കൊച്ചി: നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ ഗേൾഫ്രണ്ടുമായി കറങ്ങിയ കുട്ടി ഡ്രൈവറെ മോട്ടോർ വാഹന വകുപ്പ് വീട്ടിൽ വന്ന് പൊക്കി. ആലുവയിലാണ് സംഭവം. കുട്ടമശ്ശേരി സ്വദേശിയായ കുട്ടി ഡ്രൈവറാണ് കുടുങ്ങിയത്.

വാഹന പരിശോധനയ്ക്കിടെയാണ് കുട്ടി ഡ്രൈവർ നമ്പർപ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ പെൺ സുഹൃത്തുമായി കറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. വാഹനം പരിശോധിക്കാനായി നിർത്താൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെങ്കിലും വേഗത്തിൽ ഓടിച്ചു പോയി.

വാഹനത്തിന്റെ മറ്റൊരു ഭാഗത്ത് രേഖപ്പെടുത്തിയിരുന്ന രജിസ്‌ട്രേഷൻ നമ്പർ ഉദ്യോ?ഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉടമയുമായി ബന്ധപ്പെട്ടു. എന്നാൽ, വാഹനം വിറ്റതാണെന്ന് ഇയാൾ പറഞ്ഞു. പുതിയ ഉടമയുടെ നമ്പറും നൽകി.

നാല് ആളുകളുടെ കൈകളിൽ വാഹനം കൈമറിഞ്ഞെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ 2021-ൽ ഈ വാഹനത്തിനെതിരേ എടുത്ത ഒരു കേസ് കണ്ടെത്തി. അതിൽ നിന്ന് അന്നത്തെ ഉടമയെ ബന്ധപ്പെട്ടു. തുടർന്ന് ഈ വാഹനം വിൽക്കുന്നതിന് ഇടനിലക്കാരനായ വ്യക്തി മുഖാന്തരമാണ് പുതിയ ഉടമയെ കണ്ടെത്തിയത്.

ഇപ്പോൾ വാഹനം സ്വന്തമാക്കിയിട്ടുള്ള ഉടമയുടെ അനുജന്റെ സുഹൃത്താണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയപ്പോൾ വാഹനം ഉപയോഗിച്ചിരുന്നത്. സുഹൃത്തിന്റെ വാഹനത്തിന് സ്‌പെയർ പാർട്‌സ് വാങ്ങാനെന്ന പേരിലാണ് ബൈക്ക് ഓടിക്കാൻ വാങ്ങിയത്. അന്വേഷണം നടത്തി കുട്ടമശ്ശേരിയിലെ വീട്ടിലെത്തി കുട്ടി ഡ്രൈവറെ കൈയോടെ പൊക്കി.

കുട്ടി റൈഡർക്കെതിരെ കേസും എടുത്തു. ലൈസൻസില്ലാതെ വാഹനം ഉപയോഗിച്ചതിനും ഉടമസ്ഥാവകാശം മാറ്റാത്തതിനും വാഹന പരിശോധനയ്ക്കിടെ നിർത്താതെ പോയതിനുമാണ് കേസെടുത്തത്.