- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പ്രമേയമാക്കി സിനിമയെടുക്കാൻ ബ്ലസി ആലോചിച്ചു; സിപിഐ(എം) ഉന്നതൻ സമ്മർദ്ദവുമായി എത്തിയതോടെ പാതിവഴിയിൽ സിനിമ ഉപേക്ഷിച്ചു
തിരുവനന്തപുരം: യുവമോർച്ചാ നേതാവും സ്‌കൂൾ അദ്ധ്യാപകനുമായിരുന്ന കെ ടി ജയകൃഷ്ണൻ വധം ആസ്പദമാക്കി മലയാളത്തിലെ പ്രമുഖ സംവിധായകൻ ബ്ലെസി ഒരുക്കാനിരുന്ന സിനിമ സിപിഎമ്മിന്റെ ഉന്നതനേതാവിന്റെ സമ്മർദം മൂലം ഒഴിവാക്കി. കെ ടി ജയകൃഷ്ണൻ വധവും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുടുംബ പശ്ചാത്തലവും പ്രണയവും ഇതിവൃത്തമ
തിരുവനന്തപുരം: യുവമോർച്ചാ നേതാവും സ്‌കൂൾ അദ്ധ്യാപകനുമായിരുന്ന കെ ടി ജയകൃഷ്ണൻ വധം ആസ്പദമാക്കി മലയാളത്തിലെ പ്രമുഖ സംവിധായകൻ ബ്ലെസി ഒരുക്കാനിരുന്ന സിനിമ സിപിഎമ്മിന്റെ ഉന്നതനേതാവിന്റെ സമ്മർദം മൂലം ഒഴിവാക്കി. കെ ടി ജയകൃഷ്ണൻ വധവും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കമ്മ്യൂണിസ്റ്റ് നേതാവിന്റെ കുടുംബ പശ്ചാത്തലവും പ്രണയവും ഇതിവൃത്തമാക്കി പ്രശസ്ത സംവിധായകൻ സിനിമയൊരുക്കാനിരിക്കെയായിരുന്നു നേതാവിന്റെ ഇടപെടൽ.
സിനിമയുടെ മുന്നൊരുക്കങ്ങളും പ്രാഥമിക ചർച്ചകളും ആരംഭിച്ച ഘട്ടത്തിലാണ് സംസ്ഥാനത്തെ ഒരു മുതിർന്ന നേതാവിന്റെ ഭീഷണി സിനിമയ്ക്കും സംവിധായകനും മേലുണ്ടായത്. ചിത്രത്തിൽ സിപിഎമ്മിനു ദോഷകരമായി ഭവിക്കുന്നതൊന്നും ഉണ്ടാകില്ലെന്നു പ്രതീക്ഷിക്കുന്നുവെന്ന നേതാവിന്റെ ഫോണിലൂടെയുള്ള വാക്കുകൾ ഈ പ്രോജക്ട് തന്നെ ഉപേക്ഷിക്കാൻ സംവിധായകനെ പ്രേരിപ്പിക്കുകയായിരുന്നു.
കെ ടി ജയകൃഷ്ണൻ കൊല്ലപ്പെട്ട ഡിസംബർ ഒന്നിന് സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാനിരിക്കെയാണ് നേതാവിന്റെ സമ്മർദ്ദവും ഭീഷണിയുമുണ്ടായത്്. മമ്മൂട്ടിയെയും മോഹൻലാലിനെയും നായകരാക്കി നാലു സൂപ്പർ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ബ്ലെസി സിപിഐ(എം) അനുഭാവികൂടിയാണ്. സിപിഎമ്മിനെതിരെ സിനിമകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സംവിധായകർക്കും നിർമ്മാണത്തിനും ഏൽക്കുന്ന ആക്രമങ്ങളെ ഭയന്നാണ് സിനിമ ഉപേക്ഷിച്ചത്.
1999 ഡിസംബർ ഒന്നിന് പാനൂർ ഈസ്റ്റ് മൊകേരി യു പി സ്‌കൂളിൽ ക്ലാസെടുക്കുന്നതിനിടെയാണ് യുവമോർച്ച സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന കെ ടി ജയകൃഷ്ണനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. വിദ്യാർത്ഥികളുടെ മുന്നിലിട്ട് അദ്ധ്യാപകനെ വെട്ടിക്കൊലപ്പെടുത്തി എന്ന വാർത്ത കേരളത്തിൽ കോളിളക്കം സൃഷ്ട്ിച്ചിരുന്നു. കേസിൽ അച്ചാരമ്പത്ത് പ്രദീപൻ, നല്ലവീട്ടിൽ ഷാജി, സുന്ദരൻ, ദിനേഷ് ബാബു, അനിൽകുമാർ എന്നീ സിപിഐ(എം) പ്രവർത്തകർക്ക് തലശ്ശേരി അതിവേഗ കോടതി വധശിക്ഷ വിധിക്കുകയും ഇത് ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാൽ സുപ്രീം കോടതി പ്രദീപന്റെ വിധി ജീവപര്യന്തമാക്കി കുറയ്ക്കുകയും ബാക്കിയുള്ളവരെ വെറുതെ വിടുകയുമാണുണ്ടായത്.
ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസുമായി ബന്ധപ്പെട്ടുണ്ടായ ചില ആരോപണങ്ങളും പ്രതികളുടെ മൊഴികളുമായി ബന്ധപ്പെട്ടു കെ ടി ജയകൃഷ്ണൻ വധക്കേസ് അടുത്ത കാലത്ത് വീണ്ടും ചർച്ചയായിരുന്നു. പ്രതികളിൽ നിന്നു ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിൽ ശിക്ഷിക്കപ്പെട്ടവർ യഥാർത്ഥ പ്രതികളല്ലെന്നും പാർട്ടി നിർദ്ദേശത്തെ തുടർന്നാണ് കെ ടി ജയകൃഷ്ണൻ വധത്തിലെ പ്രതികൾ കുറ്റമേറ്റെടുത്തതെന്നും പ്രചരിച്ചതാണ് സംവിധായകനെ ഇത്തരത്തിലൊരു സിനിമയുണ്ടാക്കാൻ പ്രേരിപ്പിച്ചത്. ടി പി ചന്ദ്രശേഖരൻ വധം ആസ്പദമാക്കി മൊയ്തു താഴത്ത് സംവിധാനം ചെയ്യുന്ന ടി പി 51 എന്ന ചിത്രം പുറത്തിറങ്ങാനിരിക്കുകയാണ്. ചിത്രത്തിനും സിപിഎമ്മിന്റെ ഭാഗത്തുനിന്ന് അസ്വസ്ഥതകളുണ്ടാക്കിയതായി സംവിധായകൻ വ്യക്തമാക്കിയിരുന്നു.