വത്തിക്കാൻ: ശിവഗിരിയിൽനിന്നും ഇന്നലെ റോമിലെത്തിയ സ്വാമിമാരുടെ സംഘത്തിന് വത്തിക്കാനിൽ ഊഷ്മള സ്വീകരണം. ദൈവദശക സാധന പഠന ധ്യാനയാത്രാ സംഘമാണ് കഴിഞ്ഞ ദിവസം മാർപാപ്പയെ സന്ദർശിക്കാനായി വത്തിക്കാനിലെത്തിയത്. ശിവഗിരി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗവും ഗുരുധർമ പ്രചാരണ സഭയുടെ സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദിന്റെ നേതൃത്വത്തിലാണ് ശിവഗിരിയിൽനിന്നും സ്വാമിമാരുടെ സംഘം വത്തിക്കാനിലെത്തിയത്.

സ്വാമി ഗുരുപ്രസാദ്, വേൾഡ് പീസ് മിഷൻ സെക്രട്ടറി ബാബു തോമസ് പുതിയാപറമ്പിൽ, സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. വത്തിക്കാൻ ചത്വരത്തിന്റെ പ്രവേശന കവാടത്തിലെത്തിയ സ്വാമിമാരുടെ സംഘത്തെ വത്തിക്കാൻ പ്രതിനിധി ഫാ. സാന്റിയാഗോ സ്വീകരിച്ചു. തുടർന്നാണ് സ്വാമിമാർക്ക് മാർപാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത്. കൂടിക്കാഴ്ചയിൽ സ്വാമി ഗുരുപ്രസാദ് മാർപാപ്പയെ പട്ടുഷാൾ അണിയിച്ചു. തുടർന്ന് മാർപാപ്പയുമായി സംഘം സംസാരിക്കുകയും മാർപാപ്പയെ ശിവഗിരി മഠത്തിലേക്കു ക്ഷണിക്കുകയും ചെയ്തു.

വേൾഡ് പീസ് മിഷൻ സെക്രട്ടറി ബാബു തോമസ് പുതിയാപറമ്പിൽ ശ്രീനാരായണ ഗുരുദേവൻ 1914ൽ രചിച്ച വിശ്വമത പ്രാർത്ഥനയായ ദൈവദശകത്തിന്റെ ഇംഗ്ലിഷ് പരിഭാഷ ആലേഖനം ചെയ്ത ഫലകം മാർപാപ്പയ്ക്കു സമ്മാനിച്ചു. സ്വാമി വിശാലാനന്ദ ഗുരുദേവചിത്രം ഉൾക്കൊള്ളുന്ന ലഘുലേഖ സമ്മാനിച്ചു. ഗുരുദേവന്റെ ഇംഗ്ലിഷ് ജീവചരിത്രം സ്വാമി ശങ്കരാനന്ദ നൽകി.

മാർപാപ്പ ചത്വരത്തിൽ നടത്തിയ പ്രഭാഷണത്തിൽ ശിവഗിരി മഠത്തിൽനിന്നെത്തിയ സംഘത്തെ മൂന്നു തവണ അഭിനന്ദിക്കാനും മാർപാപ്പ മറന്നില്ല. ഗുരുദേവന്റെ മഹത് ജീവിത്തത്തെക്കുറിച്ചും മാർപാപ്പ പ്രസംഗത്തിൽ പരാമർശിച്ചു. നേരത്തേ അസീസിയിൽ സംഘം ദൈവദശക പഠന ക്ലാസ് നടത്തിയിരുന്നു.