- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജൂണിൽ രേഖപ്പെടുത്തിയത് കാലവർഷത്തിൽ 53 ശതമാനം കുറവ്; ആശങ്കകൾക്കിടയിൽ ആശ്വാസമാകുന്നത് ജുലായി ആദ്യ 9 ദിവസത്തെ മഴ ലഭ്യത; സംസ്ഥാനത്ത് ഇതുവരെ ലഭിച്ചത് കാലവർഷത്തിന്റെ 28 ശതമാനം മാത്രമെന്ന് കാലാവസ്ഥ വകുപ്പ്; ജുലായിൽ മഴ കനിയുമെന്ന പ്രതീക്ഷയിൽ കർഷകരും
തിരുവനന്തപുരം സാധാരണ പെയ്യുന്നതിന്റെ പകുതി പോലും പെയ്യാതെ തെക്കു പടിഞ്ഞാറൻ കാലവർഷം ജൂൺ മാസം പൂർത്തിയായെങ്കിലും ജൂലൈയിൽ മഴ സമൃദ്ധമാകുന്നതിന്റെ സൂചനകൾ. ജൂണിൽ കാലവർഷം 53% കുറവാണു രേഖപ്പെടുത്തിയതെങ്കിൽ ജൂലൈയിൽ ആദ്യ 9 ദിവസം കൊണ്ടു കുറവിനെ വലിയ തോതിൽ മറികടന്നു.
ഏതാനും വർഷങ്ങളായി ജൂണിൽ മഴ കുറയുകയും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മഴ വർധിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്. ഇത്തവണയും ഇതേ സ്ഥിതി ആവർത്തിക്കുമെന്ന സൂചനകളാണു കാലാവസ്ഥാ വകുപ്പും വിവിധ സ്വകാര്യ കാലാവസ്ഥാ ഏജൻസികളും നൽകുന്നത്.കാലാവസ്ഥാ വകുപ്പിന്റെ ഇന്നലത്തെ കണക്കുകൾ പ്രകാരം കാലവർഷക്കാലത്ത് ഇതുവരെ 28% മാത്രമാണു സംസ്ഥാനത്തു മഴ കുറഞ്ഞത്.
സാധാരണ 62.19 സെന്റിമീറ്റർ മഴ പെയ്യുന്ന ജൂൺ മാസത്തിൽ ഈ വർഷം 29.19 സെന്റിമീറ്റർ മാത്രമാണു ലഭിച്ചത്. എന്നാൽ, ജൂലൈ രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ കേരളത്തിൽ പെയ്തിറങ്ങിയ കാലവർഷത്തിന്റെ കണക്ക് 60.6 സെന്റിമീറ്റർ ആയി. ഈ മാസം ഇതു വരെ മാത്രം 30 സെന്റിമീറ്റർ വരെ മഴ സംസ്ഥാനത്തു ലഭിച്ചു.സാധാരണ ജൂൺ ഒന്നു മുതൽ ജൂലൈ 9 വരെയുള്ള കാലയളവിൽ 84 സെന്റിമീറ്റർ മഴയാണു പെയ്യുക. ഈ വർഷം ജൂലൈയിൽ തെക്കൻ ജില്ലകളിൽ മാത്രമാണു മഴ താരതമ്യേന കുറവ്.
കണ്ണൂർ, കാസർകോട്, തൃശൂർ ജില്ലകളിൽ സാധാരണ പെയ്യുന്ന തോതിൽ മഴ ലഭിച്ചതായാണു കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. 19% മഴ കുറവായാലും അതു സാധാരണ ലഭിക്കുന്ന തോതിലുള്ള മഴയായി ആണു കണക്കാകുക എന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. കാസർകോടിൽ ജൂൺ മുതൽ ജൂലൈ 9 വരെ ഉള്ള കാലയളവിൽ 5% മഴക്കുറവേ ഉള്ളു. തൃശൂരിൽ ഈ കുറവ് 17 ശതമാനവും കണ്ണൂരിൽ 18 ശതമാനവും ആണ്.
മറുനാടന് മലയാളി ബ്യൂറോ