തിരുവനന്തപും: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കലിൽ വലഞ്ഞ് ജനം. എടിഎമ്മുകൾ പെട്ടെന്ന് കാലിയാകുന്നതിനാൽ എല്ലാവർക്കും പണം ലഭ്യമാകുന്നില്ല. നൂറ് രൂപയുടെ ക്ഷാമമാണ് ഇതിന് കാരണം. ബാങ്കിൽ നിന്ന് 25,000 രൂപവരെ മാറ്റിയെടുക്കാൻ അവസരമുണ്ട്. എന്നാൽ കിട്ടുന്നത് 2000 രൂപയാണ്. അത് ആർക്കും വേണ്ട. ചില്ലറ നൽകാൻ ഇല്ലാത്തതാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ ചെറുകിട കച്ചവടക്കാരെല്ലാം വലയുന്നു. എന്നാൽ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളുപയോഗിച്ച് കച്ചവടം നടത്തുന്ന വൻകിടക്കാർക്ക് ചാകരക്കാലവും. കാർഡുള്ളവരെല്ലാം ഷോപ്പിംഗിന് എത്തുന്നു. ഓൺലൈൻ ഷോപ്പിംഗും ഇരട്ടിയാകുന്നതായാണ് സൂചന. ഇതോടെ ചെറുകിട വ്യാപാരികൾ കടുത്ത പ്രതിസന്ധിയിലുമാകുന്നു.

ഒരുദിവസം ഒരാൾക്ക് 4000 രൂപയുടെ പിൻവലിച്ച നോട്ടുകൾ വാങ്ങാമെന്ന തീരുമാനം തെറ്റായ വ്യാഖ്യാനമാണെന്ന വിശദീകരണവുണമായി ബാങ്കുകൾ രംഗത്ത് എത്തിയിട്ടുണ്ട്. ഡിസംബർ 30 വരെ ഒരാൾക്ക് ഒരു തവണ 4,000 രൂപ വരെ മാത്രമേ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് ബാങ്കുകളിൽ നിന്ന് മാറാനാകൂ എന്നാണ് അവർ പറയുന്നത്. എന്നാൽ ആവശ്യത്തിന് നോട്ട് ഇല്ലാത്തതിനാൽ മിക്ക ബാങ്കുകളും 2000 രൂപവരെ മാത്രമാണ് മാറ്റി നൽകിയത്. ഇത് പ്രതിസന്ധിയുടെ രൂക്ഷതയാണ് വ്യക്തമാക്കുന്നത്. കൈയിലുള്ള 2000 രൂപ എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് സാധാരണക്കാർ.

1000, 500 നോട്ടുകൾ പിൻവലിച്ചശേഷം ആവശ്യത്തിന് മറ്റു നോട്ടുകൾ വിതരണം ചെയ്യാൻ കഴിയാത്തതാണു സ്ഥിതി ഗുരുതരമാക്കുന്നത്. രാജ്യത്ത് വിതരണം ചെയ്തിരുന്ന കറൻസികളിൽ 80 ശതമാനവും അഞ്ഞൂറിന്റേതായിരുന്നു. എന്നാൽ, ഇവ പിൻവലിച്ചശേഷം പകരം കറൻസി എത്തിക്കാൻ കഴിയാത്തതാണു ബാങ്കുകളെയും വലയ്ക്കുന്നത്. ചെറിയ തുകയുടെ നോട്ടുകളുടെ ശേഖരം ഇപ്പോൾ ബാങ്കുകളിലും തീരുന്നു. 2000 രൂപയുടെ നോട്ടുകൾ കൂടുതലായി നൽകിയിട്ടു കാര്യവുമില്ല. ബാങ്കുകളിൽപ്പോലും മാറ്റി നൽകാൻ ആവശ്യത്തിനു നോട്ടില്ല. ഇവ കുറേനാളുകളായി അച്ചടിക്കാത്താണു കാരണമെന്നു ബാങ്ക് അധികൃതർ പറഞ്ഞു.

