തൃശ്ശൂർ: ശോഭ സിറ്റിയിലെ സെക്യൂറ്റിരി ജീവനക്കാരൻ ചന്ദ്രബോസിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കിങ്‌സ് ബീഡി കമ്പനി ഉടമയ്ക്ക് ഭരണ-പ്രതിപക്ഷ എംഎൽഎമാരുമായും അടുത്ത ബന്ധം. രണ്ട് എംഎൽഎമാരുമായാണ് നിസാമിന് അടുത്ത ബന്ധമുള്ളതെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഇയാൾ ചന്ദ്രബോസിനെ അപായപ്പെടുത്തിയ ദിവസം അവസാനമായി വിളിച്ചതും രണ്ട് എംഎൽഎമാരെയായിരുന്നു. നിസാമിന്റെ ഫോൺകോൾ ലിസ്റ്റ് ഇപ്പോൾ പൊലീസിന്റെ പക്കലൂണ്ട്. ഇതിലാണ് നിർണായക വിവരങ്ങൾ അടങ്ങിയിട്ടുള്ളത്.

ഭരണകക്ഷിയിലെ പ്രമുഖനായ എം എൽ എയെ കൂടാതെ പ്രതിപക്ഷത്തെ ഒരു എംഎൽഎയെ കൂടി നിസാം അക്രമത്തിന് ശേഷം ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ അവർ ഏത് തരത്തിലാണ് പ്രതികരിച്ചതെന്ന് വ്യക്തതയില്ല. പക്ഷേ നിസാമിന്റെ കോൾ ലിസ്റ്റ് സംബന്ധിച്ച് ഒരു വിവരവും തങ്ങളുടെ പക്കലില്ലെന്നാണ് കേസന്വേഷിക്കുന്ന പേരാമാംഗലം പൊലീസ് വിശദീകരിക്കുന്നത്. ഭരണപക്ഷത്തെ എംഎൽഎയും ഉൾപ്പെട്ടതിനാലാണ് വിവരങ്ങൾ പുറത്തു വിടാൻ അന്വേഷണസഘം ഭയക്കുന്നതെന്ന് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ലിസ്റ്റ് പുറത്തുവരാതിരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥന് മേൽ കടുത്ത സമ്മർദ്ദവുമുണ്ട്.

കോൺഗ്രസ്സിലേയും ലീഗിലേയും ഉന്നതർക്ക് മുഹമ്മദ് നിസാമുമായി ബന്ധമുണ്ടെന്ന തരത്തിൽ തുടക്കത്തിൽ തന്നെ വാർത്തകൾ വന്നിരുന്നു. അപ്പോഴും പ്രതിപക്ഷത്തെ നേതാക്കന്മാർ ആരോപണമുന്നയിക്കുന്നവരായി തുടരുകയയിരുന്നു. കോൺഗ്രസ്സ് എംഎൽഎ വിയ്യൂർ ജയിലിലെത്തി നിസാമിനെ കണ്ടു എന്നു പോലും സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ആക്ഷേപമുയർന്നിരുന്നു. പക്ഷെ വെറും കുറ്റപ്പെടുത്തലുകൾ മാത്രമായി അത് ഒതുങ്ങി നിന്നത് ഈ പ്രബലനായ പ്രതിപക്ഷ എംഎൽഎയ്ക്ക് കൂടി നിസാമുമായി ബന്ധമുണ്ട് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ആണ് എന്നും പറയപ്പെടുന്നു.യുവമോർച്ചയും, എഐവൈഎഫും പ്രതിഷേധ പരിപാടികൾ നടത്തുമ്പോൾ നിസാമിനെതിരെ കാര്യമായ പ്രക്ഷോഭം നയിക്കാനാകാത്തതിൽ ഡിവൈഎഫ്‌ഐയിലും അമർഷമുണ്ട്.

