കൊച്ചി: കൊച്ചിമെട്രോയ്ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ബാനർജി റോഡിലെ ഗാന്ധിഭവൻ കോമ്പൗണ്ടിലെ ഗാന്ധിപ്രതിമ മാറ്റുന്നതിനെച്ചൊല്ലി മഹാത്മാഗാന്ധിയുടെ 67-ാം രക്തസാക്ഷിത്വദിനത്തിൽ ഗാന്ധിസംഘടനകൾ തമ്മിൽ തർക്കം. ഗാന്ധിഭവൻ കമ്മിറ്റിയും ഗാന്ധി പീസ് ഫൗണ്ടേഷനും തമ്മിലുള്ള പോരിന്റെ പിന്നാമ്പുറത്തു മണികിലുക്കവുമുണ്ടെന്നാണ് ആരോപണം.

മെട്രോ നിർമ്മാണത്തിന് ആവശ്യമായ സ്ഥലത്തിനു വേണ്ടി ഗാന്ധിഭവൻ നേരത്തെ പൊളിച്ചിരുന്നു. എന്നാൽ ഗാന്ധിഭവനു മുന്നിലുള്ള ഗാന്ധിപ്രതിമ നിലനിർത്തിയിരുന്നു. ഇപ്പോൾ എറണാകുളം ജില്ലാ കളക്ടർ എം.ജി.രാജമാണിക്യം പ്രതിമ മാറ്റിസ്ഥാപിക്കാനുള്ള ഉത്തരവ് ഇറക്കിയതാണ് ഗാന്ധിയൻ ആശയങ്ങളെ മുറുകെപ്പിടിക്കുന്ന സംഘടനകളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചത്.

മെട്രോയ്ക്കു വേണ്ടി ഗാന്ധിഭവന്റെ സ്ഥലം ഏറ്റെടുത്തപ്പോൾ തന്നെ ഗാന്ധിപ്രതിമ മാറ്റിസ്ഥാപിക്കാനുള്ള അനുമതി ഗാന്ധിഭവൻ ജില്ലാ ഭരണകൂടത്തിനും കെ.എം.ആർ.എല്ലിനും നൽകിയിരുന്നു. എന്നാൽ ഗാന്ധിഭവന് ഒറ്റയ്ക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നാണ് ഗാന്ധി പീസ് ഫൗണ്ടേഷന്റെ നിലപാട്. ഗാന്ധി പീസ് ഫൗണ്ടേഷന്റെ ചെയർമാൻ മുൻ ഹൈക്കോടതി ജസ്റ്റിസ് കൂടിയായ പി.കെ.ഷംസുദ്ദീൻ ആണ്.

ഗാന്ധിഭവൻ നിൽക്കുന്ന സ്ഥലം സർക്കാർ ഗാന്ധി പീസ് ഫൗണ്ടേഷനുവേണ്ടി നൽകിയതാണെന്ന വാദമാണ് ഇപ്പോൾ ഉന്നയിക്കുന്നത്. കെട്ടിടം നിർമ്മിക്കുന്നതിനുവേണ്ടിയാണ് ഗാന്ധിഭവൻ കമ്മറ്റിക്ക് രൂപം നൽകിയത്. കെട്ടിടം നിർമ്മിച്ചത് തങ്ങൾക്കു വേണ്ടിയാണെന്ന നിലപാടാണ് ഗാന്ധി പീസ് ഫൗണ്ടേഷൻ ഉയർത്തുന്നത്.

ഗാന്ധി പീസ് ഫൗണ്ടേഷനാണ് യഥാർഥ സംഘടനയെന്നും, സംഘടനയുടെ വളർച്ചയ്ക്കായി രൂപം കൊടുത്ത കമ്മിറ്റി മാത്രമാണ് ഗാന്ധിഭവൻ കമ്മിറ്റിയെന്നും ജി.പി എഫുകാർ പറയുന്നു. ഏകാധിപത്യ ചിന്താഗതിക്കാരാണ് ഇപ്പോൾ ഗാന്ധിഭവൻ കമ്മിറ്റിയിലുള്ളതെന്നും, തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പിലാക്കുന്നതുമെന്നും ഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ പി.കെ ഷംസുദ്ദീൻ ആരോപിക്കുന്നു.

