കണ്ണൂർ: കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി തട്ടിയെടുത്തത് കോടികൾ. കേരളത്തിൽ അങ്ങോളം ഇങ്ങോളമുള്ള 15,000 പേരെ പറ്റിച്ച് കോടികൾ തട്ടി എടുത്തത് തിരുവനന്തപുരം കിളിമാനൂർ മടവൂർ ഷമീർ വില്ലയിൽ ബി.ടി സാമിൻ എന്ന 45കാരനാണ്.

ചുരുങ്ങിയ പലിശയിൽ വായ്പ നല്കാമെന്നു പറഞ്ഞായിരുന്നു ഇയാൾ നാടുനീളെ തട്ടിപ്പ് നടത്തിയത്. കുറച്ചൊന്നുമല്ല, വലയിൽ വീണവരുടെ എണ്ണം. 15000ത്തോളം പേരെ കബളിപ്പിച്ച് കോടികൾ തട്ടിയെടുത്തുവെന്നാണ് പൊലീസിനോട് സമ്മതിച്ചത്. കഴിഞ്ഞദിവസം തട്ടിപ്പുകാരൻ കാസർകോട് ബേഡകം പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഒടുവിൽ രാജൻ എന്നയാളുടെ പരാതിയിലാണ് ഇയാൾ പൊലീസിന്റെ വലയിലായത്. അപ്പോഴേക്കും നിരവധി പേർ ഇയാളുടെ തട്ടിപ്പിന് ഇരയായി കഴിഞ്ഞിരുന്നു.

പണത്തിന് അടിയന്തിരമായി ആവശ്യമുള്ളവരായിരുന്നു സാമിന്റെ തട്ടിപ്പിന് ഇരയായവരിൽ എല്ലാവരും. പത്ര പരസ്യം നൽകിയും സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയുമൊക്കെയായിരുന്നു ഇയാളുടെ തട്ടിപ്പുകൾ നടന്നത്. കുറഞ്ഞ ചെലവിൽ വായ്പ ശരിയാക്കിത്തരാമെന്ന് പറഞ്ഞായിരുന്നു സാമിൻ എല്ലാവരെയും പറ്റിച്ച് പോന്നത്.

കുറഞ്ഞ പലിശ, ഉടൻ പണം
ഇരിട്ടിയിലെ ഒരു വ്യാപാരിയിൽ നിന്നും ഇയാൾ തട്ടിച്ചത് പതിനായിരങ്ങളാണ്. കച്ചവടക്കാരനായ ഇയാൾ തന്റെ കട നവീകരിക്കാനായി പണം കണ്ടെത്താൻ ബുദ്ധിമുട്ടുമ്പോഴാണ് ഫേസ്‌ബുക്കിലെ ബിസിനസുമായി ബന്ധപ്പെട്ട ഒരു ഗ്രൂപ്പിൽ വായ്പയെക്കുറിച്ചൊരു പരസ്യം കണ്ടതും സാമിനുമായി ബന്ധപ്പെടുന്നതും.

ഉടൻ മറുപടി വന്നു. ആവശ്യമായ രേഖകളുടെ പകർപ്പ് ഈ മെയിലായി നൽകണം. അതു കൊടുത്തു. നികുതി വെട്ടിച്ച പണമാണ് തരുന്നതെന്നും അതിന്റെ അവശ്യത്തിന് ടാക്‌സ് തരണമെന്നും പറഞ്ഞ് കുറച്ച് പണം ആവശ്യപ്പെട്ടു. അതു നിർദ്ദേശിച്ച അക്കൗണ്ടിൽ നല്കിയ ശേഷം പിന്നൊരു വിവരവുമില്ല. അതോടെ തട്ടിപ്പാണെന്ന് മനസിലായി. നാണക്കേട് വരുമല്ലോയെന്ന് ഓർത്ത് പരാതി നല്കാൻ തയ്യാറായില്ല. തട്ടിപ്പുകാരൻ ഇത്രയും കാലം വിലസിയതും ഇരകളുടെ ഈ മനോഭാവം കൊണ്ടാണ്.

