യുകെയിലെ എംപിയും ഇന്ത്യൻ വംശജനുമായ കെയ്ത്ത് വാസിന്റെ ഭാര്യയുടെ പേരിൽ ഗോവയിൽ നാലു കോടി രൂപയുടെ വീടുണ്ടെന്ന വാർത്ത ബ്രിട്ടീഷ് പത്രങ്ങളിൽ വമ്പൻ വാർത്തയാകുന്നുവെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ വാസിനും ഭാര്യ മരിയ ഫെർണാണ്ടസിനും ഒട്ടാകെ 40 കോടിയോളം രൂപയുടെ വസ്തുവകകളുണ്ടെന്നും വെളിപ്പെട്ടിട്ടുണ്ട്.

2007ൽ വാങ്ങിയ ഈ ഹോളിഡേ ഹോം മരിയയുടെ പേരിലാണ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. യുകെയിൽ ഈ ദമ്പതികളുടെ പേരിലുള്ള പ്രോപ്പർട്ടികൾക്കൊപ്പമാണീ വീടും ലിസ്റ്റിൽ പെടുത്തിയിരിക്കുന്നത്.

യുകെയിൽ ലണ്ടനിലും ലെയ്സെറ്ററിലും ഇവർക്ക് ഏഴ് വീടുകളും ഫ്ലാറ്റുകളുമുണ്ട്. ഇതിലൊരു ഫ്ലാറ്റിൽ വച്ച് വാസ് രണ്ട് പുരുഷ ലൈംഗിക തൊഴിലാളികളുമായി ഇടപഴകിയെന്ന വിവാദം കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നിരുന്നത്. 59കാരനായ വാസും 57കാരിയായ മരിയയുടെ 2.2 മില്യൺ പൗണ്ട് വിലയുള്ള അഞ്ച് ബെഡ്റൂം വീട്ടിലാണ് താമസിക്കുന്നത്. ഇതിന് പുറമെ 1980കൾ മുതൽ ഇവർ നിരവധി പ്രോപ്പർട്ടികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നുണ്ട്.

വാസിന്റെ വസ്തുവകകൾ ഇത്തരത്തിൽ ക്രമരഹിതമായി വർധിക്കുന്നത് നിരവധി സംശയങ്ങളും ചോദ്യങ്ങളുമുയർത്തുന്നുണ്ടെന്നാണ് ഡെയിലി മിറർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുൻ ഹോം അഫയേർസ് കമ്മിറ്റി ചെയർമാന്റെ ധനകാര്യ പ്രവർത്തനങ്ങളെപ്പറ്റി തികഞ്ഞ ചോദ്യങ്ങളാണുയരുന്നതെന്നും എന്നാൽ ഇതിനെല്ലാം വളരെ കുറച്ച് ഉത്തരം മാത്രമേ വാസിൽ നിന്നും ലഭിച്ചിട്ടുള്ളൂവെന്നുമാണ് ആൻഡ്രൂ ബ്രിഡ്ജ്ഡ് പ്രതികരിച്ചിരിക്കുന്നത്. ഗോവയിലെ വില്ലയ്ക്ക് മൂന്ന് നിലകളും ഔട്ട്ഡോർ സ്വിമ്മിങ് പൂളുമുണ്ട്. ഇതിന്റെ പടിവാതിൽക്കലെ പില്ലറിൽ കെയ്ത്ത് ആൻഡ് മരിയ, ലൂക്ക് ആൻഡ് അഞ്ജലി എന്നിങ്ങനെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇവിടേക്ക് നിരവധി സെലിബ്രിറ്റികളെയും രാഷ്ട്രീയക്കാരെയും വാസ് ക്ഷണിച്ച് വരുത്താറുണ്ടെന്നാണ് സമീപവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. വാസ് വളരെ വിനയാന്വിതനായ വ്യക്തിയാണെന്നും അവർ പറയുന്നു. വാസിന്റെ ഭാര്യയുടെ പേരിൽ ഇത്തരത്തിലൊരു പ്രോപ്പർട്ടിയുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 2007ൽ 98,000 പൗണ്ടിനാണ് ഇത് വാങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആറ് വ്യത്യസ്തമായ ഇൻസ്റ്റാൾമെന്റിലൂടെയാണിതിന്റെ വില നൽകിയതെന്നും അദ്ദേഹം പറയുന്നു. മരിയയുടെ മാതാപിതാക്കളുടെ ഭൂമി വിറ്റിട്ടാണ് ഇതിനുള്ള പണം കണ്ടെത്തിയതെന്നും വെളിപ്പെടുത്തലുണ്ട്. ഒരു എംപിയെന്ന നിലയിൽ വാസിന് 74,926 പൗണ്ടാണ് ലഭിക്കുന്നത്.ഇതിന് പുറമെ ഹോം അഫയേർസ് കമ്മിറ്റി ചെയർമാനെന്ന നിലയിൽ അദ്ദേഹത്തിന് രാജിക്ക് മുമ്പ് 15,025 പ ൗണ്ടും ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ മരിയ ഒരു ലീഗൽ ഫേം നടത്തുന്നുണ്ട്. ഇതിലൂടെ അവർ ഒരു വർഷം 60,000 പൗണ്ട് വരെ സമ്പാദിക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇവരുടെ രണ്ട് കുട്ടികൾ ഹേർട്ട്ഫോർഡ്ഷെയറിലെ പ്രൈവറ്റ് സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഇവരുടെ വാർഷിക ഫീസ് 35,000 പൗണ്ടാണ്.

