- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമതുള്ള ജർമനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും; ചൈനയിലേക്കുള്ള നിക്ഷേപ തോത് കുറഞ്ഞതും കരുത്താകും; ഐഫോൺ 14 മോഡലിന്റെ ഉൽപാദനം ഇന്ത്യയിലേക്കു ആപ്പിൾ കൊണ്ടു വരുന്നതും ശുഭപ്രതീക്ഷ; 2029ൽ ആദ്യ മൂന്നിൽ എത്തുമെന്ന് റിപ്പോർട്ട്; പ്രതിസന്ധികളുടെ സാമ്പത്തിക ശാസ്ത്രത്തെ സുവർണ്ണാവസരമാക്കി ഇന്ത്യ മാറ്റുമ്പോൾ
ന്യൂഡൽഹി: ആദ്യ അഞ്ചിൽ കയറി കഴിഞ്ഞു. ഇനി ലക്ഷ്യം ആദ്യ മൂന്നിൽ എത്തുക. 2029ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നാണ് പ്രതീക്ഷ. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ഇന്ത്യയുടെ സാമ്പത്തിക കുതിപ്പിന് തെളിവാണ്.
ഈ സാമ്പത്തികവർഷം ലോകത്ത് ഏറ്റവും വേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പറയുന്നത്. ആദ്യപാദ കണക്കനുസരിച്ചാണ് ഈ നിഗമനം. 6.7%-7.7% വളർച്ചയാണ് ഈ സാമ്പത്തികവർഷം പ്രതീക്ഷിക്കുന്നത്. അനിശ്ചിതത്വം നിറഞ്ഞ കാലത്ത് 6-6.5% വളർച്ചയെന്നതാണ് പുതിയ ക്രമമെന്നും എസ്‌ബിഐ റിസർച്ച് പറയുന്നു. അതായത് കോവിഡിനേയും മറ്റ് പ്രതിസന്ധികളേയും ഇന്ത്യ അതിജീവിക്കുന്നു.
ഇന്ധന വില വർദ്ധനവ് ഇന്ത്യയെ തളർത്തുമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് അപ്രതീക്ഷിത കുതിപ്പിന്റെ വാർത്തകളെത്തുന്നത്. മോദി സർക്കാരിന്റെ തിളക്കം കൂട്ടുന്നതാണ് ഇതെല്ലാം. ഇന്ധന വിലയിലെ പേരു ദോഷം ഇത്തരം റിപ്പോർട്ടുകളിലൂടെ മാറ്റാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. കൂടുതൽ വിദേശ നിക്ഷേപം എത്തുമ്പോൾ സമ്പദ് വ്യവസ്ഥ കരുത്തുള്ളതാകും. ഇതിനുള്ള ശ്രമമാകും രാജ്യം നടത്തുക.
നിലവിൽ യുഎസ്, ചൈന, ജപ്പാൻ, ജർമനി എന്നിവയ്ക്കു പിന്നിൽ അഞ്ചാമതാണ് ഇന്ത്യ. നാലാമതുള്ള ജർമനിയെ 2027ലും മൂന്നാമതുള്ള ജപ്പാനെ 2029ലും ഇന്ത്യ മറികടക്കും. സമ്പദ്‌വ്യവസ്ഥയിൽ ആറാം സ്ഥാനത്തായിരുന്ന ഇന്ത്യ, ബ്രിട്ടനെ മറികടന്ന് അഞ്ചാമതെത്തിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ. എന്നാൽ ഇന്ത്യ അഞ്ചാമനായത് പുതിയ സംഭവമല്ലെന്നും 2021 ഡിസംബറിൽ തന്നെ ഇതുസംഭവിച്ചുവെന്നുമുള്ള നിരീക്ഷണവും റിപ്പോർട്ടിലുണ്ട്.
ചൈനയിലേക്കുള്ള നിക്ഷേപങ്ങളുടെ തോത് കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാകും. ഐഫോൺ 14 മോഡലിന്റെ ഉൽപാദനം ഇന്ത്യയിലേക്കു കൂടി കൊണ്ടുവരാനുള്ള നീക്കവും പരാമർശിക്കപ്പെടുന്നു. ഇന്ത്യയുടെ കരുത്തിലുള്ള ശുഭാപ്തിവിശ്വാസത്തിനുള്ള സാക്ഷ്യമാണിതെന്നും വിശദീകരിക്കുന്നു. ആപ്പിളിന്റെ ഈ നീക്കം ഒട്ടേറെ കമ്പനികൾ ഇന്ത്യയിലേക്ക് വരാൻ വഴിയൊരുക്കും. ഈ സാമ്പത്തികവർഷത്തിലെ ആദ്യ പാദത്തിൽ 13.5% വളർച്ചയാണ് ഇന്ത്യ നേടിയത്. ചൈനയുടെ വളർച്ചയാകട്ടെ 0.4 ശതമാനവും.
