തിരുവനന്തപുരം: പരീക്ഷയിൽ തോൽക്കുകയോ മാർക്ക് കുറയുകയോ ചെയ്താൽ കുട്ടികൾ നാടു വിടുന്നതും ചിലപ്പോൾ മരണത്തിന് വരെ കീഴടങ്ങുന്ന സംഭവങ്ങളും നമ്മൾ നിരവധി തവണ കേട്ടിട്ടുണ്ട്. കുട്ടിയുടെ ആത്മഹത്യക്ക് പോലും മാതാപിതാക്കൾ ഉത്തരം പറയേണ്ടി വന്നിട്ടുണ്ട്. എന്നാൽ മകൾ പ്ലസ്ടുവിന് തോറ്റതിന് വഴക്ക് പറഞ്ഞ ഒരു അച്ഛന് സദാചാര ഗുണ്ടകളുടെ മർദ്ദനമേൽക്കേണ്ട സ്ഥിതി വരെ ഉണ്ടായിരിക്കുകയാണ്. തിരുവനന്തപുരം ബാലരാമപുരത്ത് പ്ലസ്ടു പരീക്ഷയിൽ തോറ്റതിന് അച്ഛൻ വഴക്ക് പറഞ്ഞ പെൺകുട്ടി വീട് വിട്ട് ഇറങ്ങി ഓടി. പിന്നാലെ പിടിക്കാനോടിയ അച്ഛനെ മകളുടെ പിന്നാലെയാണ് ഓടിയതെന്നറിയാതെയാണ് നാട്ടുകാർ കൈകാര്യം ചെയ്തത്.

പിതാവിന്റെ തല്ലുകൊണ്ട് പുറത്തേക്കോടിയ പെൺകുട്ടിയുടെ പിതാവിനെ സദാചാര പൊലീസ് പിടികൂടി. ഒടുവിൽ കുടുംബത്തെ രക്ഷിക്കാൻ ഒറിജിനൽ പൊലീസ് തന്നെ രംഗത്തെത്തുകയായിരുന്നു. നാട്ടുകാരെ ഭയന്ന് പിതാവിന് രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ അഭയം തേടേണ്ടി വന്നു.

പരീക്ഷയിൽ തോറ്റ പെൺകുട്ടി ഇന്നലെയാണ് വീട്ടിലെത്തിയത്. പ്രേമവും കളിയുമായി നടന്ന് പരീക്ഷയിൽ തോറ്റതാണെന്ന് പറഞ്ഞ് പിതാവ് മകളെ തല്ലി. തല്ലുപേടിച്ച് പുറത്തേക്കോടിയ പെൺകുട്ടി പിതാവിന്റെ മകളല്ലെന്നും തമിഴ്‌നാട്ടിൽനിന്ന് കടത്തികൊണ്ടുവന്നതാണെന്നും ആരോപിച്ച് സദാചാര ഗുണ്ടകൾ കൂട്ടംകൂടി പിടികൂടുകയായിരുന്നു.

സംഭവം അറിഞ്ഞെത്തിയ ബാലരാമപുരം പൊലീസ് പിതാവിനെയും മകളെയും സ്റ്റേഷനിൽ കൊണ്ടുപോയി ചോദ്യം ചെയ്തു. പിന്നാലെ പിതാവിന്റെ കുടുംബാഗങ്ങളും സ്റ്റേഷനിലെത്തി. പിതാവിന്റെ ഭാര്യയുടെയും അമ്മയുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കുടുംബത്തെ വിട്ടയച്ചു. എന്നാൽ സദാചാര പൊലീസിന്റെ ഇടപെടൽ ഭയന്ന പിതാവ് രാത്രി മുഴുവൻ പൊലീസ് സ്റ്റേഷനിൽ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടിൽ പെൺകുട്ടിയെ ഇതിന് മുൻപ് കണ്ടിട്ടില്ലാത്തതിനാലാണ് സംശയമുണ്ടായതെന്നാണ് നാട്ടുകാർ പറയുന്നത്.

പൊള്ളാച്ചിയിൽ നിന്നും പിതാവും ഭാര്യയും രണ്ട് ആൺമക്കളും അടങ്ങുന്ന കുടുംബം തിരുവനന്തപുരത്തേക്ക് വന്നപ്പോൾ മൂത്ത മകൾ പിതാവിന്റെ അമ്മയുടെ കൂടെ നിന്ന് പഠിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. മാർക്ക് കുറഞ്ഞതിന് കാരണം പെൺകുട്ടിക്ക് പ്രണയ ബന്ധമുണ്ടായിരുന്നതാണെന്ന് പറഞ്ഞ് പിതാവ് വഴക്ക് പറഞ്ഞപ്പോൾ അച്ഛന് ആൺമക്കളോട് മാത്രമേ സ്നേഹമുള്ളുവെന്ന് പറഞ്ഞായിരുന്നു പെൺകുട്ടി പുറത്തേക്ക് ഓടിയത്.