തിരുവനന്തപുരം: നിറപറയുടെ മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവയിൽ മായം കണ്ടെത്തിയിതിനെ തുടർന്ന് സംസ്ഥാനത്ത് ഇവയുടെ ഉൽപന്നങ്ങൾ നിരേധിക്കാനും വിപണിയിലുള്ളവ തിരിച്ചെടുക്കാനും ഭക്ഷ്യസുരക്ഷാ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മുഖ്യധാര മാദ്ധ്യമങ്ങളിലെ പ്രമുഖ പരസ്യദാതാക്കളിൽ ഒരാളായ നിറപറയുടെ വാർത്ത പ്രസിദ്ധീകരിക്കാൻ ഇവർ തയ്യാറാകാത്ത സാഹചര്യത്തിൽ മറുനാടൻ മലയാളി അടക്കമുള്ള ഓൺലൈൻ മാദ്ധ്യങ്ങളാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ മായം കലർന്ന ഉൽപന്നങ്ങളെ കുറിച്ച് വാർത്ത നൽകിയത്. വാർത്ത കൊടുക്കാതിരുന്ന മാദ്ധ്യമങ്ങൾക്കെതിരെ പൊതുജനങ്ങൾക്കിടയിൽ നിന്ന് രൂക്ഷമായ വിമർശനം ഉണ്ടായ സാഹചര്യത്തിലാണ് പേരിനെങ്കിലും വാർത്ത പ്രസിദ്ധീകരിക്കാൻ ഇവർ തയ്യാറായാത്.

എന്നാൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കെതിരെ സോഷ്യൽ മീഡിയയിലൂടെ പെയ്ഡ് ന്യൂസ് നൽകി തകർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചും വർഗീയത കലർത്തിയും സ്വജനപക്ഷപാതത്തിന്റെയും ഭാഗം പിടിച്ചാണ് പല ഓൺലൈൻ മാദ്ധ്യമങ്ങളും, കീടനാശിനി കമ്പനികളും അനുപമയെ തുരത്താൻ സോഷ്യൽ മീഡിയ തന്ത്രങ്ങളുമായി എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ വിഷപച്ചക്കറിക്ക് എതിരെ രംഗത്ത് വന്നത് അനുപമയായിരുന്നു. കീടനാശിനി പ്രയോഗത്തിന്റെ ദുരന്തം ജനങ്ങളിലേക്ക് എത്തിക്ക് അനുപമയ്ക്കായി. ഇതോടെ മലയാളി തന്നെ മട്ടുപാവ് കൃഷിയുമായി സജീവമായി. സിപിഐ(എം) പോലുള്ള പ്രസ്ഥാനങ്ങളും വിഷയം ഏറ്റെടുത്തതോടെ തമിഴ്‌നാട്ടിലെ വിഷപച്ചക്കറി ലോബിക്ക് തിരിച്ചടിയായി. ഇതോടെ അവർ അനുപമയ്‌ക്കെതിരെ രംഗത്ത് വരികയായിരുന്നു. ഇതോടൊപ്പമാണ് നിറപറ അടക്കമുള്ള വമ്പൻ ബ്രാൻഡുകളും അനുപമയ്‌ക്കെതിരെ തിരിഞ്ഞത്.

സെപ്റ്റംബർ അഞ്ചിനാണ് നിറപറ ഉൽപന്നങ്ങളെ നിരോധിച്ചു കൊണ്ടുള്ള വാർത്ത ഓൺലൈൻ പത്രങ്ങളിലൂടെ പുറത്ത് വരുന്നത്. അന്നേദിവസം തന്നെ ചില ഓൺലൈൻ പോർട്ടലുകളിൽ അനുപമയെ എതിർത്തും നിറപറയെ അനുകൂലിച്ചുമുള്ള വാർത്തകൾ വാർത്തകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നിറപറ ഉൽപന്നങ്ങൾ നിരോധിച്ച കമ്മീഷണറുടെ നടപടിയിൽ ദുരൂഹത, ഐഎസ് ലോബികളുടെ ഗൂഢാലോചന എന്ന തരത്തിലായിരുന്നു വാർത്തകൾ. നിറപറയുമായി വിപണി മൽസരം നടത്തുന്ന പ്രമുഖ ബ്രാൻഡിന്റെ വിപണന ഉദ്ഘാടനം നിർവഹിച്ച കമ്മീഷണറായ ടിവി അനുപമ ഐഎഎസ് കേന്ദ്ര ചട്ടങ്ങൾ ലംഘിച്ച് പങ്കെടുത്തെന്നാണ് എതിരാളികളുടെ ആരോപണം. ഇത്തരത്തിലുള്ള വാർത്തകൾ ഫെയ്‌സ് ബുക്ക് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്താണ് അനുപമയ്‌ക്കെതിരെയുള്ള പ്രചരണം ആരംഭിച്ചത്. നിറപറയുടെ എതിരാളികളായ കുത്തകക്കമ്പനികൾ ഐഎസ് ലോബിയെ കൂട്ടുപിടിച്ചാണ് നിരോധനം നടത്തിയതെന്ന രീതിയിലുള്ള വാർത്തകളും പ്രചരിച്ചു.

