- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മർദ്ദനം സഹിക്കാനാവാതെ സെക്യൂരിറ്റി കാബിനിൽ കയറി കുറ്റിയിട്ടപ്പോൾ ഗ്ലാസ് തകർത്ത് ബാറ്റൺ കൊണ്ട് തല്ലി; പേടിച്ചോടിയപ്പോൾ ഹമ്മർ പായിച്ച് ഇടിച്ചു വീഴ്ത്തി; നിലത്തിട്ടു ചവിട്ടി, ഇരുമ്പുവടികൊണ്ട് തല്ലി; രക്ഷിക്കാനെത്തിയ പൊലീസ് കൈയും കെട്ടിനിന്നു: നിസാമിന്റെ ക്രൂര കൃത്യം കണ്ട് നിന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥന് പറയാനുള്ളത്
തൃശ്ശൂർ: പണത്തിന്റെ ഹുങ്കിൽ പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിലയ്ക്കെടുത്ത വ്യവസായ മുഹമ്മദ് നിസാം ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയത് അതിക്രൂരമാണെന്ന് വെളിപ്പെടുത്തുന്ന സാക്ഷിമൊഴി പുറത്തുവന്നു. പ്രാണരക്ഷാർത്ഥം ചന്ദ്രബോസ് ഓടിയപ്പോഴും വിടാതെ പിന്തുടർന്ന് ആക്രമിച്ചാണ് നിസാം നിഷ്ഠുരമായി കൊലപ്പെടുത്തിയ
തൃശ്ശൂർ: പണത്തിന്റെ ഹുങ്കിൽ പൊലീസിനെയും രാഷ്ട്രീയ നേതാക്കളെയും വിലയ്ക്കെടുത്ത വ്യവസായ മുഹമ്മദ് നിസാം ചന്ദ്രബോസ് എന്ന സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയത് അതിക്രൂരമാണെന്ന് വെളിപ്പെടുത്തുന്ന സാക്ഷിമൊഴി പുറത്തുവന്നു. പ്രാണരക്ഷാർത്ഥം ചന്ദ്രബോസ് ഓടിയപ്പോഴും വിടാതെ പിന്തുടർന്ന് ആക്രമിച്ചാണ് നിസാം നിഷ്ഠുരമായി കൊലപ്പെടുത്തിയതെന്നാണ് ക്രൂരകൃത്യം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ വെളിപ്പെടുത്തിയത്. ചന്ദ്രബോസിനെ അതിക്രൂരമായി തല്ലിച്ചതയ്ക്കുന്നത് പണക്കാരനായ നിസാമാണെന്ന് അറിഞ്ഞപ്പോൾ പൊലീസും കണ്ടുനിന്നുവെന്നും സാക്ഷിമൊഴിയിലുണ്ട്. ചന്ദ്രബോസ് മരണത്തോട് മല്ലടിക്കുമ്പോഴായിരുന്നു പൊലീസിന്റെ ഈ നടപടിയെന്ന് ശോഭ സിറ്റിയിലെ സെക്യൂരിറ്റി ഓഫീസർ അനൂപാണ് വെളിപ്പെടുത്തിയത്.
അതിക്രൂരമായ സംഭവംനടന്ന രാത്രിയെ കുറിച്ച് അനൂപ് പറയുന്നത് ഇങ്ങനെയാണ്: പുലർച്ചെ 2.45ഓടെയാണ് നിസാം ഹമ്മറിൽ ശോഭ സിറ്റിക്ക് പുറത്തെത്തിയത്. ഗേറ്റ് തുറക്കാൻ രണ്ടു സെക്കൻഡ് വൈകി. പ്രകോപിതനായ നിസാം അമിതവേഗത്തിൽ വാഹനം മുന്നോട്ടെടുത്തപ്പോൾ നിയന്ത്രണം വിട്ട് അരികിലെ സിമന്റ് തറയിൽ തട്ടി. ശബ്ദം കേട്ട് കാബിനിൽ നിന്ന് ഞാനും ചന്ദ്രബോസും പുറത്തിറങ്ങി. എന്താ സാർ പറ്റിയതെന്ന് ചന്ദ്രബോസ് ചോദിച്ചു. വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ നിസാം തെറി വിളിച്ചു. പിന്നാലെ ചന്ദ്രബോസിനെ മർദ്ദിച്ചു. സഹിക്കവയ്യാതെ ചന്ദ്രബോസ് കാബിനിൽ കയറി വാതിലടച്ചു. വാതിൽ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ തന്റെ കൈയിൽ തോക്കുണ്ടെന്ന് പറഞ്ഞ് നിസാം വാഹനത്തിനടുത്തേക്ക് പോയി. ഉടൻ തിരിച്ച് വന്ന് സെക്യൂരിറ്റിക്കാരുടെ ബാറ്റൺ ഉപയോഗിച്ച് കാബിനിന്റെ ചില്ല് അടിച്ചുപൊളിച്ച് അകത്തു കയറി. ബാറ്റൺ കൊണ്ട് ബോസിനെ പൊതിരെ തല്ലി. ചില്ലെടുത്ത് ദേഹത്ത് വരിഞ്ഞു കീറി.
