തൃശൂർ: 22 കോടിയുടെ നിക്ഷേപത്തട്ടിപ്പ് പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത പി.എസ്.എൻ മോട്ടോഴ്സിന്റെ എം.ഡി സംഗമേശ്വരനും സഹോദരൻ ബാലസുബ്രഹ്മണ്യത്തിനും പത്തു ലക്ഷം രൂപ നൽകിയത് 2009 ലാണെന്ന് ആത്മഹത്യ ചെയ്ത കോലഴി സ്വദേശി കുമ്പളി വീട്ടിൽ സുദേവന്റെ ഭാര്യ പറയുന്നു. സാമ്പത്തികബാദ്ധ്യത ഉണ്ടായിരുന്നതിനാൽ സ്വന്തം വീടും പറമ്പും വിൽക്കുകയായിരുന്നു. കൊടുക്കാനുള്ളവർക്ക് നൽകിയതിനു ശേഷമുള്ള തുകയാണ് പി.എസ്.എൻ മോട്ടോഴ്സിന്റെ ഉടമക്ക് നൽകിയത്.

നാലുവർഷത്തോളം പലിശ കൃത്യമായി നൽകിയിരുന്നു. പിന്നീട് നൽകാതായി. ഇയാളെ അറസ്റ്റു ചെയ്യുന്നതിന്റെ തൊട്ടു തലേന്നുവരെ ഫോൺവിളിച്ചു പണം ആവശ്യപ്പെട്ടിരുന്നു. തന്റെ കൈയിൽ പണം ഇല്ലെന്നും എത്രയും പെട്ടെന്നു പണം നൽകാമെന്നുമാണ് ഇയാൾ പറയാറുള്ളത്. ശോഭസിറ്റിയിലെ ആഡംബരജീവിതത്തെക്കുറിച്ച് അറിയില്ലായിരുന്നു. പണം തിരിച്ചുകിട്ടാൻ മറ്റു വഴിയില്ലാത്തതിനാൽ പരാതി നൽകി മിണ്ടാതിരിക്കുകയായിരുന്നു.

2016 ജൂലായ് 29ന് അർദ്ധരാത്രിയാണ് പണം തിരികെ ലഭിക്കാത്തതിലുള്ള മനോവിഷമം മൂലം കോലഴിയിലെ വാടക വീട്ടിൽ സുദേവൻ തൂങ്ങിമരിച്ചത്. സ്ഥലം വാങ്ങി വീടുണ്ടാക്കുന്ന കാര്യം ഏപ്പോഴും സുദേവൻ പറയാറുണ്ടെങ്കിലും പണം ലഭിക്കാത്തത് വലിയ നിരാശക്കും മാനോവിഷമത്തിനും ഇടയാക്കിയിരുന്നുവെന്ന് ബിന്ദു പറയുന്നു. ബിരുദ വിദ്യാർത്ഥിയായ മകനൊപ്പം വാടക വീട്ടിൽ കഴിയുന്ന ഇവർ ഒരു ഷോപ്പിൽ തൊഴിലെടുത്താണ് കുടുംബം പുലർത്തുന്നത്.

സംഗമേശ്വരനും ബാലസുബ്ഹമണ്യവും പണം നൽകിയതിന് തെളിവായി നൽകിയ 10 ലക്ഷത്തിന്റെ ബോണ്ട് ബിന്ദുവിന്റെ പക്കലുണ്ട്. പണം നൽകാനുള്ളവരോട് ബുദ്ധിമുട്ടുകൾ പറയുകയും കോടതിയിൽ പാപ്പരായി പ്രഖ്യാപിച്ചുവെന്നു ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഇയാൾ, ഇംഗ്ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നുവെന്നും പറയുന്നു. 2016 ഒക്ടോബറിലാണ് സംഗമേശ്വരനെതിരെ ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. കമ്പനി നഷ്ടത്തിലായെന്നും അടച്ചുപൂട്ടിയെന്നും കാണിച്ചാണ് സംഗമേശ്വരൻ കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തത്. സംഗമേശ്വരൻ 2014 വരെ പലിശ നൽകിയിരുന്നു. ബാലസുബ്രഹ്മണ്യൻ പലിശ നൽകിയില്ലെന്നു മാത്രമല്ല ഫോണെടുക്കാറുമില്ല. ബി.എസ്.എൻ.എൽ ടവർ നിർമ്മാണത്തിന്റെ കരാറുകാരനായിരുന്ന സുദേവനെ പോലെ വഞ്ചിക്കപ്പെട്ടവർ നിരവധിയാണ്.

