- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ബാങ്കുകൾ ഇതര സഹകരണ സംഘങ്ങളിൽ ഓഹരി കൈവശം വയ്ക്കുന്നതു സംബന്ധിച്ച വ്യവസ്ഥ പോലും അറിയില്ല; ബുള്ളറ്റ് തിരിച്ചടവ് രീതിയിൽ അനുവദിക്കാവുന്ന സ്വർണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന നിർദ്ദേശം പാലിച്ചില്ല; ആർബിഐയുടെ 48 ലക്ഷം പിഴ ചർച്ചയാക്കുന്നത് കെടുകാര്യസ്ഥത; കേരളാ ബാങ്ക് നാണക്കേടാകുമ്പോൾ
ന്യൂഡൽഹി: കേരള ബാങ്കിനു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 48 ലക്ഷം രൂപ പിഴ ചുമത്തുമ്പോൾ ചർച്ചയാകുന്നത് പ്രൊഫഷണലിസത്തിന്റെ അഭാവം. 1949ലെ ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 19ാം വകുപ്പ്, ബുള്ളറ്റ് റീപേപെയ്‌മെന്റ് (വായ്പ കാലാവധിയുടെ അവസാനം പലിശയും മുതലും അടയ്ക്കുന്ന രീതി) വ്യവസ്ഥയിൽ നൽകുന്ന സ്വർണ വായ്പകൾ സംബന്ധിച്ച ചട്ടം എന്നിവ പാലിക്കാതിരുന്നതിനാണു നടപടി. ചട്ടങ്ങൾ അറിയാവുന്നവർക്ക് കേരളാ ബാങ്കിൽ പ്രവർത്തന സ്വാതന്ത്ര്യമില്ല. ഇപ്പോഴും സഹകരണ സ്ഥാപന രീതിയിൽ രാഷ്ട്രീയമാണ് എല്ലാം നിശ്ചയിക്കുന്നത്. ഇത് വ്യക്തമാക്കുന്നതാണ് പുതിയ പിഴ.
നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡവലപ്‌മെന്റ് (നബാർഡ്) നടത്തിയ പരിശോധനയിലാണു വീഴ്ചകൾ കണ്ടെത്തിയത്. സഹകരണ ബാങ്കുകൾ ഇതര സഹകരണ സംഘങ്ങളിൽ ഓഹരി കൈവശം വയ്ക്കുന്നതു സംബന്ധിച്ച വ്യവസ്ഥകളിൽ (19ാം വകുപ്പ്) വീഴ്ചയുണ്ടായതായി ആർബിഐ ചൂണ്ടിക്കാട്ടി. ബുള്ളറ്റ് തിരിച്ചടവ് രീതിയിൽ അനുവദിക്കാവുന്ന സ്വർണ വായ്പകളുടെ അളവ് പരിമിതപ്പെടുത്തുന്ന ആർബിഐ നിർദ്ദേശങ്ങൾ പാലിക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു. ആർബിഐ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. കേരള ബാങ്കിന്റെ മറുപടി കൂടി കേട്ട ശേഷമാണു പിഴ വിധിച്ചത്. നാഥനില്ലാ കളരിയാണ് ഇപ്പോൾ കേരളാ ബാങ്ക്. തലവൻ ഇല്ലാത്ത അവസ്ഥ. ഇതിനൊപ്പമാണ് പിഴയുൾപ്പെടെ നൽകേണ്ടി വരുന്നത്.
