പത്തനംതിട്ട: നാട്ടിലെമ്പാടും ഇപ്പോൾ പിരിവാണ്. അതിന് പ്രളയ ബാധിത മേഖലയെന്നോ പ്രളയമില്ലാത്ത മേഖലയെന്നോ വ്യത്യാസമില്ല. പ്രളയത്തിന് ശേഷം സാധാരണ നിലയിലേക്ക് മനസും ശരീരവും സാമ്പത്തിക നിലയും മടങ്ങാൻ മടിക്കുന്നതിനിടയിൽ വന്ന സർക്കാരിന്റെ നിർബന്ധിത പിരിവിനെതിരേ നാട്ടുകാർ ഒന്നടങ്കം രംഗത്തു വന്നിരിക്കുകയാണ് പ്രളയ ബാധിത മേഖലയിൽ. നിങ്ങൾക്ക് കണ്ണിൽച്ചോരയില്ലേയെന്നാണ് ചോദ്യം. ഈ നില തുടർന്നാൽ സർക്കാരിനെതിരേ കോടതിയിലേക്ക് പോകാൻ ഒരുങ്ങി പ്രളയ പ്രദേശ കൂട്ടായ്മ രൂപീകരിച്ചിരിക്കുകയാണ് പത്തനംതിട്ട ജില്ലയിലെ നാട്ടുകാർ.

പ്രളയത്തിൽ സർവ നാശം ഉണ്ടായ സ്ഥലങ്ങളിൽ നിന്ന് പോലും ധനസമാഹരണം നടത്താനുള്ള നീക്കത്തിന് എതിരെയാണ് കൂട്ടായ്മ കോടതിയെ സമീപിക്കുന്നത്. പ്രളയവുമായി ബന്ധപ്പെട്ട ഇതര ഹർജികൾക്കൊപ്പം ഇതും പരിഗണിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. പമ്പാ തീരത്തെ പഞ്ചായത്തുകളിൽ എല്ലാം കനത്ത നഷ്ടമാണ് നാട്ടുകാർക്ക് ഉണ്ടായിരിക്കുന്നത്. ഇവർക്ക് ആശ്വാസം.

നൽകേണ്ടതിന് പകരം പണപ്പിരിവിനായി ഗ്രാമസഭകൾ വിളിച്ചു ചേർക്കുകയും കുടുംബശ്രീ അടക്കമുള്ളവരെ കൊണ്ട് ഈ ജോലി ചെയ്യിക്കുന്നതിനും എതിരെയാണ് ഹർജി നൽകുന്നത്. ആറന്മുള, കോഴഞ്ചേരി, അയിരൂർ, ചെറുകോൽ, റാന്നി, തോട്ടപ്പുഴശേരി, കോയിപ്രം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവരാണ് കൂട്ടായ്മയിൽ പങ്കെടുത്തത്. ആറന്മുള ഗ്രാമ പഞ്ചായത്ത് കഴിഞ്ഞ ദിവസം കിടങ്ങന്നൂർ മായാലുമൺ സ്‌കൂളിൽ വിളിച്ചു ചേർത്ത പൊതു ഗ്രാമസഭയിൽ പിരിവിനെതിരേ കക്ഷി രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയർന്നു. എല്ലാം നഷ്ടപ്പെടുകയും ഇതുവരെയും സ്വന്തം വീടുകളിൽ താമസിക്കാൻ പോലും കഴിയാത്തവരിൽ നിന്ന് വരെ ദുരിതാശ്വാസ സഹായം വാങ്ങണമെന്ന നിർദ്ദേശം കനത്ത പ്രതിഷേധത്തിന് കാരണമായി.

ആറന്മുളയിൽ ഇത്തരത്തിൽ സമാഹരണം പാടില്ലെന്ന അഭിപ്രായം യോഗത്തിനു എത്തിയവർ അംഗീകരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ തികഞ്ഞ വീഴ്ച വരുത്തിയ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയും, ദുരിതാശ്വാസ വിതരണത്തിലെ വിവേചനം അവസാനിപ്പിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ വിതരണം പൂർത്തിയാക്കുക, ആധികാരിക രേഖകൾ നഷ്പ്പെട്ടവർക്ക് അവ ലഭ്യമാക്കുന്നതിന് വേണ്ട അദാലത്ത് സംഘടിപ്പിക്കുക, പ്രളയക്കെടുതിയിൽ നാശം സംഭവിച്ച വ്യാപാരികൾക്ക് അർഹമായ പ്രത്യേക ആനുകൂല്യങ്ങൾ നൽകുക, കർഷകരുടെ സഹായം അടിയന്തരമായി വിതരണം ചെയ്യുക, ആരോഗ്യ-ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.

സമീപ പഞ്ചായത്തുകളിൽ ആകട്ടെ ഗ്രാമ സഭകളിൽ ചുരുക്കം പേർ മാത്രമാണ് പങ്കെടുത്തത്. ഇത്തരത്തിൽ ദുരിതാശ്വാസ നിധി സമാഹരണം അനുവദിക്കില്ലെന്ന് പറയുമ്പോഴും റവന്യു,നികുതി അടക്കമുള്ള വകുപ്പുകളിലെ ഉയർന്ന ഉദ്യോഗസ്ഥർ തന്നെ നേരിട്ട് എത്തി പലയിടത്തു നിന്നും പണം പിരിക്കുന്നുണ്ട്. വ്യാപാരികളെയും വ്യവസായികളെയുമാണ് ഇവർ കൂടുതലായും സമീപിക്കുന്നത്. ആറന്മുളയിലും പരിസരങ്ങളിലും നിരവധി സ്ഥാപനങ്ങളിൽ ഇത്തരത്തിൽ പിരിവ് നടത്തി കഴിഞ്ഞു.

ഇതിനിടെ സംസ്ഥാനത്ത് ഉണ്ടായ വെള്ളപ്പൊക്കം സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി ജനറൽ കൺവീനർ പിആർ ഷാജി ഹൈക്കോടതിയിൽ സമർപ്പിച്ച പൊതു താത്പര്യഹർജി ഇന്ന് പരിഗണിക്കും. ചീഫ് സെക്രട്ടറി, ഇലക്ട്രിസിറ്റി ബോർഡ്്, ഡാം സേഫ്ടി അഥോറിറ്റി, വനം വന്യജീവി വകുപ്പ്, ജലസേചന വകുപ്പ് എന്നിവർക്കെതിരെയാണ് ഹർജി.