കോഴിക്കോട്: സർഗാത്മതക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടി എക്കാലവും നിലകൊള്ളുന്ന പ്രസ്താനമാണ് ഇടതുപക്ഷമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. പക്ഷേ ഇപ്പോൾ കോഴിക്കോട്ട് ഒരു കൂട്ടം ഇടത് അനുഭാവികളുടെ നേതൃത്വത്തിൽ ചുമർ ചിത്രങ്ങളോട് സാംസ്കാരിക പൊലീസ് ചമയുകയാണെന്നാണ് ചിത്രകാരന്മാരും സാംസ്കാരിക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്. കോഴിക്കോട് ബീച്ചിലെ ഗുജറാത്തി സ്ട്രീറ്റിൽ ഒരു ഗോഡൗണിന് മുന്നിൽ വരച്ച ചുവർചിത്രം അശ്ളീലമാണെന്ന് ആരോപിച്ചും, ചിത്രകാരന്മാർ കൂട്ടം ചേർച്ച് ലഹരി ഉപയോഗിക്കയാണെന്നും ആരോപിച്ച് സിഐ.ടി.യു പ്രവർത്തകർ പോസ്റ്റർ പതിച്ച് വികൃതമാക്കുകയാണ്. സിഐ.ടി.യുവിന്റെ ദേശീയ പണിമുടക്കിന്റെ പോസ്റ്ററുകളാണ് ചിത്രത്തിന് മേൽ പതിച്ചത്.ഗുജറാത്തി സ്ട്രീറ്റിൽ കഴിഞ്ഞ വർഷമാണ് കലാകാരന്മാർ ഈ ചിത്രം വരച്ചത്. മൂന്ന് ദിവസംകൊണ്ടായിരുന്നു ചിത്രം പൂർത്തീകരിച്ചത്.

തന്റെ അനുമതിയോടെയാണ് ചിത്രം വരയ്ക്കാൻ അനുമതി നൽകിയതെന്ന് ചിത്രം വരച്ച കെട്ടിടത്തിന്റെ ഉടമ പറഞ്ഞു. എന്നാൽ ചിത്രം അവിടെനിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നെന്നും ചിത്രത്തിന് മേൽ പോസ്റ്റർ ഒട്ടിക്കാൻ ആരോടും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെയും യുവാക്കളെയും വഴിതെറ്റി പോകുമെന്നാണ് പോസ്റ്റർ ഒട്ടിച്ചതിനെ സംബന്ധിച്ച സിഐ.ടി.യു പ്രവർത്തകർ നൽകുന്ന വിശദീകരണം. അതേസമയം സിഐ.ടി.യു പ്രവർത്തകരുടെ നടപടിയിൽ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. നഗരത്തിലെ ചിത്രകാരന്മാരും ശിൽപ്പികളും എല്ലാം ഈ നടപിയിൽ പ്രതിഷേധിക്കുന്നുണ്ട്. അതേസമയം ഈ ചിത്രംവരയുടെ പേരിൽ ഇവിടെ വരുന്നത് ബൈക്ക് റോഡിൽ പാർക്ക് ചെയ്യുന്നതിന്റെ പേരിൽ പ്രശ്നം ഉണ്ടായിരുന്നു എന്നല്ലാതെ ലഹരി ഉപയോഗിക്കുന്നതായി അറിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.