തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ സ്ത്രീക്കും യുവാവിനും നേരെ സദാചാര ഗുണ്ടകളുടെ ആക്രമണം. ചിതറയിലാണ് സംഭവം. രാത്രി സ്ത്രീയുടെ വീട്ടിടിന്റെ വാതിൽ പൊളിച്ചെത്തിയ നാട്ടുകാർ രണ്ടുപേരെയും രണ്ടു മണിക്കൂറോളം മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. മർദ്ദനത്തിനിടെ വസ്ത്രം വലിച്ചു കീറാൻ ശ്രമിച്ചതായും കടയ്ക്കൽ പൊലീസിൽ സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു. അതേസമയം രണ്ടാഴ്ച മുമ്പ് നടന്ന സംഭവത്തിൽ ഇതുവരെയും പൊലീസ് നടപടിയെടുത്തിട്ടില്ല.

ജൂൺ 12നാണ് സദാചാര ഗുണ്ടകളുടെ ആക്രമണമുണ്ടായത്. മകന്റെ സുഹൃത്ത് അന്നു വീട്ടിലുണ്ടായിരുന്നു. രാത്രിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ പരിസരവാസികളായ എട്ടോളം പേർ രണ്ടുപേരെയും വിളിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. മരത്തിൽ കെട്ടിയിട്ടും ആക്രമണം തുടർന്നു. ഇതിനിടെയാണ് വസ്ത്രം വലിച്ചുകീറാനും ശ്രമം നടന്നത്.

സംഭവത്തിൽ അടുത്ത ദിവസം തന്നെ ഇരുവരും പ്രത്യേകം കടയ്ക്കൽ പൊലീസിൽ പരാതി നൽകിയെങ്കിലും നപടിയുണ്ടായില്ല. യുവാവിന്റെ പരാതിയിൽ ഏഴു പേർക്കെതിരെ കേസെടുക്കുകയായിരുന്നു. സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും ഇവരെ ജാമ്യത്തിൽ വിട്ടു. സ്ത്രീയുടെ പരാതിയിൽ നടപടിയുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സംഭവത്തിൽ ഏഴു പേർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് പറയുന്നത്.