തൊടുപുഴ: ഇടുക്കി മൂലമറ്റത്ത് യുവാവ് നാട്ടുകാർക്കുനേരെ നടത്തിയ വെടിവയ്‌പ്പിൽ സനൽ സാബുവിന്റെ കൊല്ലപ്പെട്ടപ്പോൾ അനാഥമായത് ഒരു കുടുംബം. കിടപ്പുരോഗിയായ അച്ഛന്റെയും അമ്മയുടെയും ഏക ആശ്രയമായിരുന്നു മുപ്പത്തിനാലുകാരനായ സനൽ.ശനിയാഴ്ച രാത്രിയാണ് മൂലമറ്റം സ്വദേശി ഫിലിപ്പ് മാർട്ടിന്റെ വെടിയേറ്റ് ബസ് കണ്ടക്ടർ കീരിത്തോട് സ്വദേശി സനൽ സാബു മരിച്ചത്. എല്ലാത്തിനും കാരണം നിസ്സാര തർക്കമായിരുന്നു. അച്ഛനേയും അമ്മയേയും നോക്കാൻ വേണ്ടി വിവാഹം പോലും വേണ്ടെന്ന വച്ച വ്യക്തിയാണ് സനൽ.

കഴിഞ്ഞ മേയിൽ ഇസ്രയേലിൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മാതൃ സഹോദരപുത്രനാണ് കൊല്ലപ്പെട്ട സനൽ. പോസ്റ്റുമോർട്ടത്തിനുശേഷം സനലിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭക്ഷണം തീർന്നെന്ന് അറിയിച്ചതിനെ തുടർന്നുണ്ടായ നിസ്സാര തർക്കമാണ് കൊലപാതകമായി മാറിയത്. ശനിയാഴ്ച രാത്രി 9.40നു മൂലമറ്റം ഹൈസ്‌കൂളിന് മുന്നിലാണ് സംഭവം. വിദേശത്തായിരുന്ന ഫിലിപ് ഈയിടെയാണ് നാട്ടിൽ എത്തിയത്.

മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തിന്റെ പേരിൽ ഫിലിപ്പ് ബഹളമുണ്ടാക്കി. തട്ടുകടയിൽനിന്ന് പ്രകോപിതനായി വീട്ടിലേക്ക് പോയ ഫിലിപ്പ് മാർട്ടിൻ തോക്കുമായി തിരിച്ചെത്തി വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അഞ്ചു തവണയിൽ കൂടുതൽ വെടിയുതിർത്തയായി ദൃക്‌സാക്ഷി പറഞ്ഞു. പോട്ടിയും പെറോട്ടയും കിട്ടാത്തതായിരുന്നു ഇതിന് കാരണം. ഈ സ്ഥലത്തുകൊല്ലപ്പെട്ട സനൽ ഉണ്ടായിരുന്നില്ല, ഫിലിപ്പിന്റെ സൈക്കോ മനസ്സാണ് സനലിന്റെ ജീവൻ എടുത്തത്.

കടയിൽ ബഹമുണ്ടാക്കി വെടിയുതിർത്ത് പോയ പ്രതി ഹൈസ്‌കൂൾ ജംക്ഷനിലെത്തിയപ്പോൾ സ്‌കൂട്ടറിലെത്തിയ സനൽ ബാബുവിനെയും കൂട്ടുകാരനെയും വെടിവച്ചു. സനലിന്റെ കഴുത്തിനാണ് വെടിയേറ്റത്. വാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ച ഫിലിപ്പിനെ മുട്ടത്തുവച്ചാണ് പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് 2014ൽ ഇരുമ്പ് പണിക്കാരനെ കൊണ്ട് നിർമ്മിച്ചതാണെന്നാണ് സൂചന. നാടൻ തോക്കുകൾ ഈ മേഖലയിൽ സജീവമാണ്.