ഇത് കൂടാതെ ജില്ലയിലെ പ്രമുഖനായ പാർട്ടി പോഷകസംഘടന നേതാവിനും മുഹമ്മദ് നിസാമുമായുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഇദ്ദേഹം ശോഭസിറ്റിയിലെ നിസാമിന്റെ വില്ലയിൽ വരാറുണ്ടെന്നും പറയപ്പെടുന്നു. എന്തായാലും കോൺഗ്രസ്സ് എംഎൽഎ കൂടി ഉൾപ്പെട്ട കോൾലിസ്റ്റ് പൊലീസ് പുറത്ത് വിടില്ലെന്നാണ് സിപിഐ(എം) കണക്കു കൂട്ടുന്നത്.കോൺഗ്രസ്സുകാരിലെ ചിലരെ പോലെ പരസ്യമായി കുറ്റവാളിക്കായി പരസ്യമായി ഇടപെടാത്തതും പാർട്ടിക്ക് തുണയാണ്. ചില നേതാക്കൾക്ക് അടുപ്പമുണ്ടെകിലും സെക്രട്ടറി എ സി മൊയ്ദീൻ ഉൾപ്പെട്ട ജില്ല നേതൃത്വം നിസാമിനെതിരെ കടുത്ത നിലപാട് തന്നെയാണ് തുടരുന്നത്.കൊലയാളി വ്യവസായിയിൽ നിന്നു പിരിവ് പോലും വാങ്ങാൻ ഇവരിൽ ഒരു വിഭാഗം മടിച്ചിരുന്നു.

അക്രമത്തിനു ശേഷം രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നിസാം വിളിച്ചിരുന്നെങ്കിലും ആരോപണവിധേയനായ എം എൽ എ ഏത് തരത്തിൽ ആണ് പ്രതികരിച്ചതെന്നും വ്യക്തമല്ല.സിറ്റി പൊലീസ് കമ്മീഷണർ ആർ.നിശാന്തിനി ഫോൺ രേഖകൾ പരിശോധിച്ച് വരികയാണെന്നും പറയപ്പെടുന്നു.അക്രമത്തിനു ശേഷം മുങ്ങിയ നിസാമിന്റെ ഭാര്യയെ കണ്ടെത്താൻ പൊലീസിനു ഇത് വരെ കഴിയാത്തതും അന്വേഷണത്തിന് തിരിച്ചടിയാണ്.കഴിഞ്ഞ ദിവസം അമലിനെ കസ്റ്റഡിയിൽ എടുത്തതായി വാർത്തകൾ വന്നിരുന്നു. എന്നാൽ ഇത് നിഷേധിക്കുകയാണ് പൊലീസിപ്പോൾ.സംഭവത്തിന് ശേഷം ബാഗ്ലുരിലേക്ക് പോയ അമലും മക്കളും അതുവഴി ഖത്തറിലേക്ക് പോയതായാണു വിവരം. മുൻ കമ്മീഷണർ ജേക്കബ് ജോബുമായുള്ള കൂടിക്കാഴ്‌ച്ചയിലും ഭാര്യയെ കേസിൽ പ്രതിയാക്കരുതെന്ന് നിസാം ആവശ്യപ്പെട്ടതായി വാർത്തകൾ വന്നിരുന്നു. പിടികൂടിയാലും അമലിനെ സാക്ഷി പട്ടികയിൽ മാത്രമേ ഉൾപ്പെടുത്തു എന്നാണു പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന.

മാദ്ധ്യമങ്ങളും പൊതുജനങ്ങളും ജാഗ്രത കാണിക്കുന്ന കേസിൽ അട്ടിമറി നടത്താൻ ഉന്നതർ ഇപ്പോഴും ഇടപെടുന്നുണ്ടെന്നാണ് വാർത്തകൾ .എന്നാൽ എന്ത് വില കൊടുത്തും സാക്ഷി പറയുമെന്ന നിലപാടിൽ തന്നെയാണ് ചന്ദ്രബോസിന്റെ സഹപ്രവർത്തകർ ഇവരുടെ മൊഴി കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ചന്ദ്രബോസിന്റെ ആത്മാവിനായി കേസിൽ താൻ ഉറച്ച് നിൽക്കുമെന്നും ഏതറ്റം വരേ പോയാലും സമ്മർദ്ധത്തിന് വഴങ്ങാതെ സാക്ഷി പറയുമെന്നും സെകൂരിറ്റി ജീവനക്കാരനായ ബേബി മറുനാടൻ മലയാളിയോട് പറഞ്ഞു. സംഭവ സമയത്തു സെകുരിറ്റി ജീവനക്കാരായ അനൂപ്, ബേബി ,ഗിരീഷ് എന്നിവരാണ് ഡൂട്ടിയിൽ ഉണ്ടായിരുന്നത്. ഇവരുടെ രഹസ്യ മൊഴി ഇന്ന് മജിസ്‌ട്രേറ്റിന് മുൻപിലും രേഖപ്പെടുത്തും.