അടുത്തിടെ വാസിനെയും പുരുഷ ലൈംഗികതൊഴിലാളികളെയും കണ്ടെന്ന ആരോപണമുയർന്ന ഫ്ലാറ്റ് അദ്ദേഹം ജൂണിലായിരുന്നു 387,500 പൗണ്ട് കൊടുത്ത് വാങ്ങിയിരുന്നത്. അദ്ദേഹത്തിന്റെ ശമ്പളമായ 89,951 പൗണ്ടിനേക്കാൾ നാലിരട്ടി അധികം വരുന്ന തുകയാണിത്. ഒരു പഴ്സണൽ ലോൺ എടുത്തിട്ടാണ് താനിത് വാങ്ങിയതെന്നാണ് വാസ് നൽകിയിരിക്കുന്ന വിശദീകരണം. തന്റെ അമ്മയിൽ നിന്നും പരമ്പരാഗതമായി ലഭിച്ച ലെയ്സസ്റ്റെറിലെ വീട് വിറ്റ് ഈ ലോൺ തിരിച്ചടയ്ക്കുമെന്നാണ് വാസ് ഉറപ്പ് നൽകുന്നത്. ലണ്ടനിലെ കുടുംബ വീട്, വിവാദമായ ഫ്ലാറ്റ്, എന്നിവയ്ക്ക് പുറമെ വാസിനും ഭാര്യയ്ക്കും കൂടി ലെയ്സസ്റ്ററിലെ വീട് അതിനടുത്തുള്ള മറ്റൊരു വീട് തുടങ്ങിയ വസ്തു വകകൾ ഏറെയുണ്ട്. ഇവർക്ക് ലണ്ടനിൽ മറ്റൊരു ഫ്ലാറ്റ് കൂടിയുണ്ട്. ഇതിൽ നിന്നും വാടകയിനത്തിൽ ഒരു വർഷം ഇവര്ക്ക് 10,000 പൗണ്ടിലധികം ലഭിക്കുന്നുമുണ്ട്. ആറാമത്തെ പ്രോപ്പർട്ടി നോർത്ത് വെസ്റ്റ് ലണ്ടനിലാണ്. അവിടെ മരിയ തന്റെ സോളിസിറ്റർ ഓഫീസായി ഉപയോഗിക്കുന്നു.