ഇതിനാൽ നോട്ടു നൽകാൻ ആർ.ബി.ഐ. കടുത്ത നിബന്ധനകളും വച്ചിട്ടുണ്ട്. അതുകൊണ്ട് 1000, 500 നോട്ടുകൾ മാറ്റിയെടുക്കാനെത്തുന്നവർക്ക് 2000 രൂപയുടെ ഒറ്റ നോട്ടാണ് നൽകുന്നത്. കൈയിലുള്ള പണം ബാങ്കിൽ നിക്ഷേപിച്ച് എ.ടി.എം. വഴി മാറ്റിയെടുക്കാമെന്നും ഉറപ്പില്ല. എപ്പോൾ വേണമെങ്കിലും എടിഎമ്മിൽ പണം തീരും. ഇന്നലെയും ബഹുഭൂരിപക്ഷം എ.ടി.എമ്മുകളും പ്രവർത്തിച്ചില്ല. പ്രവർത്തിച്ചവയ്ക്ക് മുന്നിൽ വലിയ ജനക്കൂട്ടമായിരുന്നു. ഇവയിൽ പണം മണിക്കുറുകൾക്കുള്ളിൽ തീർന്നു. എ.ടി.എമ്മിൽ നൂറിന്റെയും അൻപതിന്റെയും നോട്ടു മാത്രമേ നിറയ്ക്കാൻ കഴിയൂ. പരാമവധി നാലുലക്ഷം നോട്ടു നിറയ്ക്കാം. ഫണ്ട് തീർന്നാൽ ബാങ്കുകൾക്ക് സമീപമുള്ളവയിൽ മാത്രമേ നിറയ്ക്കുന്നുള്ളൂ. പുറംകരാർ നൽകിയ എ.ടി.എമ്മുകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. കരാറുകാർക്കു വേണ്ടത്ര ഫണ്ട് എത്തിച്ചുകൊടുക്കാത്തതാണു കാരണം.

സ്വകാര്യ ആശുപത്രിയിൽ ചികിൽസയ്ക്ക് കഴിയുന്നവരാണ് പ്രതിസന്ധിയിലായത്. രോഗം മാറിയിട്ടും വീട്ടിൽ പോകാൻ കഴിയുന്നില്ല. കള്ള നോട്ടുകളെ ചെറുക്കാനായി ആശുപത്രികൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരുന്നു. സ്വകാര്യ ആശുപത്രികൾക്ക് 500, 1000 നോട്ടുകൾ സ്വീകരിക്കാൻ ആവകാശമില്ല. ഇതോടെ ഇവയുമായി എത്തുന്ന രോഗികളെ ആശുപത്രികൾ നിരുൽസാഹപ്പെടുത്തി. പ്രസവം കഴിഞ്ഞ് പണം നൽകാനില്ലാത്തതിനാൽ ആശുപത്രിയിൽ തുടരുന്നവരുമുണ്ട്. കൊല്ലം അഞ്ചൽ അൽ അമാനിലെ സിദ്ദീഖിന്റെ ഭാര്യ അൻഷി ബീഗമാണു ഡിസ്ചാർജ് ചെയ്തിട്ടും വീട്ടിൽ പോകാൻ സാധിക്കാതെ കുടുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ നഗരത്തിലെ ആശുപത്രിയിൽ പ്രസവത്തിനായി കൊണ്ടുവന്നത്. തിങ്കളാഴ്ച പ്രസവം കഴിഞ്ഞ ഇവർ തുടർന്നുള്ള ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോടെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് കാർഡ് നൽകി. ഒപ്പം ബില്ലും. 85,000 രൂപയാണു മൊത്തം ആശുപത്രി ചെലവ്.

ആദ്യം 40,000 രൂപ ഇവർ അഡ്വാൻസ് നൽകിയിരുന്നു ഇതിന്റെ ബാക്കി തുകയായ 45,000 രൂപ അടയ്ക്കാനൊരുങ്ങുമ്പോഴാണ് പ്രശ്‌നമുണ്ടായത്. ഇവരുടെ കൈകളിൽ ഉണ്ടായിരുന്നത് 500, 1000 രൂപ നോട്ടുകളായിരുന്നു. അതിനാൽ ഇവ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ. നിവൃത്തികേടു വ്യക്തമാക്കിയിട്ടും വേറെ പണം നൽകിയാൽ മാത്രമേ ബിൽ സ്വീകരിക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു. അതോടെ അതിനായുള്ള ശ്രമം ഇവർ ആരംഭിച്ചു. അവസാനം 4000 രൂപയോളം ഇങ്ങനെ നൽകി. എടിഎം കാർഡ് ഉണ്ടെങ്കിൽ അത് ഉപയോഗിച്ചു പണം അടയ്ക്കാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചുവെങ്കിലും കാർഡ് ഇല്ലാത്തതു വിനയായി. അങ്ങനെ യുവതി ആശുപത്രിയിൽ തുടരുകയാണ്.

