാഗത്തു നിന്ന് ദുരനുഭവം ഉണ്ടായത്. ലോറിയിലെ അധിക ഭാരത്തിന്റെ പേരിൽ സുമേഷിന് ഇരുപത്തിഅയ്യായിരം രൂപയുടെ പിഴ അടിച്ചിരുന്നു.
അഞ്ചു ദിവസത്തിന് ശേഷം പത്തനാപുരത്ത് വെച്ച് എം വിഐ വണ്ടി വീണ്ടും പിടികൂടി. ഇനിയും പിഴ ഈടാക്കിയാൽ ജീവിക്കാൻ പറ്റാത്ത സ്ഥിതിയാകുമെന്ന് പറഞ്ഞപ്പോൾ എം വിഐ മോശമായി പെരുമാറിയെന്ന് സുമേഷ് ആരോപിച്ച്ിരുന്നു. ലോറിയുടെ ടയറുകൾ നശിപ്പിച്ചതായും പരാതിയുണ്ടായി. വിഷയത്തിൽ ഇടപ്പെട്ട കെ.ബി.ഗണേശ്‌കുമാർ എംഎൽഎ എംവിഐയെ ഫോണിൽ വിളിച്ചു. ഗതാഗതമന്ത്രി മുൻപാകെ വിഷയം ബോധിപ്പിക്കുമെന്ന് ഗണേശ്‌കുമാർ ഡ്രൈവർമാർക്ക് ഉറപ്പ് നൽകി. അതേസമയം നിരന്തരം താക്കീത് ചെയ്തിട്ടും നിയമ ലംഘനം നടത്തിയതിനാണ് വാഹനം പിടികൂടിയതെന്നായിരുന്നു എം വിഐയുടെ വിശദീകരണം.