പറവൂർ: കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ചേന്ദമംഗലം കിഴക്കുംപുറം ആണത്തുപറമ്പിൽ ജിബിയാണ് (29) പിടിയിലായത്. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ കാമുകന് ഒത്താശ ചെയ്തതിന് പിന്നീട് അമ്മയും അറസ്റ്റിലായി. ചേന്ദമംഗലം കോട്ടയിൽ കോവിലകം സ്വദേശി സരിതയാണ് അറസ്റ്റിലായത്.

ഭാര്യയെയും മൂന്നു മക്കളെയും ഉപേക്ഷിച്ച ശേഷം ജിബി പെൺകുട്ടിയുടെ അമ്മയുമായി സ്‌നേഹത്തിലായെന്നു പൊലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങിയ അവർ പെൺകുട്ടിയുമൊത്തു വാടക വീടെടുത്ത് ആറു മാസത്തോളം താമസിച്ചു. ജിബിയാണ് ചെലവുകൾ നോക്കിയത്. അവിടെ അമ്മയുടെ അറിവോടെയാണു പെൺകുട്ടിയെ ജിബി പീഡിപ്പിച്ചതെന്നാണു കേസ്.

കുറച്ചുനാൾ മുൻപ് വീട്ടമ്മ ഭർത്താവിനൊപ്പെം വീണ്ടും താമസമാക്കി. പിന്നീടാണു മകൾ ഗർഭിണിയാണെന്നു പിതാവു മനസിലാക്കിയത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ വിവരമറിയിച്ചു. അവരെത്തി കുട്ടിയുടെ മൊഴിയെടുത്ത ശേഷം വടക്കേക്കര പൊലീസിൽ അറിയിച്ചു. വനിതാ എഎസ്‌ഐ കുട്ടിയുടെ മൊഴി വീണ്ടും എടുത്ത ശേഷമാണു കേസ് രജിസ്റ്റർ ചെയ്തത്. സംഭവം നടന്നതു പറവൂരിലായതിനാൽ കേസ് പറവൂർ സിഐക്കു കൈമാറി.

കേസ് കൊടുക്കുന്നതിനു മുൻപു കുട്ടിയുടെ ഗർഭം അലസിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയിൽ പെൺകുട്ടി അഞ്ചു മാസം ഗർഭിണിയാണെന്നു വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ജിബിയെ ആലുവ സബ് ജയിലേക്കും പെൺകുട്ടിയുടെ അമ്മയെ കാക്കനാട് വനിതാ ജയിലിലേക്കും കൊണ്ടുപോയി.

എറണാകുളം ജില്ലാ അഡീഷനൽ സെഷൻസ് കോടതിലേക്ക് കേസ് മാറ്റും. സിഐ സി. പ്രേമാനന്ദകൃഷ്ണൻ, എസ്‌ഐ ടി.വി. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.