മലപ്പുറം: ഭാരതപ്പുഴയിൽ ചമ്രവട്ടം പാലത്തിന് അടുത്ത് കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും മതാചാരപ്രകാരമുള്ളകർമ്മങ്ങൾക്ക് ശേഷം ഉപേക്ഷിച്ചവയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം പോത്തന്നൂർ സ്വദേശി തുപ്രന്റെതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊന്നാനി പൊലീസ് കേസെടുത്തു. തിരൂർ ഡിവൈഎസ്‌പി പൊന്നാനി ഇൻസ്പെക്ടർ, എന്നിവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.

അവശിഷ്ടങ്ങളിലെ അസ്ഥിയിൽ കാണപ്പെട്ട സ്റ്റിൽ റാഡ് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി സ്ഥാപിച്ചതാണെന്നുകണ്ടെത്തി. ഇതേത്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് രണ്ടു വർഷം മുൻപ്. മരിച്ച തുപ്രന്റെ മൃതദേഹമാണെന്ന് തെളിഞ്ഞത്. ഇയാളുടെ കുടുംബക്കാർ മൃതദേഹം മറവ് ചെയ്തിരുന്ന സ്ഥലത്ത് പുതിയ വീട് ഉണ്ടാക്കുന്നതിനായി മണ്ണ് മാറ്റിയപ്പോൾ കാണപ്പെട്ട അസ്ഥികൾ മതാചാരപ്രകാരമുള്ള കർമ്മങ്ങൾക്ക് ശേഷം തിരുനാവായയിലും ചമവട്ടംകടവിലും ഉപേക്ഷിച്ചവയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

മൃതദേഹ അവശിഷ്ടം കണ്ടതോടെ കൊലപാതകമോ എന്ന് പൊലീസ് സംശയിച്ചിരുന്നു.വിശദ പരിശോധനക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ഇന്നലെ് ഉച്ചയോടെയാണ് ഭാരതപ്പുഴയിൽ നരിപ്പറമ്പിൽ ചമ്രവട്ടം പാലത്തിന് താഴെയുള്ള കലുങ്കിന് സമീപത്ത് നിന്നും മനുഷ്യ മൃതദേഹത്തിന്റെ എല്ലുകൾ കണ്ടെത്തിയത്. കലുങ്കിനോട് ചേർന്ന് പായലും, ചെളിയും കെട്ടിക്കിടക്കുന്ന ഭാഗത്ത് അടിഞ്ഞ നിലയിലാണ് എല്ലുകൾ കണ്ടത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊന്നാനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇടുപ്പെലിന് സ്റ്റീൽ ഇട്ട തരത്തിലാണ് എല്ലുകൾ ലഭിച്ചത്.