പാലക്കാട് : ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്.ഒപ്പം അക്രമിസംഘം സഞ്ചരിച്ച വാഹനങ്ങളിലൊന്ന് കണ്ടെത്തിയതായും സൂചനയുണ്ട്. ആയുധം കൊണ്ടുവന്നെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയും കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.അതേസമയം, പിടികൂടിയ വാഹനം സംബന്ധിച്ച് പൊലീസ് ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

ഗൂഢാലോചനയിൽ പങ്കാളികളായ നാലുപേരെ പൊലീസ് ഇന്നലെ അറസ്റ്റുചെയ്തിരുന്നു. കൃത്യംനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുക്കുകയും മേലാമുറിയിൽ സംഭവസമയത്ത് എത്തുകയുംചെയ്ത രണ്ടുപേരും പിടിയിലായവരിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടുപേരെ കൂടി ഇന്ന് പിടികൂടിയിരിക്കുന്നത്. പാലക്കാട് കല്പാത്തി ശംഖുവാരമേട് എച്ച്. മുഹമ്മദ് ബിലാൽ (22), കല്പാത്തി ശംഖുവാരത്തോട് എ. റിയാസുദീൻ (റിയാസ്-35), ശംഖുവാരമേട് എ. മുഹമ്മദ് റിസ്വാൻ (20), പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് താഴേമുരളി പറപ്പത്തുതൊടി എം. സഹദ് (22) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ഇവർ പേപ്പുലർഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ.)യുടെ പ്രദേശിക യൂണിറ്റ് ഭാരവാഹികളാണെന്ന് പൊലീസ് പറഞ്ഞു.

കൃത്യംനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുക്കുകയും മേലാമുറിയിൽ സംഭവസമയത്ത് എത്തുകയുംചെയ്തവരാണ് മുഹമ്മദ് ബിലാലും റിയാസുദീനുമെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുടെ മൊബൈൽഫോണുകളുംമറ്റും ശേഖരിച്ച് അവരവരുടെ വീടുകളിലെത്തിച്ചത് മുഹമ്മദ് റിസ്വാനാണെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. ഗൂഢാലോചനയിൽ പങ്കെടുക്കുകയും സംഘത്തിന് മറ്റുസഹായങ്ങൾ നൽകുകയും ചെയ്തതിനാണ് സഹദ് അറസ്റ്റിലായത്. വ്യാഴാഴ്ച വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ 16 പ്രതികളുണ്ടെന്നാണ് ഇതുവരെനടന്ന അന്വേഷണത്തിൽ തെളിഞ്ഞിട്ടുള്ളതെന്ന് എ.ഡി.ജി.പി. വിജയ് സാഖറെ പറഞ്ഞു.ശ്രീനിവാസനെ കടയിലെത്തി ആക്രമിച്ച ആറുപേരും ഒളിവിലാണ്. എലപ്പുള്ളിയിലെ എസ്.ഡി.പി.ഐ. പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട ഏപ്രിൽ 15-ന് രാത്രിതന്നെ പ്രതികാരക്കൊല ലക്ഷ്യമിട്ട് ഗൂഢാലോചന നടത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സുബൈറിന്റെ മൃതദേഹം സൂക്ഷിച്ചിരുന്ന ജില്ലാ ആശുപത്രി മോർച്ചറിക്കുസമീപത്തെ മൈതാനത്താണ് സംഘം പദ്ധതികൾ ആവിഷ്‌കരിച്ചത്.

പിറ്റേന്ന് രാവിലെത്തന്നെ വധിക്കേണ്ട ആളെയും തീരുമാനിച്ചു. മേലാമുറിയിലെത്തി പരിസരനിരീക്ഷണം നടത്തി.തുടർന്ന്, വാഹനങ്ങളും ആയുധങ്ങളും സംഘടിപ്പിച്ച് ഉച്ചയോടെ കൃത്യം നടത്തുകയായിരുന്നു. കൃത്യത്തിനായി നിയോഗിച്ചവർക്ക് ഏതെങ്കിലും തരത്തിലുള്ള തടസ്സമുണ്ടാവുകയോ ആക്രമണശേഷം രക്ഷപ്പെടാൻ കഴിയാതെവരികയോ ചെയ്താൽ ഇടപെടാൻ മേലാമുറിഭാഗത്ത് സംഘത്തിലെ മറ്റുനാലുപേർ നിലയുറപ്പിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ശ്രീനിവാസനെ ആക്രമിച്ച ആറംഗസംഘത്തിനായുള്ള ഊർജിത നിരീക്ഷണങ്ങളും പരിശോധനകളും ജില്ലയുടെ വിവിധഭാഗങ്ങളിൽ പൊലീസ് നടത്തിവരുന്നുണ്ട്.