- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലേബർ കമ്മറ്റിയിലെ പിടിവാശി പെമ്പിളൈ ഒരുമയെ തകർക്കാൻ; ലക്ഷം രൂപയുടെ അവാർഡ് നിരസിച്ച മൂന്നാറിലെ സ്ത്രീ കൂട്ടായ്മ ബക്കറ്റ് പിരിവിനിറങ്ങി; സമരം തീർക്കാൻ തടസം യൂണിയനുകളോ?
ഇടുക്കി: ഒരു മാസത്തിലധികമായി സമരരംഗത്തുള്ള മൂന്നാറിലെ തൊഴിലാളികൾ വറുതിയുടെ പിടിയിൽ. എന്നാൽ ഇതു കാണാൻ കൂട്ടാക്കാതെ തനി രാഷ്ട്രീയ കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ പിടിവാശിയും ദുരഭിമാനവും വാശിയുമാണ് സമരം ഒത്തുതീർപ്പാകാൻ വൈകുന്നതിന് കാരണമെന്ന് ആക്ഷേപം. പട്ടിണി കിടക്കുന്ന തൊഴിലാളികൾ പിടിവിട്ടു തങ്
ഇടുക്കി: ഒരു മാസത്തിലധികമായി സമരരംഗത്തുള്ള മൂന്നാറിലെ തൊഴിലാളികൾ വറുതിയുടെ പിടിയിൽ. എന്നാൽ ഇതു കാണാൻ കൂട്ടാക്കാതെ തനി രാഷ്ട്രീയ കച്ചവടത്തിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ട്രേഡ് യൂണിയനുകളുടെ പിടിവാശിയും ദുരഭിമാനവും വാശിയുമാണ് സമരം ഒത്തുതീർപ്പാകാൻ വൈകുന്നതിന് കാരണമെന്ന് ആക്ഷേപം. പട്ടിണി കിടക്കുന്ന തൊഴിലാളികൾ പിടിവിട്ടു തങ്ങളുടെ കാൽക്കീഴിൽ വരുമെന്ന ചിന്തയാണ് യൂണിയനുകളെ നയിക്കുന്നത്.
കഴിഞ്ഞ രണ്ടു പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി. എൽ. സി) യോഗങ്ങളിലും സമരം അവസാനിപ്പിക്കാനാകുമെന്ന ഘട്ടമെത്തിയപ്പോൾ യൂണിയനുകൾ നടത്തിയ കടുംപിടുത്ത നാടകമാണ് പരിഹാര നടപടികൾ വൈകുന്നതിന് കാരണമെന്നു തൊഴിലാളികളും രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു. ഇതേസമയം സമരവേദിയിൽ പുതുവഴി തീർത്ത പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് അവരുടെ പോരാട്ടവീര്യത്തിന്റെ അംഗീകാരമായി ലഭിച്ച ഒരു ലക്ഷം രൂപയുടെ അവാർഡ് പോലും ആത്മാഭിമാനത്തിന്റെ പേരിൽ തൊഴിലാളികൾ നിരസിച്ചിരുന്നെങ്കിലും പട്ടിണിയുടെ താളത്തിൽ സമരം മുന്നോട്ടു കൊണ്ടുപോകാനാകില്ലെന്നു വന്നതോടെ ബക്കറ്റ് പിരിവിലൂടെ സമരത്തിനുള്ള പണം കണ്ടെത്താൻ ശ്രമിക്കുന്ന ദയനീയ കാഴ്ചയാണ് മൂന്നാറിൽ.
