- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- STOCK MARKET
സിയാലിന്റെ പത്ത് കോടി അധിക ഷെയറുകൾ വിൽക്കുന്നു; നിലവിൽ നാല് ഓഹരിയുള്ളവർക്ക് ഒരു ഓഹരിയെന്ന അനുപാതത്തിൽ വാങ്ങാൻ അവസരം; നിലവിലെ ഓഹരി ഉടമകൾക്ക് കൂടുതൽ ഷെയറും ലാഭവും നേടാൻ അവസരം; സിയാൽ ഓഹരി വിപണിയിൽ ലിസ്റ്റു ചെയ്യണമെന്ന ആവശ്യവും ശക്തം
കൊച്ചി: കേരളത്തിലെ പൊതുമേഖലാ കമ്പനികളിൽ വിജയകരമായ മാതൃകയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടത്തിലാണ് കൊച്ചിൻ കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് അഥോറിറ്റി ലിമിറ്റഡ് (സിയാൽ). കോവിഡ് മഹാമാരി തളർത്തിയ ആഘാതത്തിൽ നിന്ന് കുതിച്ചുയർന്ന സിയാൽ കണക്കുകൾ പ്രകാരം 2021 -22 സാമ്പത്തിക വർഷത്തിൽ സിയാൽ 37.68 കോടി രൂപ ലാഭം നേടി. 418.69 കോടി രൂപയാണ് മൊത്തവരുമാനം. ഈ സാമ്പത്തിക വർഷത്തിൽ കൂടതൽ ലാഭവിഹിതം ഉണ്ടാകുമന്ന കാര്യം ഉറപ്പാണ്.
അത്തരത്തിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ഒരു വിഭാഗം മുതലാളിമാർക്കാണ് കൂടുതൽ പങ്കാളിത്തമെന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാൽ സ്വകാര്യ വിപണിയിലാണ് സിയാൽ ഷെയറുകളുടെ വിൽപ്പന നടക്കുന്നത്. ഇത് ഫലത്തിൽ നിലവിൽ കുടൂതൽ ഓഹരികൾ കൈവശം വെക്കുന്ന യൂസഫലിയെ പോലുള്ളവർക്ക് സഹായമാണ് താനും. എന്തായാലും അധിക ഷെയർ വിൽപ്പനയുമായി സിയാൽ വീണ്ടും രംഗത്തുവന്നിട്ടുണ്ട്. ഇതിനായുള്ള പരസ്യങ്ങൾ മാധ്യമങ്ങളിൽ വന്നു കഴിഞ്ഞു.
നിലവിൽ ഓഹരിയുള്ളവർക്കാണ് ഓഹരികൾ വാങ്ങാൻ അവസരം. പത്രപ്പരസ്യ അനുസരിച്ച് 9,56,43,687 ഓഹരികളാണ് വിൽക്കുന്നത്. ഒരു ഷെയറിന്റെ അടിസ്ഥാന വിലയായി 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സിയാലിൽ നാല് ഓഹരികൾ ഉള്ളവർക്ക് ഒരു ഓഹരി വാങ്ങാൻ സാധിക്കും വിധത്തിൽ 1:4 അനുപാതത്തിലായിരിക്കും ഓഹരി വിൽപ്പന. ഇത് പ്രകാരം നിലവിലുള്ള ഷെയർ ഹോൾഡേഴ്‌സിന് ഓഹരികൾ വാങ്ങാൻ സാധിക്കും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാൽ പൊതുജനങ്ങൾ അടക്കും പുറത്തുള്ളവർക്ക് ഷെയറുകൾ വാങ്ങാൻ സാധിക്കില്ല.