അനുജന്റെ 25-ാം ചരമവാർഷികാചരണത്തിന് 24 വർഷമായി സ്വരുക്കൂട്ടി വന്നിരുന്ന നാണയപ്പെട്ടി അമ്മയുടെ ചികിൽസയ്ക്ക് നോട്ടില്ലാതായതോടെ മകൻ തുറന്നതും നോട്ട് ക്ഷാമത്തിന്റെ തുടർച്ചയായിരുന്നു. പടവരാട് പെരുവാംകുളങ്ങര പുത്തനങ്ങാടി അറയ്ക്കൽ ജോസാണ് അമ്മ മേരിയെ ഡോക്ടറെ കാണിക്കുന്നതിനും മരുന്നു വാങ്ങുന്നതിനും വേണ്ടി നിശ്ചയിച്ചതിനേക്കാൾ ഒരു വർഷം മുമ്പ് നാണയപ്പെട്ടി തുറന്നത്.ഹൃദയാഘാതത്തെ തുടർന്നു ജോസിനു പണം ആവശ്യമായി വന്നപ്പോൾ പോലും അനുജനെ ഓർത്ത് തുറക്കാതിരുന്ന നാണയപ്പെട്ടിയാണു നോട്ട്ക്ഷാമം മൂലം അമ്മയ്ക്കു വേണ്ടി തുറന്നത്. അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാനായി അസാധുവല്ലാത്ത നോട്ടുതേടി ജോസ് ഏറെ അലഞ്ഞു. ഒടുവിൽ ബന്ധുക്കളും സുഹൃത്തുക്കളു ചേർന്ന് പെട്ടിയിലെ നാണയം എണ്ണിയപ്പോൾ ലഭിച്ചത് എഴുപതിനായിരം രൂപയുടെ ചില്ലറയായിരുന്നു.

ജോസിന്റെ അനുജൻ ഫ്രാൻസിസ് (പ്രാഞ്ചി ) 24 വർഷം മുമ്പ് വെള്ളം കോരുന്നതിനിടെ വീട്ടിലെ കിണറ്റിൽ വീണു മരിച്ചിരുന്നു. അനുജന്റെ ആദ്യ ചരമവാർഷികം നാട്ടുകാരെ കൂട്ടി ആചരിക്കാൻ പണമില്ലാതിരുന്നതിനാൽ ജോസിനു സാധിച്ചില്ല. തൃശൂർ ശക്തൻ മാർക്കറ്റിലെ തൊഴിലാളിയായ ജോസ് അന്ന് ഉറച്ച ഒരു തീരുമാനമെടുക്കുകയായിരുന്നു. അനുജന്റെ ഇരുപത്തിയഞ്ചാം ചരമവാർഷികം നാട്ടുകാരെ വിളിച്ചു കൂട്ടി നന്നായി ആചരിക്കണമെന്ന ആഗ്രഹവും ഇതോടെ അസ്ഥാനത്തായി. ഇതിന് സമാനമായ ദുരിതങ്ങൾ തന്നെയാണ് ഏവർക്കും പറയാനുള്ളത്. കടകളിലാണ് ചില്ലറ ഇല്ലാത്തതിന്റെ പ്രതിസന്ധി രൂക്ഷം. 2000 രൂപയുമായി എത്തുന്നവർക്ക് സാധനം കൊടുക്കാൻ പോലും കഴിയുന്നില്ല. പലരും പരിചയമുള്ളവർക്ക് കടമായി സാധനങ്ങൾ കൊടുത്ത് പ്രതിസന്ധിയിലുമായി.

ഹോട്ടലുകളും ചില്ലറിയില്ലാതെ നട്ടം തിരിയുകയാണ്. പുതിയ 500 രൂപ നോട്ടുകൾ എന്നെത്തുമെന്ന് ആർക്കും അറിയുകയുമില്ല. ഇതെല്ലാം പ്രശ്‌ന പരിഹാരത്തിന് എത്ര നാൾ വേണ്ടി വരുമെന്നത് പോലും ഉറപ്പിക്കാനാവാത്ത സ്ഥിതിയുണ്ടാക്കുന്നു.