കണ്ണൂർ: അങ്ങനെ കാത്ത് കാത്തിരുന്ന് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ആദ്യ വിമാന സർവീസ് ഡിസംബർ 9ന് ആരംഭിക്കുകയാണ്. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് അന്നേ ദിവസം ചിറക് വിരിക്കുന്നത്. കണ്ണൂരിൽ നിന്നും അബുദാബിയിലേക്കുള്ള ആദ്യ യാത്രക്ക് ഈടാക്കുന്നത് 33,000 രൂപയാണ്. വിൽപനയുടെ ആദ്യദിനം തന്നെ ടിക്കറ്റുകൾ വിറ്റ് തീർന്നുവെന്നാണ് റിപ്പോർട്ട്. ഉയർന്ന നിരക്ക് നൽകി ആദ്യ യാത്ര ചെയ്യാൻ ടിക്കറ്റ് എടുത്തവരിൽ വോക്കിംഗിൽ നിന്നുള്ള ജെയിൻ വർഗീസും ഉൾപ്പെടുന്നു.

കൂത്തൂപറമ്പ് സ്വദേശി കെപികെ ഷെരീഫിനാണ് ആദ്യ ടിക്കറ്റ് ലഭിച്ചിരിക്കുന്നത്. ഇന്നലെ 12.40ന് ആരംഭിച്ച ടിക്കറ്റ് ബുക്കിങ് 1.35 ഓടെ പൂർത്തിയാവുകയായിരുന്നു. അബുദാബിയിലേക്കുള്ള എക്സ്പ്രസ് വാല്യൂ ടിക്കറ്റിന് ബുക്കിങ് ആരംഭിച്ചപ്പോൾ 9998.81 രൂപയായിരുന്നു. എന്നാൽ ബുക്കിങ് അവസാനിച്ചപ്പോഴേക്കും ഇതിന്റെ വില 25,000 രൂപയായി കുതിച്ചുയർന്നിരുന്നു. എക്സ്പ്രസ് ഫ്ലെക്സി ടിക്കറ്റ് ചാർജും ബൂക്കിങ് തുടങ്ങി മിനുറ്റുകൾക്കുള്ളിൽ വർധിച്ചിരുന്നു. ആയിരക്കണക്കിന് പേർ ഒരുമിച്ച് മത്സരിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ചാർജ് പരിധി വിട്ടുയരാൻ വഴിയൊരുക്കിയത്.

ഡിസംബർ 9ന് സർവീസ് തുടങ്ങുന്ന ദിവസം കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നാല് ഇന്റർനാഷണൽ സർവീസുകൾ ഉണ്ടാവും. അബുദാബിയിലേക്കുള്ള വിമാനത്തിന് പുറമെ മസ്‌കറ്റ്, റിയാദ്, ദോഹ, ഷാർജ എന്നിവിടങ്ങളിലേക്കും അന്ന് വിമാനങ്ങൾ പറക്കും. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി പലവിധ കാര്യങ്ങൾക്കായി ഗൾഫിലേക്ക് പറന്ന് കൊണ്ടിരിക്കുന്ന തില്ലങ്കേരി സ്വദേശി കെപികെ ഷെരീഫിന് കണ്ണൂരിൽ നിന്നുള്ള ആദ്യ ടിക്കറ്റ് ലഭിച്ചതിൽ ഏറെ ആഹ്ലാദമുണ്ട്.

ആദ്യ വിമാനത്തിൽ അബുദാബിയിലേക്ക് ടിക്കറ്റ് ലഭിച്ചതിൽ ജെയിൻ ജോസഫിനും ഏറെ സന്തോഷമുണ്ട്. ഇരിട്ടിയുടെ അടുത്ത പ്രദേശമായ വള്ളിത്തോട് സ്വദേശിയായ ജെയിൻ ജോസഫ് കഴിഞ്ഞ 15 വർഷങ്ങളായി യുകെയിലാണ് താമസിക്കുന്നത്.ഭാര്യ ഡോളി വാൾട്ടൻ കമ്മ്യൂണിറ്റി ഹോസ്പിറ്റൽ മേട്രൻ ആയി ഇവിടെ ജോലി ചെയ്ത് വരുന്നു. എച്ച്ആർ ഓഫീസറായി ജോലി ചെയ്ത് വരുന്ന റിയ, എ ലെവൽ സ്റ്റുഡന്റായ ലിയ എന്നിവരാണ് ഇവരുടെ മക്കൾ. തന്റെ റിട്ടയർമെന്റ് ആവശ്യത്തിനായി നാട്ടിൽ പോകാൻ തീരുമാനിച്ചപ്പോഴാണ് അവിചാരിതമായി ഈ ആദ്യ ടിക്കറ്റ് ലഭിച്ചതെന്നാണ് ജെയിൻ പറയുന്നത്.

ഈ ടിക്കറ്റ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഈ ചരിത്രമുഹുർത്തത്തിൽ ഭാഗമാകാൻ സാധിച്ചതിൽ വളരെ ചാരിതാർത്ഥ്യമുണ്ടെന്നും ജെയിൻ വെളിപ്പെടുത്തുന്നു.പഴയവീട്ടിൽ കുടുംബാംഗമായ ജെയിൻ കുന്നോത്ത് സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് പഠിച്ചത്.മട്ടന്നൂർ ഉദയ വോളിബാൾ ക്ലബിന് വേണ്ടി ജെയിൻ അഞ്ച് വർഷം കളിച്ചിരുന്നു.മട്ടന്നൂർ കോളജിൽ പഠിച്ച അദ്ദേഹത്തിന് അവിടെ വലിയൊരു സുഹൃദ് വലയമുണ്ട്. വോക്കിംഗിലെ സാമൂഹ്യ രംഗത്ത് നിറസാന്നിധ്യമായ ജെയിൻ ജോസഫ് വോക്കിങ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ആയി സേവനം ചെയ്തിട്ടുണ്ട്.

നിലവിൽ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റായി പ്രവർത്തിക്കുന്നുണ്ട്. ഡിസംബർ ഒമ്പതിന് രാവിലെ പത്ത് മണിക്കാണ് വിമാനം പറന്നുയരുന്നത്.