- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എംവി ആർ പുനലൂരിൽ തോറ്റപ്പോഴും നികേഷിന്റെ അമ്മ മരിച്ചപ്പോഴും, ധർമസങ്കടമുണ്ടാക്കുന്ന രണ്ട് സന്ദർഭങ്ങൾ; ഒരു വാർത്ത മുന്നിൽ പെട്ടാൽ നികേഷ് കുമാർ എങ്ങനെ പെരുമാറും? റിപ്പോർട്ടർ ടിവിക്കെതിരെ കേസ് എടുത്ത പശ്ചാത്തലത്തിൽ രണ്ട് ഉദാഹരണങ്ങൾ കുറിക്കുന്നു എംപി.ബഷീർ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ റിപ്പോർട്ടർ ചാനലിനെതിരെയും എംഡി നികേഷ് കുമാറിനെതിരെയും പൊലീസ് കേസെടുത്തിരിക്കുകയാണ്. നികേഷിനെതിരെ ഐ.പി.സി സെക്ഷൻ 228 എ (3) പ്രകാരമാണ് കേസെടുത്തത്. കോടതി വിചാരണയിലിരിക്കുന്ന നടി ആക്രമണ കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നും പ്രചരിപ്പിക്കണമെന്നുമുള്ള ഉദ്ദേശത്തോടെ ചർച്ച സംഘടിപ്പിച്ചതായാണ് എഫ്‌ഐആറിൽ പറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന ബാലചന്ദ്ര കുമാറിന്റെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയുള്ള ചർച്ചയാണ് കേസിന് ആധാരം. ഈ പശ്ചാത്തലത്തിൽ തന്റെ മുന്നിൽ ഒരു വാർത്ത വന്നുപെട്ടാൽ, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധർമ്മസങ്കടമുണ്ടായാൽ എം.വി നികേഷ് കുമാർ എങ്ങനെ പെരുമാറും എന്നതിന് രണ്ട് ഉദാഹരണങ്ങൾ നിരത്തുകയാണ് സഹപ്രവർത്തകനായ മാധ്യമപ്രവർത്തകൻ എംപി.ബഷീർ
എംപി.ബഷീറിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:
ഒരു വാർത്ത മുന്നിൽ വന്നുപെട്ടാൽ, അതുകൊടുക്കുന്നതിനെച്ചൊല്ലി ഒരു ധർമ്മസങ്കടമുണ്ടായാൽ എം.വി നികേഷ് കുമാർ എങ്ങനെ പെരുമാറും എന്നതിന് കൂടെ ജോലി ചെയ്ത ഞങ്ങളുടെ മുന്നിൽ ഒട്ടേറെ അനുഭവങ്ങളുണ്ട്. വ്യക്തിപരമായി നികേഷ് അത്ഭുതപ്പെടുത്തിയ രണ്ട് ഉദാഹരണങ്ങൾ:
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നുഘട്ടമായിട്ടായിരുന്നു പോളിങ്. എസി നീൽസൺ ആണ് ഇന്ത്യാവിഷനു വേണ്ടി എക്സിറ്റ് പോളും ഒപ്പീനിയൻ പോളും ചെയ്തത്. ആ തെരഞ്ഞെടുപ്പിലെ ഒരേയൊരു എക്സിറ്റ് പോൾ. ഘട്ടം ഘട്ടമായുള്ള പോളുകൾക്ക് അന്ന് വിലക്കുണ്ടായിരുന്നില്ല. ഒന്നാംഘട്ട വോട്ടെടുപ്പ് ദിവസം, ആ ഘട്ടത്തിലെ എക്സിറ്റ് പോളും അടുത്ത രണ്ട് ഘട്ടങ്ങളിലെ ഒപ്പീനിയൻ പോളും ചേർത്ത് ഫലം വന്നു- എൽഡിഎഫിന് 98 സീറ്റ്. യുഡിഎഫ് കേന്ദ്രങ്ങൾ ഇളകി മറിഞ്ഞു. ഉമ്മൻ ചാണ്ടി പരസ്യമായി ഭീഷണിപ്പെടുത്തി. രണ്ടാംഘട്ടത്തിലെ എക്സിറ്റ് പോൾ തടയണം എന്നായിരുന്നു ആവശ്യം. രണ്ടാംഘട്ട പോളിങ് ദിവസമാകുമ്പോഴേക്കും സമ്മർദ്ദം മുറുകിവന്നു. ചാനലിന്റെ ചെയർമാൻ മുനീർ മങ്കടയിൽ സ്ഥാനാർത്ഥിയാണ്. എം വിആർ മത്സരിച്ച പുനലൂരിൽ മൂന്നാംഘട്ടത്തിലായിരുന്നു വോട്ടിങ്. പുനലൂർ ഉൾപ്പെടെ യുഡിഎഫ് സ്ഥാനാർത്ഥികൾ തോൽക്കുമെന്നായിരുന്നു നീൽസന്റെ കണ്ടെത്തൽ. ആ സമ്മർദ്ദത്തെ നികേഷ് എങ്ങനെ നേരിട്ടെന്ന് ഞങ്ങൾക്കറിയില്ല. രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ് ഒരു മണിക്കൂറിനകം നീൽസണിന്റെ കണക്കു കിട്ടി.