കഴിഞ്ഞ മാസം ഏഴാം തീയതിയോടെയാണ് മൂന്നാറിൽ ആദ്യഘട്ട സമരം തുടങ്ങിയത്. തൊഴിലാളി രോഷം കത്തിപ്പടർന്ന സ്ത്രീസമരം രാജ്യശ്രദ്ധയാകർഷിച്ചുവെങ്കിലും രണ്ടാം ഘട്ടത്തിൽ രംഗത്തെത്തിയ ട്രേഡ് യൂണിയൻ നേതാക്കൾ സമരത്തിന്റെ ദിശ മാറ്റുക തന്നെ ചെയ്തു. ആദ്യഘട്ടത്തിൽ യൂണിയൻ നേതാക്കളെ വിരട്ടിയോടിച്ചും റോഡിൽ ദിവസങ്ങളോളം ഉപരോധം തീർത്തും ശക്തമായ മുന്നേറ്റം നടത്തിയ സ്ത്രീമുന്നേറ്റ സംഘടനയായ പെമ്പിളൈ ഒരുമൈയ്ക്ക് രണ്ടാം ഘട്ടത്തിൽ ദയനീയമായി അടിപതറി. യൂണിയനുകളുടെ സംഘടിത ശക്തിയുടെ ഭീഷണിക്കും സ്വാധീനത്തിനും വഴങ്ങി ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികളും കുടുംബാംഗങ്ങളും യൂണിയൻ പക്ഷത്തേയ്ക്ക് ചാഞ്ഞു. മദ്യവും പണവും നൽകിയും ഭീഷണിപ്പെടുത്തിയും തങ്ങളുടെ ശക്തി യൂണിയനുകൾ തകർക്കുകയാണെന്നു പെമ്പിളൈ ഒരുമൈ ആരോപിച്ചിരുന്നു. യൂണിയനുകളുടെ അധീശത്വമാണ് ഇപ്പോൾ മൂന്നാറിലും പി. എൽ. സി യോഗങ്ങളിലും ദൃശ്യമാകുന്നത്.
500 രൂപ മിനിമം കൂലി വേണമെന്ന മുദ്രാവാക്യമുയർത്തി ആദ്യം സമരത്തിനിറങ്ങിയത് പെമ്പിളൈ ഒരുമൈ പ്രവർത്തകരാണ്. 20 ശതമാനം ബോണസും ആവർ ആവശ്യപ്പെട്ടു. 8.33 ശതമാനം ബോണസിനൊപ്പം 11.67 എക്‌സ്‌ഗ്രേഷ്യ കൂടി ചേർത്ത് 20 ശതമാനം നൽകി പ്രശ്‌നം പരിഹരിക്കുകയും വേതനം സംബന്ധിച്ച് പി. എൽ. സിയിൽ ധാരണയുണ്ടാക്കാമെന്നു തീരുമാനിക്കുകയുമായിരുന്നു. വേതന വർധനവ് എന്നയാവശ്യം തോട്ടമുടമകൾ നിരാകരിച്ചതോടെയാണ് രണ്ടാമതും തെരുവിലിറങ്ങാൻ പെമ്പിളൈ ഒരുമൈ തയാറായത്. ഇതിനൊപ്പം യൂണിയനുകളും സമരത്തിനിറങ്ങി.
ഇതിനിടെ പെമ്പിളൈ ഒരുമൈ തൊഴിലാളികളിൽ വലിയൊരു വിഭാഗത്തിനെ അടർത്തിയെടുക്കാൻ ഐക്യ ട്രേഡ് യൂണിയനുകൾക്ക് കഴിഞ്ഞു. മൂവായിരത്തോളം പേരെ അണിനിരത്തി യൂണിയനുകൾ മൂന്നാർ ടൗണിൽ ശക്തിപ്രകടനം കാഴ്ചവച്ചപ്പോഴേക്കും പെമ്പിളൈ ഒരുമൈയുടെ ശക്തി അഞ്ഞുറിൽ താഴെ പ്രവർത്തകരിലൊതുങ്ങി. മൂന്നാം തവണത്തെ പി. എൽ. സിയിൽ തീരുമാനമുണ്ടാകുമെന്നു തൊഴിലാളികൾ കരുതിയെങ്കിലും യൂണിയനുകളുടെ കടുംപിടുത്തം സമരം നീളാൻ കാരണമായി. 500 രൂപ മിനിമം കൂലി ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് യൂണിയനുകൾ. 385 രൂപ മിനിമം കൂലി നിശ്ചയിച്ചുള്ള പാക്കേജിന് രൂപം നൽകിയെങ്കിലും യൂണിയനുകൾ അംഗീകരിച്ചില്ല. ഈ പാക്കേജ് അംഗീകരിച്ച് സമരത്തിൽനിന്ന് പിന്മാറാൻ തങ്ങൾ തയാറായിരുന്നെന്നു പെമ്പിളൈ ഒരുമൈ നേതാക്കളായ ഗോമതി അഗസ്റ്റിനും ലിസിയും വെളിപ്പെടുത്തിയിരുന്നു.
