ലൈംഗികശേഷി കൂട്ടുന്നതിന് എന്തുപൊടിക്കൈയും പരീക്ഷിക്കാൻ ചിലർ തയ്യാറാണ്. അത്തരക്കാരെ ലക്ഷ്യമിട്ടുള്ള വിപണിയും ഇന്ത്യയിൽ സജീവമാണ്. ലൈംഗിക ശേഷി കൂട്ടാൻ ഉടുമ്പുകളുടെ ലൈംഗികാവയവത്തിനാകുമെന്ന വിശ്വാസമാണ് പുതിയതായി ഉയർന്നിരിക്കുന്നത്. ദിവസവും ഉടുമ്പുകളുടെ ലൈംഗികാവയവുമായി പിടിയിലാകുന്നത് അനേകംപേരാണ്. ലൈംഗികശേഷി കൂട്ടുന്നതിനും വന്ധ്യത പരിഹരിക്കുന്നതിനും ഉടുമ്പുകളുടെ ലൈംഗികാവയവം ഔഷധമാണെന്നാണ് വിശ്വാസം.

ആയുർവേദ മരുന്നാണെന്ന് തെറ്റിദ്ധരിപ്പിച്ചാമ് ഇതിന്റെ വിൽപന നടക്കുന്നത്. പ്രത്യേക ആകൃതിയുള്ളതിനാൽ ഹാത്ത ജോഡിയെന്നും ഇത് വിശേഷിപ്പിക്കപ്പെടുന്നു. ഇൻഡോറിലും കാർഗോണിലും നടത്തിയ പരിശോധനകളിൽ മധ്യപ്രദേശ് സ്‌പെഷൽ ടാസ്‌ക്‌ഫോഴ്‌സ് 68 അവയവങ്ങൾ പിടികൂടി. കാർഗോണിലെ പ്രശസ്തമായ നവഗ്രഹ ക്ഷേത്രത്തിന്റെ പൂജാരിയുടെ പക്കൽനിന്നാണ് 13 എണ്ണം പിടിച്ചെടുത്തത്.

ഉടുമ്പുകളുടെ ലൈംഗികാവയവം കഴിച്ചാൽ ഉത്തേജനം കൂടുമെന്നത് മതത്തിന്റെ പിന്തുണയോടെ വിശ്വാസമാക്കി വളർത്തിയെടുക്കാനാണ് ശ്രമമെന്ന് മധ്യപ്രദേശ് വനംവകുപ്പ് അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ആർ.പി.സിങ് പറഞ്ഞു. ഇൻഡോറിൽനിന്ന് ഇതുമായി ബന്ധപ്പെട്ട് മൂന്നുപേരെയാണ് അറസ്റ്റ് ചെയ്തത്. സുമിത് ശർമ, സച്ചിൻ ശർമ, ഫിറോസ് അലി എന്നിവരുടെ പക്കൽനിന്ന് പത്ത് കഷ്ണങ്ങലും പിടിച്ചെടുത്തു. നവഗ്രഹ ക്ഷേത്രത്തിലെ പൂജാരി ലോകേഷ് ജഗീർദാറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

പടിഞ്ഞാറൻ മധ്യപ്രദേശിൽനിന്നും രാജസ്ഥാനിലെ താർ മരുഭൂമിയിൽനിന്നുമാണ് വൻതോതിൽ ഇവ ശേഖരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഉടുമ്പുകൾ ഈ മേഖലകളിൽ കൂടുതലായി കാണപ്പെടുന്നുണ്ട്. 500 രൂപമുതൽ 15,000 രൂപവരെയാണ് ഇതിന് ഈടാക്കുന്നത്. ഉപഭോക്താവ് എത്രത്തോളം ആവേശഭരിതനാണോ അത്രയും വിലയും കൂടും. ഉടുമ്പുകളുടെ ലൈംഗികാവയവം കഴിച്ചാൽ ലൈംഗിക ഉത്തേജനം കൂടുമെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ആർ.പി. സിങ് വ്യക്തമാക്കി.