പത്തനംതിട്ട: രണ്ടു വർഷം മുൻപുണ്ടായ സംഭവത്തിനു കാത്തിരുന്ന് പ്രതികാരം ചെയ്ത യുവാക്കൾ കൊലക്കുറ്റത്തിന് അറസ്റ്റിൽ. അവിഹിത ബന്ധം ആരോപിച്ച് യുവാവിനെ പിന്തുടർന്ന് സദാചാരപ്പൊലീസ് ചമഞ്ഞ് വിരട്ടാൻ ശ്രമിച്ചപ്പോൾ മുളകുപൊടി എറിഞ്ഞ് ഓടിച്ചതിന്റെ പ്രതികാരമായി യുവാവിനെ തിരുവോണ നാളിൽ മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു. ചിറ്റാർ കൊടുമുടി കൃഷ്ണവിലാസം വിനോദാ(53)ണ് തിരുവോണനാളിൽ നടുറോഡിൽ മർദനമേറ്റ് മരിച്ചത്. കൊലക്കേസിൽ കൊടുമുടി പള്ളിപ്പറമ്പിൽ ആനന്ദന്റെ മകൻ അഖിൽ ആനന്ദ് (27), മേപ്പുറത്ത് സന്തോഷിന്റെ മകൻ അഖിലേഷ് (20), തടത്തിൽ രാമചന്ദ്രന്റെ മകൻ ടി.ആർ രഞ്ജുമോൻ(25), തടത്തിൽ പ്രഭാകരന്റെ മകൻ ടി.പി. രവി (49) എന്നിവരാണ് അറസ്റ്റിലായത്.

രണ്ടു വർഷം മുമ്പ് പ്രതികളായ അഖിൽ ആനന്ദൻ, അഖിലേഷ്, രഞ്ജുമോൻ എന്നിവരും കൊടുമുടി സ്വദേശി അനീഷും ചേർന്ന് വിനോദുമായി ഏറ്റുമുട്ടിയിരുന്നു. ഭാര്യയെയും കുടുംബത്തെയും ഉപേക്ഷിച്ചു കഴിയുന്ന വിനോദ് ഒരു സ്ത്രീയുടെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു. ഇത് പിടികൂടാൻ സദാചാരപ്പൊലീസ് ചമഞ്ഞ് എത്തിയ പ്രതികളെ അന്ന് വിനോദും ഒപ്പമുള്ള സ്ത്രീയും ചേർന്ന് മുളകുപൊടി വിതറി അടിച്ച് ഓടിച്ചിരുന്നു. അതിന്റെ പ്രതികാരത്തിനായി തക്കം പാർത്തിരിക്കുകയായിരുന്നു പ്രതികൾ.

കഴിഞ്ഞ ഒമ്പതുവർഷമായി കൊടുമുടിയിലെ വീടുമായി ബന്ധമില്ലാതിരുന്ന വിനോദ് അമ്മയെ കാണാനാണ് തിരുവോണ ദിവസം ഇവിടെ എത്തിയത്. വരുന്ന വഴിക്ക് വിനോദ് സുഹൃത്തും കുഴൽകിണർ കരാറുകാരനുമായ രവിയുടെ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ഒരു കുപ്പി മദ്യം എടുത്തു കൊണ്ടുപോയി. വിവരമറിഞ്ഞെത്തിയ രവി വിനോദിനെ വിളിച്ചു വരുത്തി. ഇവർ തമ്മിൽ മദ്യത്തിന്റെ പേരിൽ ഒരു മണിക്കൂറോളം കൊടുമുടി ജങ്ഷനിൽ വാക്കുതർക്കമുണ്ടായി.

താൻ എടുത്തതിനു പകരം ചിറ്റാറിൽ പോയി മദ്യം വാങ്ങി വരാമെന്നുപറഞ്ഞ് ബൈക്കിൽ വിനോദ് പോയി. ഈ സമയം പടയണിപ്പാറ ജങ്ഷനിലുണ്ടായിരുന്ന അഖിലും അഖിലേഷും രഞ്ജുമോനും അനീഷും ചേർന്ന് വിനോദിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായ വിനോദിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ തുനിഞ്ഞപ്പോൾ തടസപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തു വച്ചു തന്നെ വിനോദ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അനീഷ് കൂടി പിടിയിലാകാനുണ്ട്.