ന്നലെ ഒരൊറ്റ ദിവസം കൊണ്ട് ആപ്പിളിന്റെ മൂല്യത്തിൽ ഉണ്ടായ വർദ്ധനവ് 191 ബില്യൺ ഡോളറിന്റെത്. ഓഹരി മൂല്യം 8.8 ശതമാനത്തോളം കുതിച്ചുയർന്നതോടെയാണ് ആപ്പിളിന്റെ മൂല്യത്തിൽ ഒരൊറ്റ ദിവസം കൊണ്ട് 190.9 ബില്യൺ ഡോളറിന്റെ വർദ്ധനവ് ഉണ്ടായത്. നേരത്തേ ഫെബ്രുവരിയിൽ ആമസോൺ കൈവരിച്ച 190.8 ബില്യൺ ഡോളർ എന്ന റെക്കോർഡാണ് ഇതോടെ ആപ്പിൾ തകർത്തിരിക്കുന്നത്. ഇതോടെ വാൾസ്ട്രീറ്റിലെ എക്കാലത്തേയും ഏറ്റവും മികച്ച അഞ്ചു നേട്ടങ്ങളിൽ നാലും ആപ്പിൾ സ്വന്തമാക്കിയിരിക്കുന്നു.

ഡോളർ മൂല്യം ഉയരുകയും ട്രഷറി ബോണ്ട് യീൽഡുകൾ ഇടിയുകയും ചെയ്യാൻ തുടങ്ങിയതിനെ തുടർന്ന് നിക്ഷേപകർ ഓഹരി വിപണിയിലേക്ക് ഒഴുക്ക് തുടങ്ങിയതോടെയാണ് ഈ നേട്ടം ഉണ്ടായിരിക്കുന്നത്. ഡോവ് ജോൺസ് 3.7 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ എസ് ആൻഡ് പി 5.54 ശതമാനവും നാസ്ഡാഖ് 7.35 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തി. ആപ്പിളിന് കുതിച്ചു ചാട്ടംഉണ്ടായെങ്കിലും പണപ്പെരുപ്പം, പലിശ നിരക്ക്, യുക്രെയിൻ യുദ്ധം വരുത്തിയ പ്രത്യാഘാതങ്ങൾ എന്നിവ മൂലം ഈ വർഷം കമ്പനിക്ക് പൊതുവെ 18 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്.

വ്യാഴാഴ്ച ക്ലോസ് ചെയ്യുന്ന സമയത്ത് ആപ്പിളിന്റെ മാർക്കറ്റ് ക്യാപ് 2.34 ട്രില്യൺ ഡോളറിലായിരുന്നു നിന്നിരുന്നത്. ഇതോടെ ലോകത്തിലെ ട്രില്യൺ ഡോളർ ക്ലബ്ബിൽ അവശേഷിക്കുന്ന മൂന്നേ മൂന്ന് കമ്പനികളിൽ ആപ്പിൾ മുന്നിലെത്തുകയും ചെയ്തു. 2 ട്രില്യൺ ഡോളർ മൂല്യത്തോടെ സൗദി ആരാംകോയും 1.8 ട്രില്യൺ ഡോളർ മൂല്യത്തോടെ മൈക്രോസോഫ്റ്റുമാണ് ഈ ക്ലബ്ബിൽ അംഗങ്ങളായ് മറ്റു രണ്ട് കമ്പനികൾ.

അമേരിക്കയുടെ സാമ്പത്തിക നയങ്ങൾക്കുള്ള അംഗീകാരമാണ് ഓഹരി വിപണിയിലുണ്ടായ ഈ കുതിച്ചു ചാട്ടമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. സാമ്പത്തിക നയങ്ങൾ നേരായ ദിശയിൽ തന്നെ പ്രവർത്തിച്ചു വരുന്നു എന്നും അവർ അടിവരയിട്ടു പറയുന്നു. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട മേഖലകളിലാണ് ഓഹരി മൂല്യത്തിൽ വൻ കുതിച്ചുകയറ്റം ഉണ്ടായിരിക്കുന്നത്.

മൈക്രോസോഫ്റ്റും ആപ്പിളുമെല്ലാം അതിന്റെ ഉപയോക്താക്കളായി മാറി. ആമസോണിന്റെ മൂല്യത്തിലും വർദ്ധനവ് ദൃശ്യമായിട്ടുണ്ട്.