കേരള ബാങ്കിൽ അസാധാരണ പ്രതിസന്ധിയാണുള്ളത്. ബാങ്കിന്റെ നാഥനായ ചീഫ് എക്‌സിക്യട്ടൂവ് ഓഫീസർ അവധിയിലാണ്. ഒരു ഷെഢ്യൂൾ ബാങ്കായി ഉയർന്നെങ്കിലും സംവിധാനത്തിലും മറ്റു കാര്യങ്ങളിലും ബാലാരിഷ്ടത മാറാത്ത ഒരു സഹകരണ ബാങ്കു തന്നെയാണ് കേരള ബാങ്ക്. ഇതാണ് സി ഇ ഒ യ്ക്ക് ബാങ്കിൽ തുടരാൻ താല്പര്യമില്ലാത്തതിന് കാരണം. അദ്ദേഹം രാജി സന്നദ്ധത അറിയിച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണിയെ നേരിൽ കണ്ടിരുന്നു. എന്നാൽ പുതിയ ആളു വരുന്നത് വരെ തുടരാനായിരുന്നു നിർദ്ദേശം. 2019 നവംബറിൽ കേരള ബാങ്കിനെ നമ്പർ വൺ ആക്കാനാണ് പി എസ് രാജൻ എത്തുന്നത്. പൊതു മേഖലാ ബാങ്കിൽ മൂന്ന് പതിറ്റാണ്ടിലേറെ പരിചയമുള്ള രാജനെ കേരള ബാങ്കിൽ എത്തിച്ചത് തന്നെ അന്നത്തെ സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ വിഷന്റെ കൂടി ഭാഗമായിരുന്നു.
യൂണിയൻ ബാങ്കിന്റെ ജനറൽ മാനേജർ സ്ഥാനത്തു നിന്നും എത്തിയ രാജൻ മുൻഗണന വായ്പ, വായ്പ നയം, ഇൻഫർമേഷൻ ടെക്‌നോളജി, ഇങ്ങനെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധൻ കൂടിയായിരുന്നു. എന്നാൽ കേരള ബാങ്കിൽ എത്തിയ അദ്ദേഹത്തെ ആദ്യം നേരിട്ടത് യൂണിയനുകാർ തന്നെയായിരുന്നു. ഭരണ സൗകര്യത്തിനും മികച്ച മുന്നേറ്റത്തിനും അദ്ദേഹം കൊണ്ടു വന്ന പരിഷ്‌ക്കാരങ്ങൾ അട്ടിമറിച്ചു. സ്ഥലം മാറ്റ ഉത്തരവുകൾ മരവിപ്പിച്ചു. വിരമിച്ച പ്രതിഭകളായ ഉദ്യോഗസ്ഥരെ നിർണായക സ്ഥാനങ്ങളിൽ എത്തിക്കാൻ അദ്ദേഹം നടത്തിയ നീക്കവും ഫലം കണ്ടില്ല. ഒടുവിൽ യൂണിയനോടും ഹെഡ് ഓഫീസിലെ ലോബികളോടും തോറ്റ ശേഷമാണ് പി എസ് രാജൻ പടി ഇറങ്ങാൻ തീരുമാനിച്ചത്.
പുതിയ ആളു വരുന്നത് വരെ തുടരണമെന്ന നിർദ്ദേശം പാലച്ചാണ് അദ്ദേഹം തുടർന്നത്. എന്നാൽ അവധിയിൽ പോയ അദ്ദേഹം യു കെ യിലേക്ക് പോകുകയും ചെയ്തു. കഴിഞ്ഞ ഫെബ്രുവരിയിൽ പുതിയ സി ഇ ഒയെ നിയിമക്കാൻ നടത്തിയ നോട്ടിഫിക്കേഷൻ അനുസരിച്ച് മികച്ച ആരെയും കിട്ടിയിട്ടില്ല എന്നാണ് വിവരം. ഇവിടെ പ്രശ്നങ്ങൾ കാരണം ദേശസാൽകൃത ബാങ്കളിൽ ഉന്നത തസ്തികകളിൽ ഇരുന്ന പലരും ഇങ്ങോട്ടു വരാൻ താൽപര്യം കാട്ടിയിട്ടില്ല. കേരള ബാങ്കിന്റെ നിലവിലെ സ്ഥിതി മനസിലാക്കി പലരും വരാൻ മടിക്കുകയാണ്.
രൂപീകരിച്ചയിടത്തു തന്നെ നിൽക്കുന്നതല്ലാതെ ഒരു മുന്നേറ്റവും ഉണ്ടാക്കാൻ കേരള ബാങ്കിന് ആയിട്ടില്ല. മാത്രമല്ല വായ്പ മുടങ്ങുന്നവരെ ന്യൂ ജെൻ ബാങ്കുകളെ പോലെ വിരട്ടുന്ന ശീലവും കൂടി വരുന്നു.
മറുനാടന് മലയാളി ബ്യൂറോ