- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊട്ടാൽ വനംവകുപ്പ് തട്ടും; ശാസ്താംകോട്ടയിലെ ശല്യമൊഴിവാക്കാൻ ചന്തക്കുരങ്ങുകളെ തെന്മലയിലേക്ക് നാടു കടത്തി; വാനരന്മാരുടെ 'ലങ്കാദഹന' ത്തിൽ പകച്ച് തെന്മലക്കാർ
പുനലുർ: നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും നാടുകടത്തിയ ചന്തക്കുരങ്ങന്മാർ തെന്മല നിവാസികൾക്ക് പണിയായി. തരം കിട്ടിയാൽ അടുക്കളയിൽ അതിക്രമിച്ചുകയറി ഭക്ഷണം കവർന്നെടുക്കും. വാഴത്തോട്ടത്തിൽ 'ലങ്കാദഹനം' നടത്തുന്ന വാനരപ്പട കാർഷിക വിളകളാകെ നശിപ്പിച്ചു കഴിഞ്ഞു. പറമ്പിലും വീടിനു മുകളിലും നാൽക്കവലയിലും കുരങ്ങന്മാർ വി
പുനലുർ: നാട്ടുകാരുടെ പരാതിയെ തുടർന്ന് ശാസ്താംകോട്ടയിൽ നിന്നും നാടുകടത്തിയ ചന്തക്കുരങ്ങന്മാർ തെന്മല നിവാസികൾക്ക് പണിയായി. തരം കിട്ടിയാൽ അടുക്കളയിൽ അതിക്രമിച്ചുകയറി ഭക്ഷണം കവർന്നെടുക്കും. വാഴത്തോട്ടത്തിൽ 'ലങ്കാദഹനം' നടത്തുന്ന വാനരപ്പട കാർഷിക വിളകളാകെ നശിപ്പിച്ചു കഴിഞ്ഞു. പറമ്പിലും വീടിനു മുകളിലും നാൽക്കവലയിലും കുരങ്ങന്മാർ വിളയാടുമ്പോൾ എന്തുചെയ്യണമെന്നറിയാതെ വലയുകയാണ് നാട്ടുകാർ. ഒരു വർഷമായി തുടർന്നു വരുന്ന വാനരശല്യംമൂലം പൊറുതിമുട്ടിയ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിച്ചിട്ടും നടപടിയില്ല.
നനച്ചിട്ടിരിക്കുന്ന വസ്ത്രങ്ങൾ കുരങ്ങന്മാർക്ക് ഹരമാണ്. അയയിൽ കിടക്കുന്ന തുണികൾ പലപ്പോഴും മരത്തിനു മുകളിലെത്തും. പച്ചക്കറികൾ വിളയും മുമ്പ് അകത്താക്കും. മാവ് പൂത്താൽ മാവിൻ കൊമ്പിലായി പിന്നെ വാസം. കുട്ടികളെ കല്ലെറിയുന്നതാണ് വാനരസംഘത്തിന്റെ മറ്റൊരു വിനോദം. വാഹനങ്ങളുടെ സീറ്റുകൾ കടിച്ചു കീറും. വനംവകുപ്പിന്റെ നടപടി ഭയന്ന് കുരങ്ങന്മാരുടെ വികൃതികണ്ട് സഹിക്കാനേ നാട്ടുകാർക്കു കഴിയുന്നുള്ളു.
വാനരന്മാർ ദശകങ്ങളായി ജീവിച്ചുവന്ന നാടാണ് കൊല്ലം ജില്ലയിലെ ശാസ്താംകോട്ട. ഇവിടെ രണ്ടു തരത്തിലുള്ള കുരങ്ങന്മാരുണ്ട്. ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രവും ചുറ്റുമുള്ള കാവും അഷ്ടമുടിക്കായലിന്റെ തീരവും കേന്ദ്രമാക്കി അമ്പലകുരങ്ങന്മാർ വസിക്കുമ്പോൾ ഇവിടെ നിന്നും നൂറു മീറ്റർ മാത്രം മാറി സ്ഥിതിചെയ്യുന്ന ചന്തയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചന്തക്കുരങ്ങന്മാരുടെ വാസം. ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ നൽകുന്ന ഭക്ഷണമായിരുന്നു പണ്ട് അമ്പലക്കുരങ്ങന്മാരുടെ ആശ്രയം.
ഇത് വിശപ്പടക്കാൻ തികയുന്നില്ലെന്നു കണ്ട കോടതി കുരങ്ങന്മാർക്ക് ആവശ്യത്തിന് ഭക്ഷണം നൽകണമെന്ന് ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടു. എന്നാൽ ദേവസ്വത്തിന് ഫണ്ട് തികയാതെ വന്നതോടെ മൃഗസ്‌നേഹിയും 'വൈൽഡ് റിപ്പബ്ലിക്ക്' എന്ന സംഘടനയുടെ സ്ഥാപകനുമായ ഗോപാൽ ബി. പിള്ളയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡുമായി ചേർന്ന് അമ്പലക്കുരങ്ങന്മാരുടെ സംരക്ഷണത്തിന് ട്രസ്റ്റ് രൂപീകരിച്ചു. ഗോപാൽ ബി. പിള്ള നൽകിയ 2.5 ലക്ഷവും ദേവസ്വം ബോർഡ് നൽകിയ തുകയും ചേർത്തുകൊല്ലം ജില്ലാ സഹകരണ ബാങ്കിൽ ട്രസ്റ്റിന്റെ പേരിൽ അക്കൗണ്ട് തുറന്നു. ഈ തുക ഉപയോഗിച്ചാണ് 1996-മുതൽ ക്ഷേത്രകുരങ്ങന്മാർക്ക് ദിവസേന ഭക്ഷണം നൽകിവരുന്നത്. ഓണത്തിന് ഇലയിട്ട് കുരങ്ങന്മാർക്ക് സദ്യ നൽകുന്നത് ശാസ്താംകോട്ട ക്ഷേത്രത്തിലെ പ്രത്യേകതയാണ്.
