- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ട്വിറ്ററിലെ ബ്ലൂടിക്കിനും കാശ് കൊടുക്കണോ? എല്ലാം തീരുമാനിക്കുക ഇലോൺ മസ്‌കിനൊപ്പം ഇന്ത്യക്കാരനായ ശ്രീറാം കൃഷ്ണനും ടീമും; തമിഴ്‌നാട്ടുകാരനായ ശ്രീറാം ട്വിറ്ററിലെ പഴയ ജീവനക്കാരൻ; ഇപ്പോൾ സിലിക്കൺ വാലിയിലെ വമ്പനായ ആൻഡ്രീസെൻ ഹൊറൊവിറ്റ്‌സിൽ പങ്കാളി; ശ്രീറാമും മസ്‌കും പരിചയപ്പെട്ടത് ഇങ്ങനെ
സാൻ ഫ്രാൻസിസ്‌കോ: ട്വിറ്റർ, ഇലോൺ മസ്‌ക് ഏറ്റെടുത്തതോടെ, ശതകോടീശ്വരന്റെ ഓരോ നീക്കങ്ങളും വാർത്തയാണ്. പണി പോകുമെന്ന് പേടിച്ച് ഒരുകൂട്ടം ജീവനക്കാർ കഴിയുമ്പോൾ, കാതലായ മാറ്റങ്ങൾക്കാണ് ചീഫ് ട്വിറ്റ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന മസ്‌കിന്റെ തീരുമാനം. ഈ മാറ്റങ്ങളിൽ മസ്‌കിനെ സഹായിക്കുന്നത് ഒരു ഇന്ത്യാക്കാരൻ. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാളിനെ സിഇഒ സ്ഥാനത്ത് നിന്ന് പുറത്താക്കിയ മസ്‌ക് തനിക്ക് വേണ്ടപ്പെട്ടവരെ തിരഞ്ഞെടുക്കുന്നതിലും കണിശക്കാരനാണ്.
ചെന്നൈയിൽ വേരുകളുള്ള ശ്രീറാം കൃഷ്ണൻ മസ്‌കിന്റെ അടുത്ത ബിസിനസ് പങ്കാളികളിൽ ഒരാളാണ്. വെഞ്ച്വർ കാപിറ്റലിസ്റ്റ് ഡേവിഡ് സാക്‌സിനെ പോലെ ഉള്ള ഉപദേഷ്ടാക്കളിൽ പ്രധാനിയാണ് ശ്രീറാം. നേരത്തെ ട്വിറ്ററിൽ ജോലി ചെയ്തിട്ടുണ്ട് ശ്രീറാം. ഇപ്പോൾ, സിലിക്കൺ വാലിയിലെ നിക്ഷേപ സ്ഥാപനമായ a16z എന്നറിയപ്പെടുന്ന ആൻഡ്രീസെൻ ഹൊറൊവിറ്റ്്‌സിൽ പങ്കാളിയാണ്. ട്വിറ്റർ സ്വന്തമാക്കാൻ മസ്‌ക് നടത്തിയ നിക്ഷേപത്തിൽ ഈ കമ്പനിക്കും പങ്കാളിത്തമുണ്ട്.
ഒക്ടോബർ 31ന് ശ്രീറാം കൃഷ്ണൻ ട്വിറ്റർ ഓഫീസിന്റെ ചിത്രമിട്ട് താൻ താൽക്കാലികമായി മസ്‌കിനെ സഹായിക്കുകയാണെണ് വ്യക്തമാക്കിയിരുന്നു. ട്വിറ്റർ ഒരു സുപ്രധാന കമ്പനിയെന്നും അതിന് ലോകത്ത് വളരെ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന സ്ഥാപമെന്നും, മസ്‌ക് അത് യാഥാർഥ്യമാക്കാൻ പോകുന്നുവെന്നുമായിരുന്നു ശ്രീറാമിന്റെ ട്വീറ്റ്.
ആരാണ് ശ്രീറാം കൃഷ്ണൻ?
ശ്രീറാം കൃഷ്ണനും ഭാര്യ ആരതി രാമമൂർത്തിയും ചെന്നൈ സ്വദേശികളാണ്. തനി മധ്യവർഗ്ഗ കുടുംബത്തിൽ വളർവന്നുവന്നവർ. ന്യുയോർക്ക് ടൈംസിലെ ഒരു ലേഖന പ്രകാരം, ഇരുവരും, 2003 ൽ കോളേജിൽ സോഫ്റ്റ് വെയർ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് പരിചയപ്പെട്ടത്. അതിന് മുമ്പേ, ഒരു കോഡിങ് പദ്ധതിക്ക് വേണ്ടി അന്നത്തെ യാഹു ചാറ്റ്‌റൂമിൽ ഇരുവരും നേരിട്ടല്ലാതെ പരിചിതരായിരുന്നു. 37 വയസുകാരായ ദമ്പതികൾ സാൻഫ്രാൻസിസ്‌കോയിലെ നോ വാലിയിലാണ് താമസിക്കുന്നത്. രണ്ടുവയസുകാരിയായ മകളുണ്ട്.