ബാങ്കിലേക്ക് ചെല്ലൂ എല്ലം ശരിയാക്കയിട്ടുണ്ട്
പത്രപരസ്യം കണ്ട് ബന്ധപ്പെടുന്നവരോട് സാമിന്റെ പെരുമാറ്റം ഗൗരവത്തിലുള്ളതായിരിക്കും. ഇതോടെ ആൾക്കാരുടെ വിശഅവാസവും ലഭിക്കും. പിന്നീട് രേഖകളുടെ ഒറിജിനൽ തന്നെ വേണമെന്ന് പറയും. ഇനി അവ ബാങ്കിലാണ്, കടക്കെണിയിൽ നിന്ന് കരകയറാനാണ് വീണ്ടും വായ്പതേടുന്നതെന്നു പറഞ്ഞാൽ രേഖകളുടെ പകർപ്പ് കിട്ടിയാലും മതിയെന്നാകും. ഇത് അയക്കാനുള്ള ഇ മെയിൽ വിലാസം കൈമാറും. രേഖകൾ കൈമാറിക്കഴിഞ്ഞാൽ പിന്നെ അടുത്തദിവസം ഒരു കോൾ പ്രതീക്ഷിക്കാം.

തൊട്ടടുത്ത ബാങ്കിൽ പോയി മാനേജരെ കണ്ട് വായ്പ ആവശ്യപ്പെടാനാകും നിർദ്ദേശം. വായ്പ ആവശ്യപ്പെട്ട് ആളുകൾ ബാങ്കിലെത്തുമ്പോൾ മാനേജർമാർ അമ്പരക്കും. ഫോണിൽ സാമിനുമായി സംസാരിക്കുന്നതോടെ എല്ലാം ശരിയാകും എന്നു തോന്നും. കാരണം ഇയാൾ ബാങ്ക് മാനേജരോട് സംസാരിക്കും. താൻ ആവശ്യക്കാരന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുന്ന തുക കാഷായി അവർക്ക് കൈമാറാനാകുമോ എന്നു മാത്രമേ ചോദിക്കൂ. ഏതു ബാങ്ക് മാനേജരും തലകുലുക്കി സമ്മതിക്കും. പിന്നെ എങ്ങനെ വിശ്വസിക്കാതിരിക്കും. പണം കൈയിൽ കിട്ടിയപോലെ തന്നെ സന്തോഷിക്കും.

അയ്യോ, ചില നൂലാമാലകൾ
ദിവസങ്ങൾക്കുള്ളിൽ വായ്പ ശരിയാകുമെന്ന പ്രതീക്ഷയിൽ ബാങ്കിൽ നിന്നുമിറങ്ങുന്ന ഇരയെ പിന്നെ സാമിൻ ബന്ധപ്പെടുന്നത് വായ്പാ തുക കൈമാറുന്നതിനുള്ള ചില നൂലാമാലകൾ നീക്കാൻ കുറച്ചു പണമാവശ്യപ്പെട്ടുകൊണ്ടായിരിക്കും. കൈമാറുന്നത് നികുതിയടക്കാത്ത പണമാണെന്നും നികുതിയിനത്തിലും മറ്റും നല്കാനായാണ് കുറച്ചു പണം ആവശ്യപ്പെടുന്നതെന്നും വിശദീകരിക്കും. 10 ലക്ഷത്തിന് 29,000വും ഒരു ലക്ഷത്തിന് 2900 ഒക്കെയാകും ആവശ്യപ്പെടുക. വലിയ തുക വായ്പയായി ലഭിക്കാൻ ഈ ചെറിയ സംഖ്യ തടസമായി നിൽക്കരുതല്ലോ.. ആവശ്യക്കാരൻ എങ്ങനെയെങ്കിലും പണം സംഘടിപ്പിച്ച് നിർദ്ദേശിക്കുന്ന അക്കൗണ്ട് നമ്പറിൽ അങ്ങ് അടയ്ക്കും. പിന്നെയാണ് കളി. വായ്പാ തുക ബാങ്കിലൊട്ട് എത്തുകയുമില്ല, സാമിനെ വിളിച്ചാൽ കിട്ടുകയുമില്ല.

കുടുങ്ങിയത് രാജന്റെ പരാതിയിൽ
കാസർകോട് കുറ്റിക്കോലിലെ രാജന്റെ പരാതിയാണ് തട്ടിപ്പുകാരനെ കുടുക്കിയത്. ചെറിയ പലിശയ്ക്ക് ലോൺ കിട്ടാൻ കൊച്ചിയിലെ കാപിറ്റൽ ഫിനാൻസ്' എന്ന സ്ഥാപനം നടത്തുന്നയാൾ 29,000 രൂപ വാങ്ങിയിട്ട് ലോണുമില്ല, കൈയിലുള്ള പണവുമില്ലാതായ കഥ രാജൻ സുഹൃത്ത് ഉണ്ണിയോട് പറഞ്ഞു. ഇത് അങ്ങനെ വിട്ടാൽ പറ്റില്ലെന്നായി ഉണ്ണി. സുഹൃത്ത് വളരെയേറെ നിർബന്ധിച്ചപ്പോഴാണ് പരാതിയുമായി രാജൻ ബേഡകം പൊലീസിനെ സമീപിച്ചത്.