അമ്പലക്കുരങ്ങന്മാർ മൃഷ്ടാന്നഭോജനം നടത്തുമ്പോൾ തൊട്ടടുത്ത് പട്ടിണി കിടക്കാനാണ് ചന്തക്കുരങ്ങന്മാരുടെ വിധി. പട്ടിണി മാറ്റാൻ മോഷണമല്ലാതെ ഇവറ്റകൾക്കു വേറെ മാർഗങ്ങളില്ല. അമ്പലക്കുരങ്ങന്മാരുടെ ഭക്ഷണം തട്ടിപ്പറിക്കാൻ ചന്തക്കുരങ്ങുകൾ നടത്തുന്ന ശ്രമം പലപ്പോഴും വാനരയുദ്ധത്തിന് ഇടയാക്കിയിരുന്നു. കടകളിൽ നിന്നുള്ള മോഷണത്തിന് ശിക്ഷ ഏറ്റുവാങ്ങിയ കുരങ്ങന്മാർ ആക്രമണകാരികളായി. അമ്പലക്കുരങ്ങന്മാരുടെ വാസകേന്ദ്രമായ ക്ഷേത്രപരിസരത്ത്് ചന്തക്കുരങ്ങന്മാർക്ക് പ്രവേശനം നിഷേധിച്ചിരുന്നു. ഏതെങ്കിലും അമ്പലക്കുരങ്ങ് ചന്തക്കുരങ്ങുമായി സഹവസിച്ചാൽ അവർക്ക് വാനരന്മാർ ഭ്രഷ്ട് കൽപ്പിച്ചിരുന്നു.
ചന്തക്കുരങ്ങന്മാരുടെ കുടിയൊഴിക്കൽ നടന്നത് ഒരു വർഷം മുമ്പാണ്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'പര്യാവരൺ' എന്ന സംഘടന കുരങ്ങന്മാരെ കൂട്ടത്തോടെ കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയായ തെന്മലയിലേക്ക് മാറ്റുകയായിരുന്നു. ജനിച്ചുവളർന്ന ശാസ്താംകോട്ടയിൽ നിന്നും അറുപത് കി.മീറ്ററിൽ അധികമുള്ള തെന്മലയിലേക്ക് കുടിയൊഴിപ്പിച്ച വാനരന്മാർ യഥാർഥത്തിൽ എരിതീയിൽ നിന്നും വറചട്ടിയിലേക്ക് മാറിയ അവസ്ഥയിലാണിപ്പോൾ. ഭക്ഷണമില്ല, വെള്ളം കുടിക്കാനായി കല്ലാറിന്റെ തീരത്തെത്തിയാൽ സഞ്ചാരികളുടെ കല്ലേറ് കൊള്ളേണ്ടിവരും. വീടുകളിൽ നിന്നും ഭക്ഷണം മോഷ്ടിച്ചാൽ തല്ലുറപ്പ്.
തെന്മല ഇക്കോ ടൂറിസം മേഖലയും പരിസരപ്രദേശവുമാണ് കുരങ്ങന്മാരുടെ വാസകേന്ദ്രം. ഇവിടെയെത്തുന്ന വിനോദ സഞ്ചാരികൾ വച്ചുനീട്ടുന്ന ഭക്ഷണമാണ് ഏക ആശ്രയം. ഭക്ഷണം നൽകിയില്ലെങ്കിൽ കുരങ്ങന്മാർ കൂട്ടത്തോടെ സഞ്ചാരികളെ ആക്രമിക്കുന്നതും പതിവാണ്. ആരെങ്കിലും ഭക്ഷണം നൽകിയാൽ അത് പങ്കിട്ടെടുക്കാനായി വാനരന്മാർ കൂട്ടത്തോടെ പാഞ്ഞടുക്കും. ഒടുവിൽ ആർക്കും ഒന്നും ലഭിക്കാത്ത അവസ്ഥയാകും. നാട്ടുകാർക്ക് കുരങ്ങന്മാർ ശല്യമായി മാറിയിരിക്കുകയാണ്. വനം വകുപ്പ് തിരിഞ്ഞു നോക്കുന്നുമില്ല. കുരങ്ങന്മാരെ ഇനി എന്തുചെയ്യുമെന്നും ഇവയെ പരിപാലിക്കാൻ ആര് തയാറാകുമെന്നുമുള്ള സന്ദേഹത്തിലാണ് നാട്ടുകാർ.