സനലിന് ഒപ്പമുണ്ടായിരുന്ന മൂലമറ്റം സ്വദേശി മാളിയേക്കൽ പ്രദീപ് പുഷ്‌കരൻ (32) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: ശനിയാഴ്ച രാത്രി പത്തരയോടെ മൂലമറ്റം അശോക കവലയിലെ തറവാട് എന്ന തട്ടുകടയിലെത്തിയ ഫിലിപ്പും ബന്ധുവും പൊറോട്ടയും പോട്ടിയും ആവശ്യപ്പെട്ടു. പോട്ടി ഇല്ലെന്ന് കടയുടമ അറിയിച്ചു. എന്നാൽ, ഫിലിപ്പിനുശേഷം കടയിൽ എത്തിയവർക്ക് പോട്ടി നൽകിയതിനെച്ചൊല്ലി വാക്തർക്കമായി.

ഇത് കടയിലുണ്ടായിരുന്ന മറ്റ് ചിലർ ഏറ്റുപിടിച്ചതോടെ സംഘർഷമാകുകയും ഫിലിപ്പിന് മർദനമേൽക്കുകയും ചെയ്തു. ക്ഷുഭിതനായ ഫിലിപ്പ് ബന്ധുവിനൊപ്പം വെല്ലുവിളി നടത്തി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോയി. വീട്ടിൽനിന്ന് ഇരട്ടക്കുഴൽ തോക്കുമായി കാറിൽ മടങ്ങിയെത്തിയ ഫിലിപ്പ് തട്ടുകടക്ക് നേരെ വെടിയുതിർത്തു. എന്നാൽ, ആർക്കും പരിക്കേറ്റില്ല. കടയിലുണ്ടായിരുന്നവർ ഉടൻ സംഘടിച്ച് ഫിലിപ്പിന് നേരെ അടുത്തു. ഇതുകണ്ട് കാർ തിരിച്ച് ഓടിച്ചുപോയ ഫിലിപ്പിനെ ഒരു സംഘം പിന്തുടർന്നു. അറക്കുളം എ.കെ.ജി കവലയിൽ എത്തിയപ്പോൾ ഫിലിപ്പിന്റെ മാതാവ് കാർ തടഞ്ഞുനിർത്തി. മകൻ വീട്ടിൽനിന്ന് തോക്കുമായി പോകുന്നത് കണ്ടാണ് ഇവർ റോഡിലേക്ക് ഇറങ്ങി വന്നത്.

ഈ സമയം പിന്തുടർന്നെത്തിയവർ കാറിന് കേടുപാട് വരുത്തുകയും ഫിലിപ്പിനെ മർദിക്കുകയും ചെയ്തു. അവിടെ നിന്ന് കാർ വെട്ടിച്ച് മൂലമറ്റം ഭാഗത്തേക്ക് പോയ ഫിലിപ്പ് തൊട്ടടുത്ത പെട്രോൾ പമ്പിന് സമീപം എത്തി തിരിച്ചുപോന്നു. തന്നെ മർദിച്ചവർ റോഡിൽ നിൽക്കുന്നത് കണ്ടതോടെ തോക്ക് എടുത്ത് വെടിയുതിർക്കുകയായിരുന്നു. എന്നാൽ, റോഡിൽ നിന്നവർ ഓടി മാറുകയും ഈ സമയം അതുവഴി സ്‌കൂട്ടറിൽ വന്ന സനലിനും പ്രദീപിനും വെടിയേൽക്കുകയും ചെയ്തു.

വെടിയേറ്റ് സ്‌കൂട്ടറിൽനിന്ന് തെറിച്ചുവീണ പ്രദീപിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളജിലും എത്തിച്ചു. ചോരയിൽ കുളിച്ചുകിടന്ന സനലിനെ കാഞ്ഞാർ പൊലീസും അഗ്‌നിരക്ഷാസേനയുമെത്തി ആശുപത്രിയിലേക്ക് മാറ്റുമ്പോഴേക്കും മരിച്ചിരുന്നു.