- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
1000 കോടിയുടെ കടമെടുത്തിട്ടും രക്ഷയില്ല; ഇനി 3000 കോടി കൂടി എടുക്കും; ഓണച്ചെലവുകൾക്കായി കൂടുതൽ പണം അനിവാര്യമെന്ന തിരിച്ചറിവിൽ കടപ്പത്രം ഇറക്കൽ; കെ എസ് ആർ ടി സിക്ക് പണം കൊടുക്കുന്നതിലും തീരുമാനം വൈകുന്നു; കാണം വിറ്റും ഓണമുണ്ണാൻ കേരളം; വൻ സാമ്പത്തിക പ്രതിസന്ധിക്ക് തെളിവായി പുതിയ കടമെടുക്കൽ
തിരുവനന്തപുരം: കാണം വിറ്റും ഓണമുണ്ണാൻ കേരളം. ഓണച്ചെലവുകൾക്കായി 3,000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച 1,000 കോടി രൂപ കടമെടുത്തതിനു പുറമേയാണിത്. സർക്കാർ ജീവനക്കാർക്കു ബോണസും ക്ഷേമപെൻഷൻകാർക്ക് 2 മാസത്തെ പെൻഷനും നൽകാനാണ് കടമെടുക്കുന്ന തുക മുഖ്യമായും ഉപയോഗിക്കുന്നത്. കടമെടുപ്പു ലേലം 29ന് റിസർവ് ബാങ്കിൽ നടക്കും.
.ശമ്പളം, പെൻഷൻ, മറ്റു സാധാരണ ചെലവുകൾ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് നിഗമനം. പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്. സർക്കാർ ജീവനക്കാർക്കുള്ള ബോണസ്,ഉത്സവബത്ത,അഡ്വാൻസ് തുടങ്ങിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവ്.
രണ്ട് മാസത്തെ ക്ഷേമ പെൻഷനും സെപ്റ്റംബർ ആദ്യം വിതരണം ചെയ്യാനാണ് തീരുമാനം. 3,200 രൂപ വെച്ച് 52 ലക്ഷത്തോളം പേർക്ക് പെൻഷൻ നൽകാൻ 1,800 കോടി രൂപയോളം വേണ്ടി വരും. ഇതുംകൂടെ വരുമ്പോൾ ഇത്തവണ 8,000 കോടി രൂപയെങ്കിലും ഖജനാവിൽ വേണം. 1000 കോടി രൂപ കടമെടുത്താൽ ഓണച്ചെലവ് നടന്നുപോകുമെന്നായിരുന്നു ആദ്യ നിലപാട്. പിന്നീട് കൂടുതൽ വേണമെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് മൂവായിരം കോടികൂടി കടമെടുക്കുന്നത്.
കെഎസ്ആർടിസിക്ക് 103 കോടി രൂപ നൽകണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എന്തു നടപടി കൈക്കൊള്ളണമെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടില്ല. വിധി പഠിച്ച ശേഷമാകും തീരുമാനമെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ബജറ്റിൽ പ്രഖ്യാപിച്ച് ധനബിൽ പാസാക്കിയാണ് ധനവകുപ്പ് മറ്റു വകുപ്പുകൾക്കു പണം നൽകുന്നത്. ഇതിൽനിന്നു വിഭിന്നമായി വകുപ്പുകൾക്കു പണം നൽകുന്ന കാര്യത്തിൽ കോടതി ഇടപെടുന്നതിൽ സർക്കാരിന് അതൃപ്തിയുണ്ട്. എന്നാൽ, വിധിക്കെതിരെ അപ്പീൽ പോകുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തിരിച്ചടി ഭയന്നാണ് ഇത്.
സർക്കാർ ജീവനക്കാർക്ക് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ബോണസ് കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ നൽകാൻ കഴിയാത്തസ്ഥിതിയാണ്. കഴിഞ്ഞവർഷം നാലായിരം രൂപയാണ് ബോണസ് നൽകിയത്. അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. 15,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ട ഉത്സവ അഡ്വാൻസായി നൽകിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങൾ.
കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതിനാൽ ഇക്കാര്യത്തിൽ പിശുക്ക് കാണിക്കാതെ ധനവകുപ്പിന് മുന്നോട്ട് പോകാനാകില്ല. സർക്കാർ ജീവനക്കാർക്ക് ബോണസ് തുക എത്ര നൽകണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെ.എസ്.ആർ.ടി.സിയാണ് സർക്കാരിന് മുന്നിലെ വലിയ പ്രതിസന്ധി.ധനവകുപ്പിൽ നിന്ന് കൂടുതൽ തുക അടിയന്തരമായി നൽകേണ്ടി വരും.
സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണമില്ലാത്തതിനാൽ ഇതും ബജറ്റിൽ നിന്ന് തന്നെ നൽകേണ്ടിവരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം നീക്കിവെക്കണമെന്നതും സർക്കാരിന് വെല്ലിവിളിയാണ്. അതേസമയം ഇത്തവണ ഡിസംബർവരെ 17,936 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നൽകിയിട്ടുള്ളത്.
വികസന പദ്ധതികൾക്ക് കിഫ്ബിയും ക്ഷേമപെൻഷൻ കൊടുക്കുന്നതിനായി പെൻഷൻ കമ്പനിയും എടുക്കുന്ന കടവും ഈ പരിധിക്കകത്തു വരും. അതിനാൽ പരമാവധി തുക മറ്റു മാർഗങ്ങളിലൂടെ മിച്ചം വച്ചതിനുശേഷം അവശേഷിക്കുന്നതു മാത്രം വായ്പയെടുത്താൽ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സർക്കാർ അഭിമുഖീകരിക്കാൻ പോകുന്നത്. വരാനിരിക്കുന്ന വർഷങ്ങൾ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണു സൂചന. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുന്നതാണ് ഒരു കാരണം. കടമെടുക്കുന്നതിനും കൂടുതൽ നിയന്ത്രണം വരും. ഇപ്പോൾത്തന്നെ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും അതിന് അനുകൂലമല്ല. ആഭ്യന്തര നികുതി സമാഹരണ സാധ്യതകൾക്കും വെല്ലുവിളികളും പരിമിതികളുമുണ്ട്.
ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ചെലവുകളെക്കുറിച്ച് കൂടുതൽ യുക്തിസഹമായി ചിന്തിക്കുകയാണു വേണ്ടതെന്ന അഭിപ്രായം ശക്തമാണ്. എന്നാൽ ഓണക്കാലത്ത് പാവങ്ങൾക്ക് കിറ്റ് നൽകുമ്പോൾ മുഖ്യമന്ത്രി 30 ലക്ഷത്തിന്റെ കിയാ കാറാണ് സ്വന്തമാക്കിയത്. ഇത്തരം കാറു വാങ്ങലും മറ്റും പ്രതിസന്ധി കൂട്ടുന്നു. മന്ത്രിമാർക്ക് പുതിയ കാർ വാങ്ങുന്നതും കടമെടുത്താണ്. കേന്ദ്ര സർക്കാർ മറ്റു സംസ്ഥാനങ്ങളേക്കാൾ കൂടുതൽ ഉദാരമായ സമീപനമാണ് കേരളത്തോടു കാണിച്ചതെന്നതാണ് വസ്തുത.
എന്നാൽ അതനുസരിച്ച് നമ്മുടെ നികുതി വരുമാനം ഉയർത്താൻ നമുക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല റവന്യു ചെലവ് നിയന്ത്രണമില്ലാതെ വർധിക്കുകയായിരുന്നു. ഈ നിലപാടുമായി ഇനിയും മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
മറുനാടന് മലയാളി ബ്യൂറോ