ന്യൂഡൽഹി: നോട്ട് നിരോധനം എല്ലാ അർത്ഥത്തിലും പാളി. നോട്ടു നിരോധനത്തിന്റെ പ്രധാന ഉദേശം പോലും നടന്നില്ലെന്നതാണ് വസ്തുത. നോട്ട് നിരോധനത്തിന് ആറു വർഷങ്ങളാകുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ട് ഉപയോഗത്തിന് കുറവില്ലെന്നാണ് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്ക് അനുസരിച്ച് 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകൾ ജനങ്ങളുടെ കൈവശം ഉണ്ട്. കറൻസി വിനിയോഗം കുറവുള്ള സമ്പദ്വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനായിരുന്നു നോട്ട് നിരോധനം. എന്നാൽ ഇപ്പോഴും നോട്ടുകളോട് തന്നെയാണ് ഇന്ത്യാക്കാരുടെ പ്രണയം.

അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കാൻ എന്ന പേരിൽ 2016 നവംബർ 8ന് ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ചത്. 2016 നവംബർ 4 വരെയുള്ള കണക്ക് അനുസരിച്ച് ഉണ്ടായിരുന്നതിനേക്കാൾ 71.84% അധികം പണമാണ് കറൻസിയായി ജനങ്ങൾക്കിടയിൽ ഇപ്പോഴുള്ളത്. ആർബിഐ വെള്ളിയാഴ്ച പുറത്തുവിട്ട കണക്കിൽ ഒക്ടോബർ 21 വരെ 30.88 ലക്ഷം കോടി രൂപ കറൻസിയായി ജനങ്ങളുടെ കൈവശം ഉണ്ടെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. 2016 നവംബർ 4ലെ കണക്ക് അനുസരിച്ച് 17.7 ലക്ഷം കോടി രൂപയുടെ കറൻസിയായിരുന്നു ജനങ്ങളുടെ കൈവശം ഉണ്ടായിരുന്നത്. അതായത് നോട്ട് കുറയുന്നില്ലെന്ന് സാരം.

ഡിജിറ്റൽ ഇടപാടുകൾ നോട്ട് നിരോധനം പ്രോത്സാഹിപ്പിച്ചുവെന്ന കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്ന് ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം ദീപാവലി നാളുകളിൽ രാജ്യത്ത് കറൻസി പ്രചാരം കുറഞ്ഞതായി നേരത്തെ എസ്‌ബിഐയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ദീപാവലി ആഴ്ചയിൽ കറൻസി പ്രചാരം 7,600 കോടി രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. 2020ൽ 43,800 കോടി രൂപയുടെയും 2021ൽ 44,000 കോടി രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്.

ഡിജിറ്റൽ ഇടപാടുകൾക്ക് പ്രിയമേറിയതാണ് കറൻസി പ്രചാരം കുറയാൻ കാരണമെന്നും എസ്‌ബിഐ റിപ്പോർട്ടിൽ വിലയിരുത്തിയിരുന്നു. എന്നാൽ രാജ്യത്തെ കറൻസി പ്രിയത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന വിലയിരുത്തലാണ് ആർബിഐയുടെ കണക്കുകൾ മുന്നോട്ടുവയ്ക്കുന്നത്. 2016ലെ നോട്ട് നിരോധനം പരിശോധിക്കുമെന്ന് സുപ്രീം കോടതി ദിവസങ്ങൾക്ക് മുമ്പ് വ്യക്തമാക്കിയിരുന്നു. സർക്കാരിന്റെ നയതീരുമാനങ്ങളിൽ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാൽ അതിനുള്ളിൽനിന്ന് കാര്യങ്ങൾ പരിശോധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് എസ്.എ. നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

2016 നവംബർ 8നു രാത്രി 8 മണിക്കാണ് 500, 1000 എന്നീ കറൻസീ നോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരോധിച്ചത്. രാത്രി 12 മണി മുതൽ നിരോധനം പ്രാബല്യത്തിലായി. കള്ളപ്പണക്കാർക്ക് വമ്പൻ പ്രഹരമായിരുന്നു ഈ സർപ്രൈസ് പ്രഖ്യാപനത്തിന്റെ പിന്നിലുണ്ടായിരുന്ന ലക്ഷ്യം. 4 മണിക്കൂർകൊണ്ട് വമ്പൻ കള്ളപ്പണക്കാർക്ക് ഒന്നും ചെയ്യാനാവില്ലെന്ന കണക്കുകൂട്ടൽ. എന്നാൽ ഒരു സൂചന പോലും നൽകാതെ പെട്ടെന്നുണ്ടായ പ്രഖ്യാപനം രാജ്യത്തെ ജനങ്ങളെയും ബാധിച്ചു.

2017 ഓഗസ്റ്റിൽ, അച്ചടിച്ചതിന്റെ 99 ശതമാനത്തിലേറെ 500, 1000 നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കണക്കുകൾ പുറത്തുവിട്ടു. റിസർവ് ബാങ്ക് ഇറക്കിയ 15.41 ലക്ഷം കോടിയുടെ മൂല്യമുള്ള 1000, 500 നോട്ടുകളിൽ 15.31 ലക്ഷം കോടിയും തിരിച്ച് ബാങ്കുകളിലെത്തി. ഇതോടെ കള്ളപ്പണമെവിടെയെന്ന ചോദ്യം രാജ്യത്താകെ ഉയർന്നു. വിപണിയിൽനിന്ന് 85% പണവും ഒറ്റയടിക്കു നഷ്ടപ്പെട്ടത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചിരുന്നു.