അരമണിക്കൂറിനകം വാർത്തയും വന്നു. 'യുഡിഎഫിന്റെ വന്മരങ്ങൾ കടപുഴകും' എന്നായിരുന്നു തലക്കെട്ട്. യഥാർത്ഥ കൗണ്ടിങ് നടന്നപ്പോൾ എൽഡിഎഫിന് 98. എം വിആറും മുനീറും കുഞ്ഞാലിക്കുട്ടിയും ആർ ബാലകൃഷ്ണപിള്ളയും സ്വന്തം തട്ടകങ്ങളിൽ തോറ്റമ്പി.
ഒരു വർഷം നീണ്ട ഒരു ബഹിഷ്‌കരണമായിരുന്നു യുഡിഎഫ് നൽകിയ ശിക്ഷ. നികേഷാണ് തോൽപിച്ചത് എന്ന് അവർ ആത്മാർത്ഥമായി വിശ്വസിച്ചിരുന്നു.
മറ്റൊന്ന്, ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിവസമായിരുന്നു. വോട്ടെണ്ണൽ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ നികേഷിന്റെ അമ്മ മരിച്ച വാർത്ത വന്നു. നികേഷ് ഫ്ളോറിൽ ഇരിപ്പാണ്. കൂട്ടിക്കൊണ്ടു പോകാൻ വന്ന സഹോദരൻ രാജേഷ് എത്ര ശ്രമിച്ചിട്ടും നികേഷ് ഇറങ്ങാൻ കൂട്ടാക്കിയില്ല. റിപ്പോർട്ടർ ഡെസ്‌കിൽനിന്നും പല ഫോൺകോളുകൾ വന്നതിനെ തുടർന്നാണ് തമ്മനത്തുനിന്നും ഞാൻ കളമശ്ശേരിയിലെ ഓഫീസിലേക്ക് ഓടിച്ചെന്നത്. പിസിആറിൽനിന്നും ഒരു ബ്രേക്ക് പറയിച്ച് ഞാൻ നികേഷിനടുത്ത് ചെന്നു. 'നിങ്ങൾക്ക് വീട്ടിൽ പോകണോ, ഞാൻ ഡെസ്‌കിൽ ഇരിക്കാം, അപർണ വായിക്കട്ടെ' എന്ന് പറഞ്ഞു. അയാളുടെ മറുപടി എന്നെ അത്ഭുതപ്പെടുത്തി. 'എന്റെ ജോലി ഇതാണെന്ന് അമ്മയ്ക്കറിയാമല്ലോ' എന്നായിരുന്നു നികേഷ് പറഞ്ഞത്. ഞാൻ കൂടുതൽ നിർബന്ധിക്കാതെ പിൻവാങ്ങി.
വാർത്തകൾ കൺമുമ്പിൽ വന്നുചാടുമ്പോൾ നികേഷ് അത് മാത്രമേ കാണാറുള്ളൂ. അയാളെ നിങ്ങൾക്ക് എളുപ്പം പിന്തിരിപ്പിക്കാനാവില്ല.
നികേഷിന് പിന്തുണ. അഭിവാദ്യങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