പത്തുമുതൽ 18 ശതമാനംവരെ പലിശയാണ് പിഎസ്എൻ മോട്ടോഴ്സിന്റെ പേരിൽ പണം നൽകിയവർക്ക് വാഗാദാനം നൽകിയിരുന്നത്. കുറച്ചുകാലം ഇതുനൽകാൻ സാധിച്ചെങ്കിലും പിന്നീട് നിലക്കുകയായിരുന്നു. ബ്രാഹ്മണജാതിക്കാരും തൃശ്ശൂർ പൂങ്കുന്നം സ്വദേശികളുമായ ഇവരെ സ്വസമുദായത്തിൽപ്പെട്ടവർ കണ്ണടച്ചു വിശ്വസിച്ചു. കൊള്ളപ്പലിശ ലഭിക്കുമെന്നതിനാൽ ഈ പ്രദേശത്തെ നിരവധിപേരാണ് തട്ടിപ്പിൽ കുടുങ്ങിയത്.10 ലക്ഷം മുതൽ 60 ലക്ഷം വരെയാണ് 140 ഓളം പേരിൽ നിന്നായി സ്വരൂപിച്ചത്. ഇങ്ങനെ 12 കോടി രൂപയും ധനകാര്യസ്ഥാപനങ്ങളിൽ നിന്നും 10 കോടിയോളം രൂപയുമാണ് തട്ടിപ്പ് നടത്തിയതായി പൊലീസ് പറയുന്നത്.തൃശൂർ മുൻസിഫ് കോടതിയിൽ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തതിൽ തന്നെ 88 വ്യക്തികൾക്കും 16 ധനകാര്യസ്ഥാപനങ്ങൾക്കും പണം നൽകാനുണ്ടെന്നു സംഗമേശ്വരൻ സമ്മതിച്ചിട്ടുണ്ട്. സർക്കാർ ജോലിയിൽ നിന്നും വിരമിച്ച നിരവധിപേർ ഇവരുടെ തട്ടിപ്പിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് അറിയുന്നത്.

വാഹനങ്ങളുടെ ബോഡി നിർമ്മിച്ചു നൽകുന്ന പി.എസ്.എൻ മോട്ടോഴ്സ് എന്ന സ്ഥാപനത്തിന്റെ സത്പേരാണ് നിക്ഷേപം സ്വീകരിക്കുന്നതിനായി ഇയാൾ പ്രയോജനപ്പെടുത്തിയത്. പുഴക്കൽ പുലിക്കൂടുമഠത്തിൽ സംഗമേശ്വരൻ സ്ഥാപനത്തിന്റെ എം.ഡിയും ഭാര്യ ഡയറക്ടറുമായിരുന്നു. എല്ലാ തട്ടിപ്പിലുമെന്നപ്പോലെ ആദ്യം കൃത്യമായി പലിശ നൽകിയതോടെയാണ് നിക്ഷേപം വർദ്ധിക്കാൻ തുടങ്ങിയത്. 17ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്ന, കിരാലൂർ സ്വദേശി മുരളിയുടെ പരാതിയിലാണ് പൊലീസ് ഇപ്പോൾ അറസ്റ്റു ചെയ്തിരിക്കുന്നത്. കൂടുതൽ പരാതികൾ വന്നുകൊണ്ടിരിക്കുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിശദമായ കണക്കുകളും രേഖകളും പരിശോധിച്ചുവരികയാണ്.