പ്രതീക്ഷിതമായി നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ, രാജ്യത്തെ കോടിക്കണക്കായ ജനങ്ങളെ മൂന്നാഴ്ചയോളമായി പെരുവഴിയിൽ നിർത്തിയിരിക്കുകയാണ്. എ.ടി.എമ്മുകൾക്ക് മുന്നിലും ബാങ്കുകൾക്ക് മുന്നിലും ക്യൂനിന്ന് വലയുകയാണ് ജനങ്ങൾ. കള്ളപ്പണത്തിനെതിരായ പോരാട്ടത്തോട് മനസ്സുകൊണ്ട് യോജിക്കുന്നവരും ഈ കഷ്ടപ്പാടുകളിൽ വലയുന്നുണ്ട്. അടിക്കടിയുണ്ടാകുന്ന നയംമാറ്റങ്ങളും പ്രതിസന്ധി രൂക്ഷമാക്കുന്നു.

സാധാരണക്കാരന്റെ ബുദ്ധിമുട്ടുകൾ ഒടുവിൽ പാർലമെന്റംഗങ്ങളും അറിഞ്ഞു. ശമ്പളദിനമായ ഇന്നലെ പാർലമെന്റ് കെട്ടിടത്തിലെ എസ്.ബി.ഐ ബ്രാഞ്ചിൽ എംപിമാരുടെ തിരക്കായിരുന്നു. പണം പിൻവലിക്കാൻ തിരക്ക് കൂട്ടേണ്ടെന്ന് ഉപദേശിക്കുന്നവർ പോലും ശമ്പളദിനത്തിൽത്തന്നെ ആഴ്ചയിൽ പരമാവധി പിൻവലിക്കാവുന്ന 24,000 രൂപ സ്വന്തമാക്കാനുള്ള തിരക്കിലായിരുന്നു. മറ്റുള്ളവരെപ്പോലെ തങ്ങളും കുടുംബം പുലർത്തുന്നവരാണെന്നായിരുന്നു ഇതേക്കുറിച്ച് മുതിർന്ന അംഗത്തിന്റെ പ്രതികരണം.

300-ഓളം എംപിമാരാണ് എസ്.ബി.ഐ ബാങ്കിൽ പണം പിൻവലിക്കാനെത്തിയത്. ഭൂരിഭാഗം പേരും പരമാവധി പിൻവലിക്കാവുന്ന പണം പിൻവലിച്ചതായി ബാങ്ക് അധികൃതർ പറഞ്ഞു. എംപിമാർക്കുവേണ്ടി മാത്രമുള്ളതാണ് ഈ ബ്രാഞ്ച്. രാജ്യസഭ രാവിലെ പിരിഞ്ഞതിന് തൊട്ടുപിന്നാലെ അവിടെനിന്നുള്ള എംപിമാർ ബാങ്കിലേക്ക് കുതിച്ചെത്തുകയായിരുന്നു. രാവിലെതന്നെ എല്ലാവരുടെയും അക്കൗണ്ടിൽ ശമ്പളം നിക്ഷേപിച്ചിരുന്നു.

എംപിമാർക്ക് പണം നൽകുന്നതിനായി എസ്‌ബിഐ ബ്രാഞ്ച് തുടർച്ചയായി പ്രവർത്തിച്ചെങ്കിലും പാർലമെന്റ് കോംപ്ലക്‌സിലെ നാല് എ.ടി.എമ്മുകൾ മിക്കവാറും സമയം ഒഴിഞ്ഞുകിടക്കുകയാണ്. നൂറുകണക്കിന് ജീവനക്കാർ എടഎമ്മുകൾക്ക് മുന്നിൽ കാത്തുനിൽക്കുന്ന കാഴ്ചയും പാർലമെന്റിൽ പതിവാണ്. ബാങ്കുകളിലെ കാത്തുനിൽപ്പ് ഒഴിവാക്കുന്നതിന് ചില എംപിമാർ ശമ്പളം പണമായി വേണമെന്ന് പാർലമെന്റ് സെക്രട്ടേറിയറ്റിനെ ചൊവ്വാഴ്ചതന്നെ അറിയിച്ചിരുന്നു. ബിജെപി എംപി ഭർതൃഹരി മെഹ്താബ് തനിക്ക് ചെക്ക് വേണ്ട പണമായിത്തന്നെ ശമ്പളം വേണമെന്ന് രേഖാമൂലം ആവശ്യപ്പെടുകയും ചെയ്തു.