അതേസമയം ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധിഭവനും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് ഗാന്ധിഭവന്റെ നിലപാട്. ഗാന്ധിഭവന്റെ ആസ്തികളിന്മേൽ യാതൊരു വിധ അവകാശവുമില്ലെന്നും ഗാന്ധിഭവൻ കമ്മിറ്റി അംഗമായ രാമചന്ദ്രൻ നായർ വ്യക്തമാക്കുന്നു. 2014 ഫെബ്രുവരിയിൽ കൊച്ചി മെട്രോയ്ക്കു വേണ്ടി ഗാന്ധിഭവൻ ഭൂമി വിട്ടുകൊടുക്കുന്നത് സംബന്ധിച്ചുണ്ടായ തർക്കം അതിരുവിട്ടിരുന്നു. രാഷ്ട്രീയനേതാക്കളും സമുദായനേതാക്കളും ഉൾപ്പെട്ട ചർച്ചയിലാണ് പ്രശ്‌നം രമ്യമായി പരിഹരിച്ച് ഗാന്ധിഭവൻ സ്ഥലം മെട്രോയ്ക്കു വേണ്ടി വിട്ടുകൊടുത്തത്.

കച്ചേരിപ്പടിയിലെ ഗാന്ധിഭവൻ നിൽക്കുന്നത് 22 സെന്റിലാണ്. ഗാന്ധിഭവൻ കെട്ടിടത്തിന്റെ മധ്യത്തിലൂടെ മെട്രോ കടന്നു പോകുന്നതിനാൽ കെട്ടിടം പൊളിക്കാതെ മറ്റു മാർഗമില്ലാത്ത സാഹചര്യത്തിലാണ് സ്ഥലവും കെട്ടിടവും കെ.എം.ആർ.എൽ ഏറ്റെടുത്തത്. ഗാന്ധിഭവന്റെ ഓഫീസ് നിർമ്മിക്കുന്നതിനായി 8 സെന്റ് ഒഴിവാക്കി കൊടുക്കാമെന്ന് കെ.എം.ആർ.എൽ ഉറപ്പ് നൽകിയിട്ടുണ്ട്.

ഗാന്ധിഭവന്റെ സ്ഥലം ഏറ്റെടുത്തതിന്റെ ഭാഗമായി കെ.എം.ആർ.എൽ നൽകിയ പ്രതിഫലം സംബന്ധിച്ച തർക്കങ്ങളാണ് ഇപ്പോഴുണ്ടായതെന്നാണ് സംഘടനയിൽ ഉള്ളിലുള്ള ചില അംഗങ്ങളുടെ അഭിപ്രായം. സ്ഥലം ഏറ്റെടുത്തതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം ഒരു കോടിയിലധികം രൂപ ഗാന്ധിഭവന് കൈമാറിയിരുന്നു. ഇതാണ് ഇപ്പോൾ ഗാന്ധി പീസ് ഫൗണ്ടേഷനെ ചൊടിപ്പിച്ചത്. സ്ഥലം വിട്ടുകൊടുത്തതിന്റെ ഭാഗമായി ലഭിച്ച തുകയ്ക്ക് തങ്ങൾക്കും അവകാശമുണ്ടെന്നും തങ്ങളുടെ വാദം എറണാകുളം മുൻസിഫ് കോടതി അംഗീകരിച്ചിട്ടുണ്ടെന്നുമാണ് ജി.പി.എഫ് ചെയർമാൻ പി.കെ ഷംസുദ്ദീന്റെ അവകാശവാദം.

ഏതായാലും കച്ചേരിപ്പടിയിലെ പ്രമുഖ തുണിക്കടയുടെ സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തർക്കം ഒരുവിധം പരിഹരിച്ചപ്പോഴാണ് കെ.എം.ആർ.എല്ലിനും ജില്ലാ ഭരണകൂടത്തിനും പുതിയ തലവേദനയുമായി ഗാന്ധിശിഷ്യന്മാർ എത്തിയിരിക്കുന്നത്.