കെ.കെ.ആർ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നിറപറയിലെ അക്കൗണ്ടന്റ് എന്ന പേരിലുള്ള അനൂപ് അനു എഫ്.ബി പോസ്റ്റ് ഇറക്കി. ' കേരള ഫുഡ് സേഫ്റ്റി കമ്മീഷണർ അനുപമ ഐ.എ.സും നിറപറയും ഒത്തു കളിക്കുന്നു. സർക്കാർ ചെലവിൽ നിറപറയുടെ പരസ്യം, ബ്രാൻഡ് അംബാസഡർ അനുപമ'. പോസ്റ്റ് 48പേർക്കാണ് ഈ ജീവനക്കാരൻ ഷെയർ ചെയ്തിരിക്കുന്നത്. തുടരെ തുടരെ വാർത്തകൾ നിറഞ്ഞതോടെ അനുപമയക്കെതിരെയുള്ള വാർത്തകൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ വാർത്തകൾ ' സ്‌പോൺസേർഡ്' ആക്കി മാറ്റി. പിന്നീട് ഫെയ്‌സ് ബുക്കിൽ ഫെയ്ക്ക് ഐഡികൾ ഉണ്ടാക്കിയാണ് വാർത്തകൾക്ക് വായനക്കാരെ ഉണ്ടാക്കിയത്. വാർത്തകളുടെ കമന്റ് ബോക്‌സിൽ നിറപറയ്ക്ക് അനുകൂലമായ റിപ്ലൈ നൽകിയും തെറ്റിനെ ന്യായീകരിച്ചുമാണ് പലരും മറുപടി ഇട്ടത്.

ഇതിനു വേണ്ടി നൂറു കണക്കിന് വ്യാജ പ്രൊഫൈലുകളാണ് ഫേസ്‌ബുക്കിൽ ഉണ്ടാക്കിയത്. കമന്റുകൾ നൽകിയവരും വ്യാജപ്രൊഫൈലുകളുടെ ഉടമകളും എല്ലാവരും തന്നെ ഇത്തരം കമ്പനികളുമായി ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബന്ധമുള്ളവരാണ്. എന്നാൽ ഭക്ഷ്യസുരക്ഷാ കമ്മീഷറെ അനുകൂലിച്ചുള്ള ഫേസ്‌ബുക്കിൽ ഇങ്ങനെ പറയുന്നു. ' അടുത്തിടെ പുറത്തിറങ്ങിയ കറിപൗഡർ ബാൻഡിന്റെ ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തത് എറണാകുളം ജില്ലാ കളക്ടർ എം.ജി.രാജമാണിക്യവും ഭാര്യ നിശാന്തിനി ഐപിഎസും ആയിരുന്നു. 35ലേറെ തവണ നിറപറയ്ക്ക് നോട്ടീസ് നൽകിയതിനു ശേഷവും മായം കലർത്തൽ തുടർന്ന സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയത്.'. എതായാലും സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായി അനുമപ മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അനുപമയ്ക്ക് എതിരെ നടപിയെടുക്കാൻ സർക്കാരിനും കഴിയാത്ത സാഹചര്യമുണ്ട്. കോൺഗ്രസിലെ ഒരു വിഭാഗവും അനുപമയെ നീക്കാനായി രംഗത്തുണ്ട്. നിറപറയുടെ ബ്രാൻഡ് അംബാസിഡറും കോൺഗ്രസ് നേതാവുമായ തമിഴ്‌നടി ഖുശ്‌ബുവാണ് ഇതിന് പിന്നിലെന്നാണ് സൂചന.

അതിനിടെ അനുപമയ്ക്ക് കളക്ടറായി സ്ഥാനക്കയറ്റം നൽകി പ്രശ്‌ന പരിഹാരത്തിന് നീക്കമുണ്ടെന്നും സൂചനയുണ്ട്. എന്നാൽ കളക്ടറായി അനുപമയെ നിയമിച്ചാൽ അവർ വീണ്ടും താരമായി മാറും. അതുകൊണ്ട് തന്നെ എല്ലാ തലത്തിലും ആലോചിച്ച ശേഷമേ സർക്കാർ സമ്മർദ്ദങ്ങളിൽ തീരുമാനം എടുക്കൂ എന്നാണ് സൂചന.