വത്തിക്കാൻ സിറ്റി: പാവങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസയെ സെപ്റ്റംബർ നാലിനു വിശുദ്ധയായി പ്രഖ്യാപിക്കും. ഫ്രാൻസിസ് മാർപ്പാപ്പയാണു വത്തിക്കാനിൽ നടക്കുന്ന ചടങ്ങിൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുക.

മദർ തെരേസയുടെ വിശുദ്ധപദവി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടാണ് വത്തിക്കാൻ വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള തീയതി അറിയിച്ചത്. വൈദ്യശാസ്ത്രത്തിനു കാരണം കണ്ടെത്താൻ കഴിയാത്ത തരത്തിലുള്ള അത്ഭുതകരമായ രോഗശാന്തിയാണു മദറിനെ വിശുദ്ധ നാമകരണത്തിനു വത്തിക്കാൻ പരിഗണിച്ചത്.

കൊൽക്കത്തയിലെ പാവങ്ങൾക്കായി ജീവിതം സമർപ്പിച്ച മദറിന്റെ രണ്ടാം അത്ഭുത പ്രവൃത്തി വത്തിക്കാൻ പാനൽ അംഗീകരിച്ചതോടെ മദർ വിശുദ്ധയായി മാറുകയാണ്. മദർ മരിച്ച് രണ്ടു പതിറ്റാണ്ട് ആവുന്നതിനു മുമ്പ് തന്നെയാണു വിശുദ്ധപദവിയിലെത്തുന്നത്.

മദറിന്റെ ചരമവാർഷികത്തിന് ഒരു ദിവസം മുമ്പ്, വരുന്ന സെപ്റ്റംബർ നാലാണു വിശുദ്ധ പദവി പ്രഖ്യാപനത്തിനു തെരഞ്ഞെടുത്തത്. 1910 ഓഗസ്റ്റ് 26നു ജനിച്ച മദർ 1997 സെപ്റ്റംബർ അഞ്ചിനാണ് അന്തരിച്ചത്.

1979ലെ നോബേൽ ജേതാവാണു മദർ തെരേസ. ലോകം മുഴുവൻ അറിയപ്പെടുന്ന മദറിന് കൊൽക്കത്ത തെരുവുകളിലുണ്ടായിരുന്ന പാവപ്പെട്ടർക്കും അശരണർക്കും വേണ്ടി പ്രവർത്തിച്ചതിനാണ് സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചത്.

1998ൽ മൊണീക്ക ബെസ്ര എന്ന ബംഗാൾ ഗോത്രയുവതിയുടെ വയറ്റിലെ ട്യൂമർ ഭേദമായതാണു മദറിന്റെ പേരിലുള്ള ആദ്യ അത്ഭുതപ്രവൃത്തി. 2002ൽ വത്തിക്കാൻ ഇത് ഔദ്യോഗികമായി അംഗീകരിച്ചു. 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ മദർ തെരേസയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ബ്രസീലിലെ സാവോ പോളോയിലെ സാന്റോസ് രൂപതാംഗമായ ഒരാളുടെ തലച്ചോറിലെ ട്യൂമറുകൾ ഭേദമായതാണ് മദറിന്റെ പേരിലുള്ള രണ്ടാം അദ്ഭുത പ്രവൃത്തി.

വിശുദ്ധപദവി പ്രഖ്യാപിക്കാനായി പോപ്പ് ഫ്രാൻസിസ് ഇന്ത്യയിലേക്ക് എത്തുമെന്നായിരുന്നു സൂചന. എന്നാൽ ചടങ്ങ് റോമിൽ നടക്കുമെന്ന വാർത്തകളാണു പുറത്തുവരുന്നത്. അതിനു ശേഷം വരുന്നമാസം നന്ദി അറിയിക്കൽ ചടങ്ങ് കൊൽക്കത്തയിൽ നടത്തും.

1910ൽ അൽബേനിയൻ ദമ്പതിമാരുടെ മകളായി ജനിച്ച ആഗ്‌നസ് എന്ന മദർ തെരേസ 1929ലാണ് ഇന്ത്യയിലെത്തുന്നത്. 1950ൽ മിഷനറീസ് ഒഫ് ചാരിറ്റി സ്ഥാപിക്കുകയും അടുത്ത വർഷം ഇന്ത്യൻ പൗരത്വം നേടുകയും ചെയ്തു.