ന്യൂയോർക്ക്: കോവിഡ് കാലത്ത് കേട്ട പഴി മുഴുവൻ തിരിച്ചുകൊടുക്കുന്ന തിരക്കിലാണ് ചൈനാക്കാർ. കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്നും ചോർന്നതാണെന്ന ആരോപണം അതേപോലെ അമേരിക്കയ്ക്ക് നേരെ തിരിക്കുകയാണ് കുരങ്ങുപനിക്കാലത്ത്. കുരങ്ങു പനിയുടെ വൈറസ് അമേരിക്കൻ ലാബിൽ ന്നിന്നും ചോർന്നതാണെന്നാണ് ഇപ്പോൾ ചൈനീസ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ആരോപണം. ചൈനീസ് സമൂഹ മാധ്യമമായ വീബോയിൽ ഇതുമായി ബന്ധപ്പെട്ട ടാഗ് ഏറ്റെടുത്തത് 51 മില്യൺ ഉപയോക്താക്കളാണ്.

ചൈനയിൽ നിന്നും ഉദ്ഭവിച്ച കോവിഡ്19, അമേരിക്ക മനപ്പൂർവ്വം പടർത്തിയതാണെന്ന് അക്കാലത്ത് ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമങ്ങൾ പ്രചരിപ്പിച്ചിരുന്നു. എന്നാൽ, കുരങ്ങുപനിയുമായി ബന്ധപ്പെട്ട കാര്യത്തിൽ അത്തരമൊരു പ്രചാരണത്തിന് ഇതുവരെ ഈ മാധ്യമങ്ങൾ ഇറങ്ങിത്തിരിച്ചിട്ടില്ല. ന്യുക്ലിയാർ ത്രീറ്റ് ഇനീഷിയേറ്റീവ് എന്ന ഒരു അമേരിക്കൻ സർക്കാരേതര സംഘടനയുടെ 2021-ൽ റിപ്പോർട്ടിലെ അടിസ്ഥാനമാക്കിയാണ് ചൈനീസ് മാധ്യമങ്ങളിൽ ഊഹോപോഹങ്ങൾ പടരുന്നത്.

പ്രസ്തുത റിപ്പോർട്ടിൽ കുരങ്ങുപനി പടർന്നു പിടിക്കുന്ന ഒരു കാല്പനികമായ സാഹചര്യം പരാമർശിക്കുന്നുണ്ട്. അതിനെ ഉയർത്തിക്കാട്ടിയാണ് അമേരിക്കയ്ക്ക് ഈ രോഗം പടരുമെന്ന് അറിയാമായിരുന്നു എന്ന് ചൈനീസ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ പറയുന്നത്. അമേരിക്കൻ സന്നദ്ധ പ്രവർത്തകനായ ടെഡ് ടേണർ രൂപം കൊടുത്ത ന്യുക്ലിയാർ ത്രീറ്റ് ഇനീഷിയേറ്റീവ് എന്ന സംഘടന പൊതുനാശം വിതയ്ക്കുന്ന ആയുധങ്ങൾക്ക് നേരെയുള്ള പ്രതികരണങ്ങളുടെ മാതൃകകൾ സൃഷ്ടിക്കുന്ന പ്രവർത്തനത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.

ആണവായുധങ്ങൾ, സൈബർ ആക്രമണങ്ങൾ, ജൈവായുധങ്ങൾ, രാസയുധങ്ങൾ എന്നിവയ്ക്ക് നേരെ പ്രതികരിക്കേണ്ട സംവിധാനങ്ങളിൽ ഇവർ ഗവേഷണം നടത്തുന്നുമുണ്ട്. ഇവരുടെ ഒരു റിപ്പോർട്ടിനെ അടിസ്ഥാനമാക്കി വീബോയിൽ6.41 മില്യൺ ഫോളൊവേഷ് ഉള്ളഷു ചാംഗ് എന്ന യുവതിയാണ് ജൈവ എഞ്ചിനീയറിംഗിലൂടെ വികസിപ്പിച്ച കുരങ്ങുപനി വറസിനെ ലാബിൽ നിന്നും ചോർത്താൻ അമേരിക്ക പദ്ധതി ആസൂത്രണംചെയ്തതായി ആദ്യമായി ആരോപിച്ചത്. അവരുടേ ഫോളോവേഴ്സ് അത് ഏറ്റെടുക്കുകയായിരുന്നു.

