തിരുവനന്തപുരം: വാഹനവിൽപ്പന ഉൾപ്പെടെ മോട്ടോർവാഹനവകുപ്പിലെ വിവിധ ഓൺലൈൻ സേവനങ്ങൾക്ക് ആധാർ അടിസ്ഥാനരേഖയാക്കിയതിൽ ഗുരുതരപിഴവെന്ന് ആരോപണം. വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ കൈവശമുണ്ടെങ്കിൽ ഉടമയറിയാതെ ഓൺലൈൻ വഴി ഉടമസ്ഥാവകാശം കൈമാറ്റപ്പെടാം.

വാഹനയുടമയുടെ ആധാർ ഉപയോഗിച്ചാണ് അപേക്ഷയെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ക്രമീകരണം സോഫ്റ്റ്‌വേറിലില്ല. മറ്റാരുടെയെങ്കിലും ആധാർ നമ്പർ നൽകിയാലും അപേക്ഷ സ്വീകരിക്കപ്പെടും. ആ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒറ്റത്തവണ പാസ്വേഡ് ഉപയോഗിച്ച് ഉടമസ്ഥാവകാശം കൈമാറുന്നതിനുള്ള അപേക്ഷ പൂർത്തീകരിക്കാം. അങ്ങനെ വാഹനത്തിന്റെ ഉടമ മാറും.

ഉടമയുടെ മൊബൈൽ നമ്പറിലേക്കുവരുന്ന ഒറ്റത്തവണ പാസ്വേഡാണ് ഈ സംവിധാനത്തിലെ ഏക സുരക്ഷാക്കടമ്പ. ഇതിനെ ആധാറിലെ കള്ളക്കളി വച്ച് മറികടക്കാം. രജിസ്ട്രേഷൻ രേഖകളിൽ ഉടമയുടെ മൊബൈൽ നമ്പർ ഉൾക്കൊള്ളിക്കാത്തതും പ്രശ്‌നമാണ്. ഉടമയുടെയും വാങ്ങുന്നയാളിന്റെയും ആധാർ പകർപ്പുകൾ അപ്ലോഡ് ചെയ്യണമെന്നതാണ് ആ പ്രശ്‌നത്തിനുള്ള പരിഹാരം എന്ന് ചൂണ്ടികാണിക്കുന്നു.

ഇത് നിർബന്ധമാക്കിയാൽ ക്രമക്കേട് ഒരുപരിധിവരെ തടയാനാകും. ഉദ്യോഗസ്ഥർക്ക് ഒത്തുനോക്കാനാകും. നിലവിലെ അപേക്ഷാരീതിയിൽ വാങ്ങുന്നയാളിന്റെ ആധാർ പകർപ്പ് മാത്രമാണ് നിർബന്ധം. വിൽക്കുന്നയാളിന്റെ തിരിച്ചറിയിൽ രേഖകൾ ആവശ്യമില്ല. ഇതാണ് തട്ടിപ്പിന് വഴിയൊരുക്കുന്നത്.

കഴിഞ്ഞ ഡിസംബർ 24 മുതലാണ് ആധാർ മുഖേനയുള്ള ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയത്. അപേക്ഷകർ ഓഫീസിൽ ഹാജരാകേണ്ടതില്ല. നിലവിലെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഓഫീസിൽ തിരിച്ചേൽപ്പിക്കേണ്ട. വാഹനം വാങ്ങിയ വ്യക്തിയുടെ പേരിൽ പുതിയ ആർ.സി. ലഭിക്കും. ഇടനിലക്കാരെ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയത്.

ഇത് അട്ടിമറിക്കാൻവേണ്ടിയാണ് വേണ്ടത്ര സുരക്ഷയൊരുക്കാത്തതെന്ന് ആക്ഷേപമുണ്ട്. ഉടമസ്ഥാവകാശ കൈമാറ്റത്തിനുപുറമേ, മേൽവിലാസം മാറ്റം, വായ്പാവിവരങ്ങൾ കൂട്ടിച്ചേർക്കൽ റദ്ദാക്കൽ, നിരാക്ഷേപപത്രം, ഡ്യൂപ്ലിക്കേറ്റ് ആർ.സി., പെർമിറ്റ് പുതുക്കൽ എന്നിവയ്ക്കും ആധാർ ഉപയോഗിച്ച് അപേക്ഷനൽകാം.