കോഴിക്കോട്: നിപ വൈറസ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ എങ്ങനെ അടക്കം ചെയ്യണം? രോഗവ്യാപനം തടയാൻ മൃതദേഹം ദഹിപ്പിച്ചു കളയുന്നതാണ് ഏറ്റവും നല്ല മാർഗ്ഗമെന്ന് വ്യക്തമായ കാര്യമാണ്. എന്നാൽ, ഒരു ബഹുസ്വര മതസമൂഹത്തിൽ ജീവിക്കുമ്പോൾ ഇത്തരം ഘടത്തിൽ മൃതദേഹം സംസ്‌ക്കരിക്കുന്നതും ഒരു പ്രശ്‌നമായി മാറാറുണ്ട്. ഇന്നലെ നിപ ബാധിച്ച് മരിച്ചത് മൂസയെന്ന മുസ്ലിം വിശ്വാസിയായിരുന്നു ഈ വിശ്വാസിയായിരുന്നു. ഇസ്ലാമിക മതവിശ്വാസം അനുസരിച്ച് മൃതദേഹം ദഹിപ്പിക്കാൻ അവസരം നൽകുന്നില്ല. അതുകൊണ്ടും തന്നെ ഇന്നലെ പൊതുശ്മശാനത്തിൽ പത്തടി താഴ്‌ച്ചയിൽ കുഴിച്ചിടുകയാണ് ചെയ്തത്.

നേരത്തേ മരണപ്പെട്ട സഹോദരങ്ങളായ സാബിത്തിന്റെയും മുഹമ്മദ് സാലിഹിന്റെയും പിതാവാണ് വ്യാഴാഴ്ച മരിച്ച മൂസ. 17-നാണ് മൂസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരഭാര്യയായ മറിയവും നിപ വൈറസ് ബാധയെത്തുടർന്ന് മരിച്ചിരുന്നു. മൂസയുടെ മൃതദേഹം കണ്ണംപറമ്പ് ശ്മശാനത്തിലാണ് ഖബറടക്കിയത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശങ്ങൾക്കനുസൃതമായിരുന്നു സംസ്‌കാരം. ബന്ധുക്കളുടെയും മതനേതാക്കളുടെയും സമ്മതത്തോടു കൂടിയാണ് കണ്ണംപറമ്പിൽ അടക്കം ചെയ്യാൻ കളക്ടർ യു.വി. ജോസ് നിർദ്ദേശിച്ചത്. കേന്ദ്രസംഘത്തിന്റെ സാന്നിധ്യത്തിലായിരുന്നു തീരുമാനം.

മൃതദേഹം വായു കടക്കാത്ത ഇരട്ട കവറുകളിൽ പൊതിഞ്ഞ് പത്തടി താഴ്ചയുള്ള കുഴിയിലാണ് അടക്കിയത്. വളരെ കുറച്ചുപേർക്കു മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. ഇവർക്ക് സുരക്ഷാ സംവിധാനങ്ങളും പരിശീലനവും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നൽകി. മൃതദേഹത്തിന് മൂന്നുമീറ്റർ അകലെനിന്ന് പ്രാർത്ഥിക്കുന്നതിനും അനുമതി നൽകിയിരുന്നു. നടപടികൾക്ക് കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. ആർ.എസ്. ഗോപകുമാർ, കോഴിക്കോട് തഹസിൽദാർ ഇ. അനിതാകുമാരി തുടങ്ങിയവർ നേതൃത്വം നൽകി.

അതേസമയം ലിനിയുടെ മൃതദേഹവും വൈറസ് ബാധയേറ്റ് മരിച്ച മറ്റുള്ളവരുടെയും മൃതദേഹം ദഹിപ്പിക്കുകയായിരുന്നു വൈദ്യുതി ശ്മശാനത്തിൽ വച്ചാണ് ദഹിപ്പിച്ചത്. ഇതോടെ ഒരേ രോഗബാധയേറ്റ് മരിച്ചവരുടെ മൃതദേഹം രണ്ട് രീതിയിൽ അടക്കം ചെയ്തത് എങ്ങനെയെന്ന ചോദ്യങ്ങളും സോഷ്യൽമീഡിയയിൽ ഉയർന്നു. ഫ്രീതിങ്കേഴ്‌സ് പോലുള്ള ഗ്രൂപ്പകളിൽ ഇത് ചർച്ചയാകുകയും ചെയ്തിരുന്നു. ഇത്തരം മരണങ്ങൾ സംഭവിക്കുമ്പോൾ വൈദ്യുതി ശ്മശാനം തിരഞ്ഞെടുക്കുന്നതിന് കൃത്യമായ കാരണവുമുണ്ട്.