കരിയർ ആരംഭിച്ചത് മൈക്രോസോഫ്റ്റിൽ നിന്നാണ്. ഇവിടെ വിൻഡോസ് അസ്യൂറുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലാണ് അദ്ദേഹം കൂടുതലും പ്രവർത്തിച്ചിരുന്നത്
ടെക് സ്‌പെയ്‌സിൽ ജോലികിട്ടിയ അദ്ദേഹം 2005ൽ 21-ാം വയസ്സിൽ അമേരിക്കയിലേക്ക് ചേക്കേറിയിരുന്നു. ട്വിറ്ററിന്റെ മെയിൻ ടൈംലൈൻ, പുതിയ യുഐ ക്രിയേഷൻ, സെർച്ച്, ഓഡിയൻസ് ഗ്രോത്ത് എന്നിവ ഉൾപ്പെടെയുള്ളതിന്റെ ചുമതല അദ്ദേഹത്തിനായിരുന്നു. ഫേസ്‌ബുക്കിൽ (മെറ്റാ), മൊബൈൽ പരസ്യ ഉൽപ്പന്നങ്ങൾ വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ശ്രീറാം കൃഷ്ണൻ യാഹു, ഫേസ്‌ബുക്ക്, സ്‌നാപ്, ട്വിറ്റർ ഇവിടെയെല്ലാം മാനേജർ തസ്തികയിൽ പ്രവർത്തിച്ചിട്ടുണ്ട്. 2021 ലാണ് ആൻഡ്രീസെൻ ഹൊറൊവിറ്റ്്‌സിൽ ചേർന്നത്. ഈ കമ്പനി 2020 ൽ പുറത്തിറങ്ങിയ സോഷ്യൽ ഓഡിയോ ആപ്പായ ക്ലബ് ഹൗസിലെ മുഖ്യ നിക്ഷേപകരായിരുന്നു. ഭാര്യ ആരതി രാമമൂർത്തി, നെറ്റ്ഫ്‌ളിക്‌സിലും, ഫേസ്‌ബുക്കിലും ജോലി ചെയ്ത പരിചയം വച്ച് സ്റ്റാർട്ട്പ്പുകളായ ട്രു ആൻഡ് കമ്പനി, ലുമോയിഡ് എന്നിവ തുടങ്ങിയിരുന്നു. തങ്ങൾ ഇരുവരും പരസ്പരം ഫാൻബോയിസ് ആണെന്നാണ് ശ്രീറാം കൃഷ്ണൻ പറയാറുള്ളത്. തങ്ങൾ ടെക്‌നോളജിയെ സ്‌നേഹിക്കുന്നു.
മസ്‌കുമായുള്ള ബന്ധം
ക്ലബ്ഹൗസിലെ ശ്രീറാമിന്റെയും ആരതിയുടെയും ദി ഗുഡ് ടൈംസ് ഷോയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മസ്‌ക് അതിഥിയായി എത്തിയിരുന്നു. അതിന് മുമ്പ് മ്‌സ്‌കിന്റെ സ്‌പേസ് എക്‌സ് ആസ്ഥാനത്തെ സന്ദർശനവേളയിലും ശതകോടീശ്വരനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്‌കിനെ കൂടാതെ, മാർക്ക് സക്കർബർഗ്, അടക്കമുള്ള പ്രമുഖരും, ഇരുവരുടെയും ക്ലബ് ഹൗസ് ഷോയിൽ പങ്കെടുത്തിട്ടുണ്ട്.
മസ്‌കിനെ സഹായിക്കുന്നത് എങ്ങനെ?
ട്വിറ്ററിനെ എങ്ങനെ മാറ്റിയെടുക്കണം എന്ന ആലോചനാ ടീമിലാണ് ശ്രീറാം കൃഷ്ണൻ. നോഷൻ, കാമിയോ, കോഡ, സ്‌കേൽ.എഐ, സ്പേസ് എക്സ്, ക്രെഡ്, ഖാത്തബുക്ക് ഉൾപ്പടെയുള്ള കമ്പനികളിൽ നിക്ഷേപകനായും ഉപദേശകനായും സാന്നിധ്യമറിയിച്ചിട്ടുള്ള ശ്രീറാം 2017 മുതൽ 2019 വരെ ട്വിറ്ററിലെ കൺസ്യൂമർ ഉൽപ്പന്ന ടീമുകൾക്ക് നേതൃത്വം നൽകിയിരുന്നു. രണ്ട് വർഷം കൊണ്ട് ട്വിറ്ററിന്റെ ഉപഭോക്താക്കളുടെ എണ്ണം 20 ശതമാനമായി ഉയർത്തുന്നതിൽ ശ്രീറാം പങ്കുവഹിച്ചിട്ടുണ്ട്. നിരവധി ഉൽപന്നങ്ങളും അദ്ദേഹത്തിന്റെ പങ്കാളിത്തത്തിൽ ട്വിറ്റർ അവതരിപ്പിച്ചിട്ടുണ്ട്. എന്തായാലും ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിന്ന്
കൂടുതൽ പണം എങ്ങനെ കൊണ്ടുവരാം എന്നതിലായിരിക്കും ശ്രീറാം മസ്‌കിനെ സഹായിക്കുക. ട്വിറ്ററിൽ ബ്ലൂ ടിക്ക് ലഭിക്കുന്നതിന് പണം ഈടാക്കാനും മസ്‌ക് തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതനുസരിച്ച് ട്വിറ്റർ ബ്ലൂ ടിക്ക് ലഭിക്കുന്നതിന് പ്രതിമാസം 20 ഡോളർ (ഏകദേശം 1,640 രൂപ) നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ.
ഹോം ടൈംലൈൻ, ഓൺബോർഡിങ്/ ന്യൂ യൂസർ എക്സ്പീരിയൻസ്, സെർച്ച്, ഡിസ്‌കവറി തുടങ്ങിയ പ്രധാന ടീമുകൾക്ക് നേതൃത്വം നൽകിയ പരിചയവുമുണ്ട്, ശ്രീറാമിന്. കൺസ്യൂമർ ടെക്ക്, ക്രിപ്റ്റോ എന്നിവയിലും താൽപര്യമുള്ള ശ്രീറാം, ഇതേ വിഷയങ്ങളിൽ തന്റെ ഭാര്യയ്ക്കൊപ്പം ഒരു പോഡ് കാസ്റ്റും അവതരിപ്പിക്കുന്നുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