2 വർഷത്തിനുള്ളിൽ 5 ലക്ഷം കോടി ഡോളർ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥ, അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ എന്നീ ഇരട്ട നാഴികക്കല്ലുകൾ മറികടക്കുന്നത് അഭിമാനമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75-ാം വർഷത്തിൽ ഇന്ത്യ ബ്രിട്ടനെ മറികടന്നത് യാദൃശ്ചികമാവാം. തകർച്ചയിലായ സമ്പദ്‌വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാൻ ഇംഗ്ലണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്നും അനുരാഗ് ചൂണ്ടിക്കാട്ടി. പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന തരത്തിലേക്ക് ജീവിതച്ചെലവ് ഉയരുന്നതിനു പണപ്പെരുപ്പം കാരണമായെന്നും അനുരാഗ് പറഞ്ഞു.
തകർച്ചയിലായ സമ്പദ് വ്യവസ്ഥയെയും കുതിച്ചുയരുന്ന പണപ്പെരുപ്പത്തെയും അതിജീവിക്കാൻ ഇംഗ്ളണ്ട് പാടുപെടുന്ന സമയത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെ, യൂറോപ്പ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരിക്കലും മുൻകൂട്ടി കാണാൻ കഴിയാതിരുന്ന തരത്തിലേക്ക് ജീവിതച്ചെലവ് ഉയരുന്നതിന് പണപ്പെരുപ്പം കാരണമായി. ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ നിരന്തരം വിമർശിക്കുന്ന സാമ്പത്തിക വിദഗ്ദ്ധർ ബ്രിട്ടന്റെ, തീർച്ചയായും പാശ്ചാത്യരുടെ, ദുരിതങ്ങളുടെ ഭൂരിഭാഗവും മുൻകൂട്ടി കാണുന്നതിൽ പരാജയപ്പെട്ടതിൽ അസ്വസ്ഥരാണ്.
2023 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജി.ഡി.പിയുടെ കാര്യത്തിൽ ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറി. ക്രയശേഷിയെ അടിസ്ഥാനപ്പെടുത്തിയാണെങ്കിൽ ഇന്ത്യയുടെ ജി.ഡി.പി അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുപിന്നിൽ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും. ലഭ്യമായ എല്ലാ സൂചികകളും പ്രവചനങ്ങളും സൂചിപ്പിക്കുന്നത് മറ്റുള്ളവരുടെ ജി.ഡി.പി നിശ്ചലമാകുകയോ കുറയുകയോ ചെയ്യുമെങ്കിലും, ഇന്ത്യയുടേത് ഇനിയും ഉയരും എന്നാണ്.
അതിനർത്ഥം ഇന്ത്യ അതിന്റെ സാമ്പത്തിക മുന്നേറ്റം നിലനിർത്തുകയും നിലവിലുള്ള പോരായ്മകൾ നികത്തുന്നതിനുള്ള വേഗത വർധിപ്പിക്കുകയും ചെയ്യുമെന്നാണ്. തുടർച്ചയായ രണ്ട് കോവിഡ് 19 മഹാമാരി വർഷങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചു. അവ ആഗോളതലത്തിലും സമ്പദ് വ്യവസ്ഥകളെ ബാധിച്ചു. എന്നാൽ ഇന്ത്യ ഈ പ്രതികൂല സാഹചര്യങ്ങൾ അവസരങ്ങളാക്കി മാറ്റിയെന്നതാണ് വസ്തുത.
ഇന്ത്യൻ തുണിത്തരങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയാണ് ഉണ്ടായിരിക്കുന്നത്. മുൻകാല കയറ്റുമതി റെക്കോഡുകൾ മറികടന്ന് ഈ വർഷം ആഗോളവ്യാപാരം 50 ലക്ഷം കോടി രൂപയിലെത്തി. ചരക്ക് കയറ്റുമതി 31 ലക്ഷം കോടി രൂപ കവിഞ്ഞു. ഒരു കാലത്ത് പിഎൽ 480 ന്റെ കാരുണ്യത്തിൽ ജീവിച്ചിരുന്ന ഒരു രാജ്യം ഇന്ന് ലോകത്തിന് ഭക്ഷണം കയറ്റുമതി ചെയ്യുകയാണ്. രാജ്യത്ത് 100 ബില്യൺ ഡോളറിലധികം ടേണോവറുള്ള കമ്പനികൾ സൃഷ്ടിക്കപ്പെടുകയും ഓരോ മാസവും പുതിയ കമ്പനികൾ ചേർക്കപ്പെടുകയും ചെയ്തുവെന്നത് പ്രധാന നേട്ടങ്ങളിലൊന്നാണ്.
കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ സൃഷ്ടിക്കപ്പെട്ട യൂണികോണുകളുടെ മൂല്യം 12 ലക്ഷം കോടി രൂപയാണ്. ഏതാനും നൂറുകളിൽനിന്ന് ഇന്ത്യയുടെ സ്റ്റാർട്ടപ്പുകൾ 70,000 ആയി വളർന്നു. സ്റ്റാർട്ടപ്പുകളിൽ 50 ശതമാനവും രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലാണ്. ഡിജിറ്റൽ ഇന്ത്യ വിപ്ളവത്തിന്റെ ഫലമായാണ് ഇതു സാധ്യമായത്. 2014 ൽ ഇന്ത്യയിൽ 6.5 കോടി ബ്രോഡ്ബാൻഡ് വരിക്കാരുണ്ടായിരുന്നു. ഇന്ന് 78 കോടിയിലധികം വരിക്കാരുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