പ്രവാസി വ്യവസായി എം എ യൂസഫലിക്ക് മൂന്നേ മുക്കാൽ കോടിയിലേറെ ഷെയറുകളാണ് കമ്പനിയിലുള്ളത്. അദ്ദേഹത്തിന്റെ ഭാര്യ ഷബീറക്ക് 44 ലക്ഷം ഷെയറുകളും മകൾ ഷിഫക്ക് അഞ്ച് ലക്ഷം ഷെയറുകളും ഉണ്ട്. ഇപ്പോഴത്തെ ഷെയർ വിൽപ്പനയിലും യൂസഫലി അടക്കമുള്ളവർക്ക് കൂടുതൽ ഓഹരികൾ കൈവശം വെക്കാനും അവസരമാകും. വിമാനത്താവളത്തിന്റെ ഭാവി വികസനം അടക്കം മുന്നിൽ കണ്ടാണ് ഇപ്പോഴത്തെ ഓഹരി വിൽപ്പനകൾ നടക്കുന്നത്.
സിയാൽ സ്ഥാപക പ്രൊമോട്ടർമാരിൽ ഒരാളും കമ്പനിയുടെ രണ്ടാമത്തെ വലിയ നിക്ഷേപകനുമായിരുന്ന ജോർജ്ജ്.വി.നേരേപറമ്പിൽ മുൻകാലങ്ങളിൽ 1.21 കോടി ഓഹരികൾ കൈമാറ്റം ചെയ്തിരുന്നു. സിയാലിൽ ജോർജിന്റെ ഓഹരി പങ്കാളിത്തം 11.965 ശതമാനത്തിൽ നിന്ന് 8.816 ശതമാനമായി കുറഞ്ഞതോടെ എം.എ യൂസഫലിയായി സിയാലിലെ രണ്ടാമത്തെ വലിയ ഓഹരിയുടമയാണ്.
കേരള സർക്കാരിനാണ് ഏറ്റവും കൂടുതൽ സിയാൽ ഓഹരികളുള്ളത് - 32.4 ശതമാനം. കൂറച്ചുകാലമാി യൂസഫലി തന്റെ ഓഹരി പങ്കാളിത്തം 7.87 ശതമാനത്തിൽ നിന്ന് 9.88 ശതമാനമായി ഉയർത്തിയിട്ടുണ്ട്. എം.എ. യൂസഫലിക്കു പുറമേ സിന്തൈറ്റ് ഇൻഡസ്ട്രീസ്, ഹഡ്‌കോ, എസ്‌ബിഐ, എയർ ഇന്ത്യ, ഫെഡറൽ ബാങ്ക് എന്നീ സ്ഥാപനങ്ങൾക്കും വലിയ തോതിലുള്ള ഓഹരി പങ്കാളിത്തമുണ്ട് സിയാലിൽ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാൽ സ്വകാര്യ വിപണിയിലാണ് സിയാൽ ഷെയറുകളുടെ വിൽപ്പന നടക്കുന്നത്.
അതേസമയം സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റു ചെയ്ത് പ്രവാസികൾ അടക്കമുള്ളവർക്ക് വിമാനത്താവള ഓഹരികൾ വാങ്ങാൻ അടക്കം അവസരം ഒരുക്കേണ്ട സമയമായില്ലേ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ഒരു ദശകത്തിലേറെയായി ലാഭക്കുതിപ്പിന്റെ ബലത്തിൽ സ്ഥിരമായി ലാഭവിഹിതം നൽകിപ്പോരുന്ന കമ്പനിയാണിത്. അടുത്തിടെ സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇത് സുപ്രീംകോടതിയും ശരിവെക്കുകയുണ്ടായി.
കമ്പനിയിൽ സർക്കാർ ഓഹരി 32.42 ശതമാനമാണെന്നും അതിനാൽ സർക്കാരിന് ഒരു നിയന്ത്രണവുമില്ലെന്നുമുള്ള വാദമാണ് സിയാൽ ഉന്നയിക്കുന്നത്. എന്നാൽ കമ്പനിയുടെ ചെയർമാൻ മുഖ്യമന്ത്രിയും ഡയറക്ടർ ബോർഡിൽ മന്ത്രിമാരും ചീഫ് സെക്രട്ടറിയും, മാനേജിങ് ഡയറക്ടർ ഐ.എ.എസ്. ഓഫീസറും ആണെന്നത് കണക്കിലെടുത്താണ് സിയാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന വാദവും ഉയർന്നിരുന്നു.
മറുനാടന് ഡെസ്ക്