ഉയർന്ന വോൾട്ടേജിൽ ശവസംസ്‌കാരം നടത്തുമ്പോൾ ശരീരത്തിലെ ജീവകോശങ്ങളെ പൂർണമായും നശിപ്പിച്ചു കളയുന്നു. വൈറസുകൾക്ക് അതിജീവിക്കാൻ കഴിയില്ല. വിവിധ വൈറസുകൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് പകരുന്ന സമയം വ്യത്യസ്തമാണ്. 1999 ൽ ശാസ്ത്രലോകം കണ്ടുപിടിച്ച വൈറസാണ് നിപ്പാ വൈറസ്. ഈ വൈറസ് ജീവനില്ലാത്ത ശരീരത്തിൽ എത്ര സമയം അതിജീവിക്കുമെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ അറിവില്ല. ഏറ്റവും സുരക്ഷിതമായ രീതിയിൽ മൃതദേഹം ദഹിപ്പിക്കുന്നതാണ് ഇത്തരം സാഹചര്യങ്ങളിൽ നല്ലത്. ഉയർന്ന വോൾട്ടേജിൽ ഇലക്ട്രിക് ശ്മശാനത്തിൽ ദഹിപ്പിക്കുന്നത് തന്നെയാണ് രോഗം പടരാതിരിക്കാൻ ഏറ്റവും നല്ലത്' - ഇൻഫോ ക്ലിനിക്കിലെ ഡോക്ടറായ ജിനേഷ് പി.എസ് പറയുന്നത് ഇങ്ങനെയാണ്.

എബോള പോലെയുള്ള അസുഖം പൊട്ടിപ്പുറപ്പെട്ട കാലത്ത് ആഫ്രിക്കയിൽ മൃതശരീരങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ കൂട്ടത്തോടെ സംസ്‌കരിച്ച സംഭവം ഉണ്ടായിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കാതെ വൈദ്യുതശ്മശാനത്തിൽ ദഹിപ്പിക്കുകയെന്നത് രോഗം പകരാതിരിക്കാൻ എടുത്ത മുൻകരുതലാണ്.

അതേസമയം മൂസയുടെ മരണത്തോടെ നിപ വൈറസ് ബാധയേറ്റ് മരിച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചവരുടെ എണ്ണം 11 ആയി. ഇതിൽ എട്ടുപേർ കോഴിക്കോട് ജില്ലക്കാരും മൂന്നുപേർ മലപ്പുറം ജില്ലയിൽനിന്നുള്ളവരുമാണ്. നിപയാണെന്ന് സാമ്പിൾ പരിശോധിച്ചുറപ്പിക്കാനാവാത്ത ഒരുമരണം കൂടിയുണ്ട്. കോഴിക്കോട്ട് ആദ്യം മരിച്ച സാബിത്തിന്റേതാണ് ഇത്. ഇതുകൂടിയാകുമ്പോൾ മരിച്ചവരുടെ എണ്ണം 12 ആയി. 29 പേരാണ് വൈറസ് ബാധ സംശയിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലുള്ളത്. കോഴിക്കോട് -11, മലപ്പുറം -ഒമ്പത്, എറണാകുളം -നാല്, കോട്ടയം -രണ്ട്, തിരുവനന്തപുരം, തൃശ്ശൂർ, വയനാട് -ഓരോന്നു വീതം എന്നിങ്ങനെയാണ് കണക്ക്. ഇതിനുപുറമേ, 14 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ പത്തുപേർ കോഴിക്കോട്ടും നാലുപേർ മലപ്പുറത്തുമാണ്.

രോഗംബാധിച്ചവരുമായി സമ്പർക്കത്തിലായിരുന്ന കൂടുതൽ പേർ നിരീക്ഷണത്തിലാണ്. കൂടുതൽപേരെ നിരീക്ഷിക്കാനായി റവന്യൂ, ആരോഗ്യവകുപ്പുകൾ സംയുക്തമായി പ്രവർത്തിക്കും. ഇതിനായി ആശ പ്രവർത്തകരെ ഉൾപ്പെടെ പരിശീലിപ്പിക്കും. 160 പേരുടെ സാമ്പിളുകളാണ് മണിപ്പാലിലേക്ക് പരിശോധനയ്ക്ക് അയച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ മൂന്നുപേർക്ക് റിബാവിറിൻ ഗുളിക കൊടുത്തു തുടങ്ങി. പാർശ്വഫലങ്ങളൊന്നും പ്രകടമായിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. നിപ വൈറസ് ബാധയുണ്ടെന്നുറപ്പിച്ച ഒരാൾക്കും നിരീക്ഷണത്തിലുള്ള രണ്ടുപേർക്കുമാണ് ഗുളിക നൽകുന്നത്.

എല്ലാ ദിവസവും കളക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേരും. സ്ഥിതി നിയന്ത്രണവിധേയമാകുംവരെ ഈ യോഗങ്ങൾ തുടരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള നടപടികളാണ് ഉണ്ടാവുക. ഗസ്റ്റ്ഹൗസിൽ ചേർന്ന അവലോകനയോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.