ഉണ്ണി മുന്നിട്ടിറങ്ങിയപ്പോൾ സാമിൻ കുടുങ്ങി
സുഹൃത്ത് രാജനെ പറ്റിച്ച വിരുതനെ പിടിക്കണമെന്ന് ഉണ്ണിയുടെ ഒറ്റവാശിയാണ് സാമിനെ കുടുക്കിയത്. ലോൺ ആവശ്യപ്പെട്ട് ഉണ്ണി സാമിനെ ബന്ധപ്പെടുകയും വിവരങ്ങൾ യഥാസമയം പൊലീസിന് കൈമാറുകയുമായിരുന്നു. തുടർന്ന് വിളിക്കുന്ന നമ്പറിന്റെ ടവർ ലൊക്കേഷൻ മനസ്സിലാക്കിയാണ് പൊലീസ് പ്രതിക്കരികിലെത്തുന്നത്. കഴിഞ്ഞദിവസം ചടയമംഗലത്തെ ലോഡ്ജിൽ നിന്നാണ് തട്ടിപ്പുവീരനെ പൊലീസ് പൊക്കിയത്.

ലഹരിക്കടിമയായതോടെ എത്ര കിട്ടിയാലും തികയാതായി
വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു അപകടത്തിൽ സാമിനിന്റെ തലയിലെ ഞരമ്പുകൾക്ക് പരിക്കേറ്റിരുന്നു. ഇതേ തുടർന്ന് വേദനയ്ക്ക് പരിഹാരമായി ചില മരുന്ന് ഉപയോഗിച്ച് ശീലിച്ച ഇയാൾ പെത്തലിൻ പോലെയുള്ള ഇൻജക്ഷന്റെ അടിമയായി മാറുകയും പണത്തിനായി തട്ടിപ്പുകൾ ആരംഭിക്കുകയായിരുന്നു. മൂന്ന് ദിവസത്തിലൊരിക്കൽ 15,000 രൂപയുടെ മരുന്നായിരുന്നു ഇയാൾ ലഹരിക്കായി ഉപയോഗിച്ചത്. ഈ തുക കണ്ടെത്താനാണത്രേ തട്ടിപ്പ് ആരംഭിച്ചത്.

തിരുവനന്തപുരത്തെ സാമ്പത്തിക ഭദ്രതയുള്ള ഒരു കുടുംബത്തിലെ അംഗമാണ് സാമിൻ. അച്ഛനും അമ്മയ്ക്കും ഗൾഫിൽ മികച്ച ജോലി ഉണ്ടായിരുന്നു. ബന്ധുക്കളിൽ നിന്നകന്ന് ഏകാന്ത ജീവിതം നയിച്ച് വരികയായിരുന്നു. തട്ടിപ്പുകൾ ആരംഭിച്ചിട്ട് എട്ട് വർഷത്തോളമായെന്നും പൊലീസ് പറയുന്നു. കാസർകോട് ജില്ലയിലെ കുറ്റിക്കോലിൽ മാത്രം എട്ട് പേരെയാണ് പറ്റിച്ചത്.

ഇാൾക്ക് തിരുവനന്തപുരത്തും എറണാകുളത്തും ലോഡ്ജും സ്ഥലവും സ്വന്തമായി ഉണ്ടെന്ന് അവകാശപ്പെടുന്നു. ഇത് തട്ടിപ്പിലൂടെ സമ്പാദിച്ചതാണെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ കേസുണ്ടെന്നും പൊലീസിന് മനസിലായി.

മറ്റുജില്ലകളിലെ തട്ടിപ്പിനെ കുറിച്ചും പൊലീസ് അന്വേഷിച്ചുവരികയാണ്. ബേഡകം എസ്.ഐ ടി. ദാമോദരൻ, എഎസ്ഐ സെബാസ്റ്റ്യൻ, സിവിൽ പൊലീസ് ഓഫീസർ അജയൻ, സൈബർ സെല്ലിലെ അജേഷ്, വിജേഷ്, ഹരിപ്രസാദ്, സവാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഒരു ഓട്ടോക്കാരന്റെ സഹായത്തോടെയാണ് പൊലീസ് ലോഡ്ജിൽ എത്തിയത്.