കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുഹമ്മദ് ഹനീഷ് ഐഎഎസിനെ വിജിലൻസ് പ്രതി ചേർത്തു. അന്തരിച്ച കോൺഗ്രസ് നേതാവും മുൻ എംപിയുമായ എംഐ ഷാനവാസിന്റെ മരുമകൻ കൂടിയാണ് മുഹമ്മദ് ഹനീഷ്.

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ കരാർ നൽകുമ്പോൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എംഡിയായിരുന്നു മുഹമ്മദ് ഹനീഷ്. കരാറുകാരന് അനധികൃതമായി വായ്പ അനുവദിക്കാൻ കൂട്ടു നിന്നു. കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്തത്.

പാലാരിവട്ടം പാലത്തിന്റെ നിർമ്മാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. പാലം നിർമ്മാണത്തിനുള്ള ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കരാർ കമ്പനിയായ ആർഡിഎസ്സിന് എട്ടേക്കാൽ കോടി രൂപ മുൻ ക്കൂറായി നൽകാൻ ശുപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസ്സിൽ അറസ്റ്റിസായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജാണ് വിജിലൻസിന് മൊഴി നൽകിയത്. ഇതാണ് ഹനീഷിന് വിനയാകുന്നത്.

നിലവിൽ വ്യവസായ വകുപ്പ് സെക്രട്ടറിയായ ഹനീഷിനെ കഴിഞ്ഞ മെയിൽ വിജിലൻസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യല്ലിൽ പക്ഷേ ടി.ഒ.സൂരജിന്റെ ആരോപണങ്ങളെല്ലാം തന്നെ മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. മുൻകൂർ തുക ആവശ്യപ്പെട്ടുള്ള കമ്പനിയുടെ അപേക്ഷ പൊതുമരാമത്ത് സെക്രട്ടറിക്ക് കൈമാറുക മാത്രമാണ് താൻ ചെയ്തതെന്നും ഒരു വിധത്തിലും കമ്പനിക്കായി താൻ ശുപാർശ നടത്തിയിട്ടില്ലെന്നുമാണ് വിജിലൻസിന് ഹനീഷിൻ നൽകിയ മൊഴി.

പാലാരിവട്ടം പാലം നിർമ്മാണത്തിനായി ആദ്യഘട്ടത്തിൽ പല കരാറുകാരും വന്നിരുന്നുവെങ്കിലും നിർമ്മാണത്തിന്റെ ഒരു ഘട്ടത്തിലും വായ്പ അനുവദിക്കില്ലെന്നായിരുന്നു സർക്കാർ ആദ്യം വ്യക്തമാക്കിയത്. ഇതേ തുടർന്ന് പല കരാറുകാരും പിന്മാറി. തുടർന്ന് ആർഡിഎക്സിന് കരാർ നൽകി. അതിന് ശേഷം റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ മാനേജർ ടി.തങ്കച്ചൻ കമ്പനിയുടെ കത്ത് ഹനീഷിന് കൈമാറുകയും ഹനീഷിന്റെ ശുപാർശ സഹിതം കത്ത് പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് ലഭിക്കുകയുമായിരുന്നു.

ആർഡിഎക്സ് കമ്പനി എംഡിയും തങ്കച്ചനും സൂരജും അടക്കം നേരത്തെ എട്ട് പേരെയാണ് കേസിൽ വിജിലൻസ് ഇതുവരെ പ്രതി ചേർത്തത്. കേസിൽ അഞ്ചാം പ്രതിയായിരുന്നു ഇന്നലെ അറസ്റ്റിലായ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ്. കുഞ്ഞിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഹനീഷിനേയും പ്രതിയാക്കുന്നത്. ഹനീഷും കേസിൽ അറസ്റ്റിലാകാൻ സാധ്യത ഏറെയാണ്.

പാലം നിർമ്മാണത്തിന് ഉപയോഗിച്ചത് നിലവാരമില്ലാത്ത സിമന്റാണെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. ആവശ്യത്തിന് കമ്പികൾ ഉപയോഗിച്ചില്ലെന്നും അമിതലാഭം ഉണ്ടാക്കാൻ പാലത്തിന്റെ ഡിസൈൻ മാറ്റിയെന്നും റിപ്പോർട്ടിലുണ്ട്. പാലം പണി നടത്തിയ ആർഡിഎസ് കന്പനിയുടെ മാനേജിങ് ഡയറക്ടർ സുമിത് ഗോയലിന്റെ അടക്കം മൊഴി വിജിലൻസ് രേഖപ്പെടുത്തിയിരുന്നു. നിർമ്മാണത്തിൽ ക്രമക്കേട് നടന്നതായി പ്രാഥമികാന്വേഷണത്തിലും വ്യക്തമായിരുന്നു.

പാലത്തിൽ നിന്നും വിജിലൻസ് ശേഖരിച്ച കോൺക്രീറ്റിന്റെയും കമ്പിയുടെയുമടക്കമുള്ള സാംപിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും ക്രമക്കേട് ബോധ്യമായിരുന്നു. വിജിലൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ കേസെടുക്കാൻ തീരുമാനിക്കുകയായിരുന്നു. പാലാരിവട്ടം പാലം അഴിമതിയിൽ കരാറുകാരന് മുൻകൂർ പണം അനുവദിച്ചതിൽ മുൻ മന്ത്രിയുടെ പങ്ക് കണ്ടെത്തിയ അടിസ്ഥാനത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്റെ അനുമതി തേടിയത്. ഒക്ടോബറിലായിരുന്നു ഇത്. വിജിലൻസിന്റെ കത്ത് സർക്കാർ ഗവർണറുടെ അനുമതിക്കായി നൽകുകയായിരുന്നു. ഇതിൽ തീരുമാനമായതോടെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് സംഘം നീങ്ങിയത്.

മുഹമ്മദ് ഹനീഷിനെ സാക്ഷിയെന്ന നിലയിൽ നേരത്തെ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് ടി ഒ സൂരജ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ളവർക്കും അഴിമതിയിൽ പങ്കുണ്ടെന്ന് വ്യക്തമായത്. മുഹമ്മദ് ഹനീഷിന്റെ നിർദേശപ്രകാരമാണ് കരാറുകാർക്ക് മുൻകൂർ പണം നൽകിയതെന്ന് ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലും ഇക്കാര്യം സൂരജ് വെളിപ്പെടുത്തിയിരുന്നു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മൊഴി നൽകിയിട്ടുണ്ട്. മുഹമ്മദ് ഹനീഷിന് നേരിട്ട് പങ്കില്ലെന്നും നോട്ടക്കുറവുണ്ടായെന്നുമായിരുന്നു അന്വേഷണസംഘം ആദ്യം എത്തിയ നിഗമനം. വിശദമായ അന്വേഷണത്തിലാണ് തെളിവ് ലഭിക്കുന്നത്.