പത്തനംതിട്ട: അഭിഭാഷകരിൽ ചിലർക്കെങ്കിലും ഇപ്പോൾ മോശം സമയമാണോ? അഡ്വ. ഉദയഭാനു രാജീവ് കൊലക്കേസിൽ കുടുങ്ങിയിരിക്കുമ്പോൾ പത്തനംതിട്ടയിൽ ഇതാ പ്രമാദമായ മറ്റൊരു കേസിലെ അഭിഭാഷകൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. 

സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരേ രംഗത്ത് വന്ന കോന്നി മല്ലേലിൽ ശ്രീധരൻ നായരുടെ അഭിഭാഷകൻ സോണി പി. ഭാസ്‌കർ 27.50 ലക്ഷം തട്ടിയെന്ന് പരാതി നൽകിയിരിക്കുന്നത് അമ്മാവന്റെ മകൾ തന്നെയാണ്. പൊലീസ് ഈ കേസ് അട്ടിമറിക്കുന്നതിനായി അരയും തലയും മുറുക്കി രംഗത്തുണ്ടെന്നും അവർ പറയുന്നു.

ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ കോഴഞ്ചേരി മേലുകര മേപ്പുറത്ത് സോണി പി ഭാസ്‌കറിനെതിരെ കാരക്കാട് മഞ്ജുഷയിൽ ജ്യോൽസ്ന 2014ൽ നൽകിയ പരാതിയിൽ ഇതുവരെയും നടപടി എടുക്കാതെ പൊലിസ് ഉരുണ്ടു കളിക്കുകയാണെന്നാണ് ആരോപണം. നാലു വർഷം മുമ്പ് ഡിജിപിക്കും മുൻ മുഖ്യമന്ത്രിക്കും നൽകിയ പരാതിയിലും നടപടിയില്ല. പൊലിസ് തെളിവുകൾ നശിപ്പിച്ചതായും പരാതിക്കാരി പറഞ്ഞു.

പത്തനംതിട്ട ആസ്ഥാനമാക്കി അഭിഭാഷകൻ നടത്തിയ എസ്.എൻ മോട്ടോഴ്സിൽ ബിസിനസ് പാർട്ണർഷിപ് വാഗ്ദാനം ചെയ്താണ് ഗൾഫിൽ എഞ്ചിനീയറായിരുന്ന ജ്യോൽസനയെയും ഭർത്താവിനെയും സ്വാധീനിച്ച് പണം വാങ്ങിയത്. പത്തു വർഷം മുമ്പാണ് ഇയാൾ 27.50 ലക്ഷം രൂപ വാങ്ങിയത്. ജ്യോൽസ്നയുടെ രോഗിയായ അമ്മയെ തെറ്റിദ്ധരിപ്പിച്ച് വിശ്വാസം ആർജിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അമ്മയുടെ കൈയിൽ നിന്നാണ് ആദ്യ ഗഡു കൈപ്പറ്റിയതെന്നും ഇവർ പറയുന്നു.എസ്.എൻ മോേട്ടഴ്സിൽ അഭിഭാഷകൻ തനിക്കുള്ള പങ്കാളിത്തം ഉറപ്പാക്കുന്ന നോട്ടറി ഒപ്പിട്ട പാർട്ണർഷിപ് രേഖകളും നൽകിയിരുന്നു. എന്നാൽ പലതവണയായി ലക്ഷങ്ങൾ വാങ്ങിയെങ്കിലും ബിസിനസ് തുടങ്ങുകയോ പണം മടക്കി നൽകുകയോ ചെയ്യാതെ പിന്മാറിയതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി ദമ്പതികൾ അറിയുന്നത്. ഇതോടെയാണ് പൊലിസിൽ പരാതി നൽകിയത്.

2014ൽ സോണി പി ഭാസ്‌കറിനെ ഒന്നാം പ്രതിയാക്കി പത്തനംതിട്ട പൊലിസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ചെയ്യാൻ തയ്യാറായില്ല. തുടർന്ന് 2015ൽ അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിലത്തലക്ക് പരാതി നൽകി. അതോടെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. എന്നാൽ സോളാർ കേസിലെ അഭിഭാഷകനായ സോണിയുടെ രാഷ്ട്രീയ സ്വാധീനത്തിനു വഴങ്ങി ഇവരും അന്വേഷണം മുന്നോട്ടു കൊണ്ടു പോയില്ല. തുടർന്ന് എസ്‌പിയെ കാണുകയും അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ച് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇതും പൊലിസ് അട്ടിമറിച്ചതായും തന്നോട് കേസിൽ നിന്ന് പിന്മാറാൻ ആവശ്യപ്പെടുകയും ചെയ്തതായും പരാതിക്കാരി ആരോപിക്കുന്നു.

അഭിഭാഷകന് പണം നൽകിയതിന് ഉണ്ടായിരുന്ന ഏക തെളിവായ ചെങ്ങന്നൂർ എസ്‌ബിറ്റിയിലെ ചെക്കുകൾ പൊലിസ് ബാങ്കിൽ നിന്ന് വാങ്ങിക്കൊണ്ടുപോയി. പിന്നീട് തെളവില്ലെന്ന വാദമാണ് പൊലിസ് ഉന്നയിച്ചത്. തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. കോടതി പൊലീസിനോട്റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും തട്ടിപ്പുകാരനായ അഭിഭാഷകന് അനുകൂലമായ റിപ്പോർട്ടാണ് പൊലീസ് നൽകിയത്. ഇതോടെ അഭിഭാഷകന് മുൻകൂർ ജാമ്യം ലഭിക്കുകയും ചെയ്തു. തനിക്കെതിരെ തെളിവില്ലാത്തതിനാൽ എഫ്ഐആർ റദ്ദാക്കണം എന്ന ആവശ്യമുന്നയിച്ച് അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുകയാണെന്നും ജ്യോൽസ്ന പറഞ്ഞു.