കോവിഡ് വ്യാപനത്തിനു ശേഷം മ്യുണിക്ക് സെക്യുരിറ്റി കോൺഫറൻസുമായി ചേർന്ന് ജൈവ ഭീഷണികൾ കുറക്കുന്നതുമായി ബന്ധപ്പെട്ട് ചില പഠനങ്ങൾ എൻ ടി ഐ നടത്തിയിരുന്നു. അതിനായി അവർ തെരഞ്ഞെടുത്തതാണ് അത്ര സാധാരണമല്ലാത്ത കുരങ്ങുപനി. ഇതിന്റെ ഭാഗമായി ബ്രിണീയ എന്ന കാൽപനിക രാജ്യത്ത് കുരങ്ങുപനി വ്യാപിക്കുന്നതും അത് ആഗോള തലത്തിൽ വ്യാപിക്കുന്നതുമായ രണ്ട് മാതൃകകൾ ഉണ്ടാക്കി. 18 മാസക്കാലമാണ് ഈ മാതൃകയിൽ പഠനം നടത്തിയത്.

ഈ മാതൃകയിൽ ആവശ്യത്തിന് ജൈവസുരക്ഷയില്ലാത്ത ഒരു പരീക്ഷണശാലയിൽ ഉണ്ടായ തീവ്രവാദി ആക്രമണം വഴിയാണ് വൈറസുകൾ പറക്കുന്നത്. ഈ മാതൃകാ പരീക്ഷണത്തിന്റെ അവസാനം ആഗോളതലത്തിൽ കണ്ടെത്താനായത് 3 ബില്യൺ ആളുകൾ രോഗികളായെന്നും 270 മില്യൺ പേർ രോഗം മൂലം മരണമടഞ്ഞു എന്നുമാണ്. ബിർനിയ എന്ന സാങ്കൽപിക രാജ്യത്ത്, അയൽ രാജ്യമായ ആർനിക്ക (അതും സാങ്കൽപികമാണ്) യിൽ നിന്നുള്ള തീവ്രവാദി സംഘം എസ് പി എ ഒരു ലബോറട്ടറി ആക്രമിക്കുന്നതായി ചിത്രീകരിച്ചുകൊണ്ടുള്ളതായിരുന്നു ആ പരീക്ഷണം.

തീവ്രവാദി സംഘടനയുമായി അനുഭാവം പുലർത്തുന്ന ഒരു എഞ്ചിനീയറുടെ സഹായത്തോടെ ലാബിന് പുറത്തെത്തിക്കുന്ന അത്യന്തം അപകടകാരികളായ വൈറസുകളെ ബിർനിയയിലെ തിരക്കേറിയ റെയിൽവേ സ്റ്റേഷനുകളിൽ തീവ്രവാദികൾ നിക്ഷേപിക്കുകയാണ്. ഒരു ദേശീയ അവധി ദിവസമായിരുന്നു ഇതിനായി അവർ തെരഞ്ഞെടുത്തത്. അവധിയായതിനാൽ, സ്വാഭാവികമായും സ്റ്റേഷനിൽ തിരക്കേറുമെന്ന കണക്കുകൂട്ടലിൽ, രോഗം അതിവേഗം വ്യാപിക്കാനായിട്ടായിരുന്നു ഈ ദിവസം തന്നെ തെരഞ്ഞെടുത്തത്.

250 മില്യൺ ജനസംഖ്യയുള്ള ബിർനിയ എന്ന സാങ്കല്പിക രാജ്യത്ത് കുരങ്ങുപനിയുടെ 1421 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. ബിർനിയയിൽ സാധാരണയായി കണ്ടു വരാത്ത ഒരു രോഗമാണ് ഇതെന്നതിനാൽ ഇത് ആഗോള ശ്രദ്ധ നേടുകയും ലോകാരോഗ്യ സംഘടന ഉൾപ്പടെയുള്ളവർ സഹായ വാഗ്ദാനങ്ങളുമായി എത്തുകയും ചെയ്യുന്നു. പിന്നീട് ഈ രോഗം റിപ്പബ്ലിക് ഓഫ് ഡ്രന്മ എന്ന മറ്റൊരു സാങ്കൽപിക രാജ്യത്തേക്ക് കൂടി പടരുന്നു. അവർ വൈറസ് വ്യാപനം തടയുവാനായി കോവിഡ് കാലത്തിതേതിനു സമാനമായ ലോക്ക്ഡൗൺ ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ കൊണ്ടു വരുന്നു.

അതേസമയം, രോഗവ്യാപനം നടക്കുന്നമറ്റൊരു സാങ്കൽപിക രാജ്യമായ കാർഡസ്, വൈറസിനെ അവഗണിച്ച് സാധാരണ രീതിയിൽ തുടരുന്നു. ഈ സാങ്കല്പിക മാതൃകകളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന്റെ റിപ്പോർട്ടായിരുന്നു പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിനെ അടിസ്ഥാനമാക്കിയാണ് കുരങ്ങു പനി അമേരിക്കയുടെ സൃഷ്ടിയാണെന്ന് ചൈനീസ് സമൂഹമാധ്യമങ്ങളിൽ ആരോപണം ഉയരുന്നത്.