ന്യൂഡൽഹി: നോട്ടുനിരോധനത്തിന് പിന്നാലെ ബാങ്കുകൾ പണം കുമിഞ്ഞുകൂടി  സമ്പുഷ്ടമായെന്ന വിലയിരുത്തലിൽ ആ പണം നരേന്ദ്ര മോദി സർക്കാർ വിനിയോഗിക്കാൻ ഒരുങ്ങുന്നത് മുഖ്യമായും രാജ്യത്തെ കർഷകരുടേയും ഗ്രാമീണ മേഖലയുടേയും ഉന്നമനത്തിനായി. പാർലമെന്റിൽ അവതരിപ്പിക്കുന്ന പൊതുബജറ്റിൽ ഇതിനുള്ള വ്യക്തമായ സൂചനകളും പ്രഖ്യാപനങ്ങളുമാണ് ആദ്യഘട്ടത്തിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി നടത്തിയത്. ഇതോടൊപ്പം യുവാക്കളുടെ സംരംഭങ്ങൾക്കും സ്ത്രീകൾക്കുള്ള പദ്ധതികൾക്കും മുൻതൂക്കം നൽകിയിട്ടുണ്ട്.

വരാൻ പോകുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിൽ യുപിയും പഞ്ചാബും കാർഷകർ കൂടുതലുള്ള മേഖലകളായതിനാൽ തന്നെ ഇവിടെയുള്ള ജനങ്ങളെ ഉന്നംവയ്ക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ആദ്യഘട്ടത്തിൽ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പ്രത്യേകമായി ആ സംസ്ഥാനങ്ങളെ ഉദ്ദേശിക്കുന്നു എന്ന തോന്നൽ പ്രകടമാക്കാതെയാണ് പ്രഖ്യാപനങ്ങൾ.

ഗ്രാമീണ മേഖലയ്ക്കും കർഷകരുടെ ഉന്നമനത്തിനും ഊന്നൽ നൽകുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് ജെയ്റ്റ്‌ലി ബജറ്റവതരണം തുടങ്ങിയത്. ബാങ്ക് വായ്പകൾ വൻതോതിൽ വർധിക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി ഇതിൽ വലിയൊരു പങ്ക് കാർഷിക മേഖലയിലെത്തുമെന്നും വ്യക്തമാക്കി. കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ തയ്യാറാക്കാൻ സഹായകമായ പദ്ധതികളാണ് സർക്കാർ തയ്യാറാക്കിയിട്ടുള്ളത്.

10 ലക്ഷം കോടി രൂപയുടെ കാർഷിക വായ്പകൾ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നൽകും. അഞ്ചുവർഷത്തിനകം കൃഷിക്കാരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പദ്ധതികൾ നടപ്പാക്കുന്നത്. കറൻസി നിരോധനത്തിന് പിന്നാലെ ബാങ്കുകളിൽ അധികമായെത്തിയ പണം വായ്പകൾക്ക് കരുത്തുപകരും. അഞ്ചു വർഷത്തിനകം കർഷകരുടെ വരുമാനം ഇരട്ടിയാക്കാനുള്ള നയങ്ങളാണ് സർക്കാർ ആവിഷ്‌കരിക്കുന്നത്.

63,000 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ മൂന്നു വർഷത്തിനകം കംപ്യൂട്ടർവത്കരിക്കും. ജലസേചനത്തിന് പ്രത്യേക നബാർഡ് ഫണ്ട്. 500 കോടി രൂപ വകയിരുത്തും. വിള ഇൻഷുറൻസിന് 9000 കോടിയും ക്ഷീരമേഖലയ്ക്ക് 80,000 കോടിയും വകയിരുത്തും. കൂടുതൽ കാർഷിക ലാബുകൾ ആരംഭിക്കും. കാർഷിക മേഖലയിൽ 4.1 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നു. ഗ്രാമീണ കാർഷിക രംഗത്തിന് 1,87,000 കോടി രൂപയാണ് ബജറ്റ് വകയിരുത്തൽ. ഇതോടെ രാജ്യം മറ്റൊരു കാർഷിക വിപഌവത്തിനു തന്നെ സാക്ഷ്യംവഹിക്കുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്. വിള ഇൻഷ്വറൻസിന് 9000 കോടിയും വകയിരുത്തി.

ഇതിനോടൊപ്പം സമഗ്രമായ ഗ്രാമീണ വികസനത്തിനും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക-ഗ്രാമീണ വികസനം സമന്വയിപ്പിക്കും വിധം തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതൽ സഹായമുണ്ടാകും. തൊഴിലുറപ്പ് മേഖലയിൽ നടപ്പാക്കിയ ജിയോ-ടാഗിങ് ഫലപ്രദമാണെന്ന് വിലയിരുത്തിയ ധനമന്ത്രി മേഖലയ്ക്കായി 48,000 കോടി രൂപ വിലയിരുത്തി. നിലവിൽ പ്രതിദിനം 132 കിലോമീറ്റർ ഗ്രാമീണ റോഡാണ് രാജ്യത്താകെ നിർമ്മിക്കപ്പെടുന്നത്. 2011-14 വർഷ്തതിൽ ഇത് 73 കിലോമീറ്റർ മാത്രമായിരുന്നു. ഗ്രാമീണറോഡുകൾ നിർമ്മിക്കുന്നതിന് വേഗം കൂട്ടുമെന്ന് പ്രഖ്യാപിച്ച മന്ത്രി പദ്ധതിക്ക് 19,000 കോടി രൂപ വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ എല്ലാവർക്കും ഉറപ്പാക്കും. 2019 ഓടെ 50,000 ഗ്രാമങ്ങളെ ദാരിദ്ര രഹിതമാക്കുമെന്നും ഒരു കോടി ഭവനങ്ങൾ ദാരിദ്രമുക്തമാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളുമുണ്ട്.

ഇതൊടൊപ്പം സ്ത്രീ ശാക്തീകരണത്തിനും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പദ്ധതികൾക്ക്ായി 1.84 ലക്ഷം കോടി രൂപയാണ് വകയിരുത്തിയത്. മഹിളാ ശാക്തീകരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ 500 കോടി രൂപ നീക്കിവച്ചു. മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത ആരോഗ്യ സ്മാർട്ട് കാർഡുകളും പ്രഖ്യാപിച്ചിട്ടുണ്ട്.