ഒടുവിൽ ബുധനാഴ്ചത്തെ ചർച്ചയും അലസി. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യൂണിയനുകൾ സ്വീകരിച്ചത്. തോട്ടം തൊഴിലാളികളുടെ ക്ഷേമത്തിനായി പാക്കേജിനു രൂപം നൽകിയ മന്ത്രിസഭ, തെരഞ്ഞെടുപ്പിനുശേഷം അതു പ്രഖ്യാപിക്കാൻ ധാരണയായിരുന്നു. ഇടക്കാലാശ്വാസമായി 60 രൂപ അനുവദിക്കാനുള്ള മന്ത്രിസഭാ തീരുമാനവും യൂണിയനുകൾ അനുവദിച്ചില്ല. ഇടക്കാലാശ്വാസം അനുവദിച്ചിരുന്നെങ്കിൽ അതുകൂടി ചേർത്ത് 392 രൂപ തൊഴിലാളികൾക്ക് വേതനം ലഭിക്കുകയും സമരത്തിന് താൽകാലിക വിരാമമാകുകയും ചെയ്യുമായിരുന്നെന്നും വിലയിരുത്തലുണ്ട്. ചർച്ച പരാജയപ്പെട്ടതറിഞ്ഞ് സ്ത്രീ തൊഴിലാളികൾ രോഷം കൊള്ളുകയും പൊട്ടിക്കരയുകയും മോഹാലസ്യപ്പെട്ടു വീഴുകയും ചെയ്തു. എല്ലാവരും ചേർന്ന് തങ്ങളെ വഞ്ചിക്കുകയാണെന്നാണ് അവരുടെ ആരോപണം.
പി. എൽ. സിയിൽ പെമ്പിളൈ ഒരുമൈയുടെ പ്രതിനിധികളില്ലാത്തത് ചർച്ചയിൽ പ്രശ്‌നപരിഹാരത്തിന് തടസമാകുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ 350 രൂപ കൂലി നിശ്ചയിച്ചാൽ തൊഴിലാളികൾ സമരം പിൻവലിക്കുമെന്നാണ് പെമ്പിളൈ ഒരുമൈയുടെ നേതാക്കൾ പറയുന്നത്. 500 രൂപ ആവശ്യപ്പെടുമ്പോഴും അവരുടെ മനസിൽ 350 രൂപയാണ് മിനിമം വേതനമായി കണക്കുകൂട്ടുന്നത്. അംഗീകൃത ട്രേഡ് യൂണിയനുകൾക്ക് മാത്രമാണ് പി. എൽ. സി ചർച്ചയിൽ പങ്കെടുക്കാനാകുക. തങ്ങളെ വെല്ലുവിളിച്ച് സമരവേദിയിലിറങ്ങിയ പെമ്പിളൈ ഒരുമൈയുടെ ശക്തി പൂർണമായും ക്ഷയിക്കുംവരെ സമരം തുടരുകയെന്ന തന്ത്രമാണ് യൂണിയനുകൾ പയറ്റുന്നതെന്ന് മറുവിഭാഗം ആരോപിക്കുന്നു. ഇപ്പോൾ പ്രശ്‌നപരിഹാരമുണ്ടായാൽ അതിന്റെ ക്രെഡിറ്റ് പെമ്പിളൈ ഒരുമൈക്കും അവകാശപ്പെടാം. സംഘടനാ സംവിധാനം ശക്തിപ്പെടുത്താൻ അതവർ ഉപയോഗിക്കുകയും ചെയ്താൽ ട്രേഡ് യൂണിയനുകളുടെ നിലനിൽപ് ഭീഷണിയിലാകും. എല്ലാക്കാലവും തോട്ടം ഉടമകളുമായി സൗഹൃദത്തിൽ കഴിയുകയും ബോണസ് വിഹിതം ഇനത്തിലും മറ്റും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുകയും ചെയ്യുന്ന യൂണിയനുകൾക്ക് പെമ്പിളൈ ഒരുമൈയുടെ വളർച്ച ചിന്ത്രിക്കാൻപോലുമാകില്ല. ലക്ഷങ്ങൾ ഫണ്ടുള്ള യൂണിയനുകൾക്ക് എത്രകാലം വേണമെങ്കിലും സമരവുമായി മുമ്പോട്ടുപോകാം. തൊഴിലാളികളുടെ സ്ഥിതി അതല്ല. പട്ടിണിയിൽ സമരവുമായി പോകുന്നതിന് തൊഴിലാളികളുടെ കുടുംബപശ്ചാത്തലം അനുവദിക്കുന്നില്ല.
