കണ്ണൂർ: ജീവിതത്തിൽ ഒരിക്കലും ഒരു കുഞ്ഞിക്കാലുകാണാനുള്ള സൗഭാഗ്യം ഇല്ലെന്നു കരുതിയ ദമ്പതികൾക്ക് ആശ്വാസത്തിന്റെ പൊൻ വെളിച്ചം നൽകുകയാണ് കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രി. മറ്റു ചികിത്സാ ശാഖകളിൽ ലക്ഷങ്ങൾ ചിലവഴിച്ചിട്ടും ഫലപ്രാപ്തിയില്ലാതെ വന്നപ്പോഴാണ് ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും പദ്ധതി പ്രകാരം ഭൂരിഭാഗം പേരും ചികിത്സ തേടിയെത്തിയത്. ലക്ഷങ്ങൾ ചിലവഴിച്ച് കൃത്രിമ ഗർഭധാരണം വരെ നടത്തി പരാജയപ്പെട്ടവർ അടക്കം 140 പേർ ഗർഭിണികളാവുകയും 83 പേർ അമ്മമാരാവുകയും ചെയ്തു. കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ് ഇത്രയും നേട്ടങ്ങൾ കൈവരിച്ചതെന്ന് ഡോക്ടർമാരായ എസ്. ശ്രീവിദ്യയും എം. അമുദവും പറയുന്നു.

കേരളത്തിനകത്തും പുറത്തും സൂപ്പർ സ്പഷാലിറ്റി ആശുപത്രികളിൽ മറ്റു ചികിത്സ തേടി പരാജയപ്പെട്ടവരാണിവരിലധികവും. സർക്കാർ ആശുപത്രി എന്നതിനാൽ സൗജന്യമായാണ് ഇവിടെ ചികിത്സ നൽകുന്നത്. കേരളത്തിന്റെ അഭിമാന ചികിത്സാ പദ്ധതിയാണ് ഇവിടെ നടക്കുന്നതെന്ന് ആരോഗ്യ മന്ത്രിയും കൃഷിമന്ത്രിയും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2017 ജനുവരി വരെയുള്ള വന്ധ്യതാ ചികിത്സകളുടെ ബുക്കിങ് പൂർത്തിയായിരിക്കയാണ് ഈ ആശുപത്രിയിൽ. സർക്കാറിനു കീഴിൽ പ്രവർത്തിക്കുന്ന ഒരാശുപത്രിക്ക് ഇത്രയും ജനകീയ അംഗീകാരം ലഭിക്കുന്നതും ഇതാദ്യം.

40 വയസ്സിനു മുകളിലുള്ള അഞ്ചു പേർ ഗർഭിണികളായതാണ് അപൂർവ്വനേട്ടമായി കാണുന്നത്.എന്നാൽ 35 വയസ്സിനും 40 വയസ്സിനും ഇടക്ക് ചികിത്സ തേടി എത്തുന്നവരിൽ നല്ല ഫലമാണുണ്ടാകുന്നതെന്ന് ഡോ.ശ്രീവിദ്യ പറയുന്നു. 2012 ജൂലായ് മുതലാണ് ഹോമിയോ ആശുപത്രിയിൽ അമ്മയും കുഞ്ഞും ചികിത്സാ പദ്ധതി ആരംഭിച്ചത്. പരിമിതമായി ആരംഭിച്ച പദ്ധതിക്ക് ഫലം കണ്ട് തുടങ്ങിയതോടെയാണ് ഇതുവരെ അമ്മമാരാകാതിരുന്നവർ ഇവിടെ വന്നു തുടങ്ങിയത്. കൃത്രിമ ഗർഭധാരണം നടത്തിയിട്ടും ഫലം കാണാത്ത ഒരു സ്ത്രീ ഇവിടുത്തെ ചികിത്സയിൽ ഗർഭിണിയായതോടെയാണ് ഇതിന്റെ പ്രശസ്തി വ്യാപിക്കാൻ കാരണമായത്.

വന്ധ്യതാ ചികിത്സക്ക് സാധാരണക്കാരുടെ ആശ്വാസ കേന്ദ്രമാണ് ഹോമിയോ ആശുപത്രിയിലെ അമ്മയും കുഞ്ഞും ഒ.പി. രണ്ടു വർഷത്തിനിടയിൽ ഇവിടെയുണ്ടായ ചികിത്സാ മികവിന്റെ അടിസ്ഥാനത്തിലാണ് പ്രോജക്ട് ഒ.പി.എ. വന്ധ്യതാ ചികിത്സ കേന്ദ്രമെന്ന നിലയിൽ ഉയർത്തിയത്. ചികിത്സാ മികവിന് ഇത്രയേറെ കീർത്തി നേടിയിട്ടും ഇവിടെ മുഴു സമയ ഡോക്ടർമാരില്ലാ എന്നതാണ് ഖേദകരം. രണ്ട് വനിതാ ഡോക്ടർമാർ ആഴ്ചയിൽ മൂന്ന് ദിവസം വീതം മാറി മാറി ചികിത്സ നടത്തണം. ഈ രണ്ട് ഡോക്ടർമാരും സ്ഥിരമായി ഇവിടെ ഉണ്ടെങ്കിൽ രോഗികളുടെ ക്രമാതീതമായ എണ്ണം നിയ്‌രന്തിക്കാൻ കഴിയും.

അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ നിലവിലുള്ളതിനേക്കാൾ ഫലമുണ്ടാക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. കേരളത്തിന്റെ അഭിമാന ചികിത്സാ പദ്ധതിയാണ് കണ്ണൂർ ഹോമിയോ ആശുപത്രിയിൽ നടക്കുന്നതെന്ന് കൊട്ടിഘോഷിക്കപ്പെട്ടിട്ടും ഇതിന്റെ വികാസത്തിന് ആരും ഉണർന്ന് പ്രവർത്തിക്കുന്നില്ല എന്നാണ് വസ്തുത. മുഴുസമയം ഡോക്ടർമാരെ നിയമിക്കുക, സ്‌കാനിങ് അടക്കമുള്ള ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ സ്ഥിരം സംവിധാനമൊരുക്കുക, കിടത്തി ചികിത്സിക്കാനുള്ള പ്രത്യേക ബ്ലോക്ക് അനുവദിക്കുക, എന്നിവയാണ് ആശുപത്രിക്ക് അടിയന്തിരമായും വേണ്ടത്. ആശുപത്രിയുടെ ചികിത്സാ മികവിന് പ്രതിഫലമായി എഴര സെന്റ് ഭൂമി അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടും ഇതുവരേയും അത് പ്രാവർത്തികമായില്ല.

ഒരു രൂപ പോലും ചെലവില്ലാതെ മെച്ചപ്പെട്ട ഫലം ഉറപ്പാക്കുന്ന ഈ വന്ധ്യതാ ചികിത്സാ പദ്ധതി സാധാരണക്കാരന് അനുഗ്രഹമാണ്. ഇത് വിപുലീകരിക്കേണ്ടത് അനിവാര്യവുമാണ്. സർക്കാർ കണ്ണ് തുറക്കണം.