തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായി. കനത്ത മഴയെ തുടർന്ന് ഇടുക്കി മുതൽ കാസർകോട് വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

അതേസമയം, സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്ന് മൂന്ന് പേർ മരിച്ചു. കോഴിക്കോട് രണ്ട് പേർ മുങ്ങി മരിച്ചു. വയനാട് മണ്ണിടിഞ്ഞാണ് ഒരാൾ മരിച്ചത്. കോഴിക്കോട് മാവൂരിൽ ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ച് കയറി വിവാഹ സത്കാരം താറുമാറായി. ജലനിരപ്പ് കൂടിയതിനാൽ മലമ്പുഴ, കക്കയം ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.

കോഴിക്കോട്, പാലക്കാട്, തൃശൂർ ജില്ലകളിലാണ് ഇന്ന് ശക്തമായ മഴയാണ് ലഭിച്ചത്. കോഴിക്കോട് രണ്ട് പേർ മുങ്ങി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ അറക്കൽപാടത്ത് പതിമൂന്നുകാരൻ മുഹമ്മദ് മിർഷാദാണ് കുളത്തിൽ വീണ് മരിച്ചത്. എടച്ചേരിയിൽ പായൽ നിറഞ്ഞ കുളത്തിൽ വീണാണ് ആലിശേരി സ്വദേശി അഭിലാഷിന് ജീവൻ നഷ്ടമായത്. നാൽപ്പത് വയ്സ്സായിരുന്നു.

വയനാട് തോട്ടുമച്ചാൽ കാട്ടിക്കൊല്ലിയിൽ മൺതിട്ട ഇടിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളിയായ നായ്ക്കപടി കോളനിയിലെ ബാബു മരിച്ചു. കോഴിക്കോട് മാവൂരിലാണ് മഴ ഏറെ ദുരിതം വിതച്ചത്. വിവാഹ സത്കാരം നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് വെള്ളം ഇരച്ചു കയറി ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ സർവ്വതും നശിച്ചു.

ചാലിയാറിൽ വെള്ളം ഉയർന്നതാണ് മാവൂർ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായത്. കക്കയം ഡാമിന്റെ ഷട്ടറുകൾ രണ്ടും ഉയർത്തിയ നിലയിലാണ്. മഴ ശക്തമായി തുടർന്നാൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന അറിയിപ്പുണ്ട്. അതിനാൽ കുറ്റ്യാടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. മലപ്പുറം, നിലമ്പൂർ മേഖലയിലും ശക്തമായ മഴയുണ്ട്. പാലക്കാടും മഴ ശക്തമാണ്.

വൃഷ്ടി പ്രദേശത്ത് മഴ ശക്തപ്പെട്ടതിനാൽ മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. കൽപ്പാത്തിപുഴ, ഭാരതപ്പുഴ എന്നിവിയിൽ നീരൊഴുക്ക് കൂടാനിടയുണ്ട്. തീരവാസികൾ ജാഗ്രത പാലിക്കണം എന്നാണ് നിർദ്ദേശം. അട്ടപ്പാടി ചുരം റോഡിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 19 തിയതിവരെയാണ് നിയന്ത്രണം.

കണ്ണമ്പ്രയിൽ വീടിന് മുൻപിൽ ഗർത്തം രൂപപ്പെട്ടു. കണ്ണമ്പ്ര കൊട്ടേക്കാടിലാണ് സംഭവം. തൃശൂരിലും കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടമുണ്ടായി. വടക്കൻ കേരളത്തിലെ തീരപ്രദേശത്ത് പലയിടത്തും കടൽക്ഷോഭവും രൂക്ഷമാണ്.