മൂന്നാർ മേഖലയിൽ ഇപ്പോൾ ദാരിദ്ര്യം പിടിമുറുക്കിക്കഴിഞ്ഞു. കുടുംബങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻപോലും പണമില്ല. പലചരക്കു കടകളിൽനിന്നും കടം വാങ്ങിയും വട്ടിപ്പലിശക്കാരിൽനിന്നു വായ്്പ വാങ്ങിയുമാണ് തൊഴിലാളികൾ ദിനങ്ങൾ കഴിച്ചുകൂട്ടുന്നത്. സമരവേദിയായ മൂന്നാറിലെത്താൻ ഒരു കുടുംബത്തിന് 300 രൂപ വരെ വേണം. യൂണിയൻ പ്രവർത്തകർക്കാകട്ടെ നേതാക്കൾ വാഹനവും ഭക്ഷണവും ഏർപ്പാടാക്കിയിട്ടുണ്ട്. പെമ്പിളൈ ഒരുമൈ പ്രവർത്തകർക്ക് ഈ സഹായമില്ല. ആദ്യഘട്ടത്തിൽ വ്യാപാരികൾ, ഓട്ടോ ഡ്രൈവർമാർ തുടങ്ങിയവർ ഭക്ഷണവും മറ്റും നൽകി സഹായിച്ചു. നേതാക്കളുടെ ഭീഷണിയെ തുടർന്ന് ഇപ്പോൾ സഹായത്തിന് ആരും മുമ്പോട്ടു വരുന്നില്ല. സോളിഡാരിറ്റി മൂവ്‌മെന്റ് അരിയും കപ്പയും മറ്റു സാധനങ്ങളും കുറച്ച് എത്തിച്ചതാണ് ഏക ആശ്വാസം. സമരത്തിന് പിന്തുണയുമായി വന്ന പാഠഭേദം എന്ന എഴുത്തുകാരുടെ സംഘടനയാണ് ആദ്യഘട്ട സമര വിജയത്തിന്റെ പിന്നാലെ പെമ്പിളൈ ഒരുമൈക്ക് ഒരു ലക്ഷം രൂപയുടെ അവാർഡ് വച്ചു നീട്ടിയത്. എന്നാൽ ദുരാരോപണം ഉണ്ടായേക്കുമെന്ന ഭയത്താൽ ഇത് നിരസിക്കുകയായിരുന്നു. വാഗുവരൈ, ചെണ്ടുവരൈ, എല്ലപ്പെട്ടി, ചിന്നക്കനാൽ തുടങ്ങിയ തോട്ടം മേഖലകളിൽ ഒരുനേരത്തെ ഭക്ഷണത്തിനുള്ള വകപോലും ലഭിക്കാതെ പല കുടുംബങ്ങളും നരകിക്കുകയാണ്. സമരക്കാർപോലും അടിമുടി ദാരിദ്യത്തിലായി. ഇതോടെ വ്യാഴാഴ്ച രാവിലെ മുതൽ സമരസഹായ ഫണ്ട് ശേഖരിക്കാൻ സമരപ്പന്തലിൽ ബക്കറ്റ് സ്ഥാപിച്ചിരിക്കുകയാണ്.
സർക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര പരിഗണനയില്ലെന്നും പെമ്പിളൈ ഒരുമൈ പറയുന്നു. മുഖ്യമന്ത്രിയുമായി ഇവർ നടത്തിയ ചർച്ചയിൽ സമരം ഒത്തുതീർക്കാൻ വിവിധ ഫോർമുലകൾ ഉരുത്തിരിഞ്ഞതും പി. എൽ. സിക്കുശേഷം പ്രഖ്യാപിക്കുമെന്നു കരുതിയതുമാണ്. എന്നാൽ തൊഴിലാളികളെ പട്ടിണിക്കിട്ട് തകർക്കാനുള്ള ശ്രമമാണ് ചർച്ചയിൽ ഒരിഞ്ചു പിന്നോട്ടുപോകാൻ യൂണിയനുകൾ തയാറാകാത്തതിനു കാരണമെന്ന് ആരോപണമുണ്ട്. അതിലുപരി, ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടാൽ തങ്ങളേക്കാൾ വലിയവരായി പെമ്പിളൈ ഒരുമൈയെ കാണുമെന്ന ദുരഭിമാനവും യൂണിയൻ നേതാക്കളെ നയിക്കുന്നു. യൂണിയനുകളുടെ പിടിവാശിമൂലമാണത്രേ, സൗജന്യ റേഷൻ അനുവദിക്കാനുള്ള സർക്കാർ നീക്കംപോലും തടസപ്പെട്ടിരിക്കുകയാണ്.