ടെലിവിഷൻ അവതാരികയായി വന്ന് അധോലോക നായകൻ അബു സലീമിന്റെ കാമുകിയായി, ഒരു കാലത്ത് ഗ്ലാമർകൊണ്ട് ബോളിവുഡിനെ തന്റെ കൈവെള്ളയിലാക്കിയ മോണിക്കാ ബേദിയുടെ ജീവിതത്തിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന സംഭവമായിരുന്നു. ഗ്ലാമർ നായിക മോണിക്ക ഫൗസിയായതും അന്ന ചർച്ചയായിരുന്നു.

തൊണ്ണൂറുകളിൽ ഹിന്ദി സിനിമയിൽ എത്തപ്പെട്ട മോണിക്കാ ഗ്ലാമർ പ്രദർശനത്തിലൂടെ വളരെപ്പെട്ടെന്നാണ് ആരാധകരെ കയ്യിലെടുത്തത്. അതോടൊപ്പം പല പ്രമുഖ ചാനലുകളിൽ അവതാരകയായും തിളങ്ങി. പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോൾ നടി പുതിയ ബന്ധങ്ങളിലേക്ക് കടന്നത് വേഗത്തിലായിരുന്നു. നടിയുടെ ബന്ധങ്ങൾ വളർന്നത് അധോലോക നായകൻ അബുസലിമിന്റെ കാമുകി എന്ന പദത്തിലേക്കായിരുന്നു. അതോടെ അവർ ഇസ്ലാം മതത്തിലേക്കു കൂടുമാറി ഫൗസിയ എന്ന പേരും സ്വീകരിച്ചു.

ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡിനെ കൈയിലെടുത്ത നടിക്ക് കഷ്ടകാലം ആരംഭിച്ചത് 2001 ലായിരുന്നു. ലിസ്‌ബണിൽ വച്ച് വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് മോണിക്ക അറസ്റ്റിലായി. മോണിക്കയും അബുസലിമും രണ്ടു വർഷമാണ് ലിസ്‌ബണിലെ ജയിലിൽ കിടന്നത്. 1993ൽ മുംബൈയിലുണ്ടായ സ്ഫോടന പരമ്പരയിൽ ഇന്ത്യൻ ഗവൺമെന്റ് അബുസലിമിനെ പ്രതിചേർത്തപ്പോൾ മോണിക്ക കൂട്ടുപ്രതിയായി.

ഇതു പ്രകാരം 2003ൽ ഇരുവരെയും കൂടുതൽ വിചാരണയ്ക്കായി പോർച്ചുഗീസ് ഗവൺമെന്റ് ഇന്ത്യയ്ക്ക് കൈമാറി. വിചാരണ മൂന്നുവർഷം നീണ്ടു. 2006ൽ സിബിഐയുടെ പ്രത്യേക കോടതി കുറ്റക്കാരിയെന്നു കണ്ടെത്തി മോണിക്കയ്ക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. വഞ്ചന, ഗൂഢാലോചന, വ്യാജപാസ്പോർട്ട് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് മോണിക്കയുടെ മേൽ ചുമത്തപ്പെട്ടത്.

2011ൽ ജയിൽ മോചിതയായ മോണിക്ക വീണ്ടും സിനിമയിൽ മുഖം കാണിച്ചെങ്കിലും ബോളിവുഡിന്റെ ഗ്ലാമർ ലോകത്തേക്ക് മോണിക്കയ്ക്കു ക്ഷണം ലഭിച്ചില്ല. അതോടെ താമസം ദുബായിലാക്കി. ഇപ്പോൾ മോണിക്ക നൃത്തപരിപാടികളും മറ്റുമായി സജീവമാണ്.

എന്നാൽ അബു സലീം ഒരും കൊടും ഭ്രാന്തനാണെന്ന് മോണിക്ക പറഞ്ഞിരുന്നു. ഇനിയൊരിക്കലും അബു സലീമുമായി യാതൊരു ബന്ധവുമില്ലെന്നും തന്നെ ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിച്ചതെന്നും മോണിക്ക ആരോപിച്ചിരുന്നു.