ഈ സമയത്തൊക്കെ ചന്ദ്രബോസ് സംശയമനത്തോടെയാണ് പ്രതികരിച്ചത്. സാറ് എന്നെ കുറെ അടിച്ചില്ലേ. ഞാൻ നാളെ സാറിന്റെ ഫ്ളാറ്റിലേക്ക് വരാം. അവിടെ വച്ച് സംസാരിക്കാമെന്ന് ചന്ദ്രബോസ് പലവട്ടം പറഞ്ഞെങ്കിലും നിസാമിന് കലി അടങ്ങിയില്ല. തിരിച്ച് മൊബൈലെടുക്കാൻ കാറിനടുത്തേക്ക് പോയ നിസാം ഭാര്യ അമലിനോട് തോക്കുമായി വരാൻ ആവശ്യപ്പെട്ടു. പേടിച്ച് ഞാനും ചന്ദ്രബോസും കൂടി ഇറങ്ങി പുറത്തേക്ക് ഓടി. എന്നാൽ വിടാതെ പിന്തുടർന്നെത്തിയ നിസാം അമിത വേഗതയിൽ ഹമ്മറെടുത്ത് ചന്ദ്രബോസിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എഴുന്നേറ്റ് നിന്ന ചന്ദ്രബോസിനെ ഭിത്തിയോട് ചേർത്ത് വീണ്ടും വാഹനം കൊണ്ടിടിച്ചു. പിന്നെ നിലത്തിട്ട് ചവിട്ടി. അരിശം തീരാതെ വാഹനത്തിൽ നിന്ന് ഏതോ ഒരു ആയുധം എടുത്തും അടിച്ചു. ഇതിനിടയിൽ ഭാര്യ അമൽ ജാഗ്വർ കാറിലെത്തി.
ശോഭാ സിറ്റിയുടെ ഗേറ്റിനകത്ത് ഈ വാഹനം പാർക്ക് ചെയ്ത് അമൽ പുറത്തേക്കിറങ്ങി. ഒന്നു കരയാൻ പോലും കഴിയാതിരുന്ന ചന്ദ്രബോസിനോട് ഹമ്മറിൽ കയറാൻ നിസാം ആവശ്യപ്പെട്ടു. അനുസരിക്കാതിരുന്നപ്പോൾ തൂക്കിയെടുത്ത് കാറിനകത്തിട്ട് ശോഭാ സിറ്റിക്കകത്ത് പ്രവേശിച്ചു. പിന്നെ ഭാര്യയെയും കൂട്ടി ഫ്ളാറ്റിലേക്ക് പോയി.
പേരാമംഗലം പൊലീസിൽ വിവരമറിയിച്ചതിനു പിന്നാലെ നാലു പേരടങ്ങുന്ന ഹൈവേ പൊലീസ് സംഘം ശോഭാ സിറ്റിക്ക് മുന്നിലെത്തി. അവരോട് കാര്യം പറഞ്ഞു. എന്നാൽ മുകളിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ ഇടപെടാൻ സാധിക്കൂവെന്നായിരുന്നു ഇവരുടെ പ്രതികരണം. പത്തു മിനിട്ടിലധികം കഴിഞ്ഞാണ് പേരാമംഗലം പൊലീസ് എത്തിയത്. ലക്ഷങ്ങൾ തരാമെന്ന് പറഞ്ഞാലും മൊഴി മാറ്റില്ലെന്നാണ് അനൂപ് പറയുന്നത്. ചന്ദ്രബോസിനെ പോലെ തന്റെയും ജീവൻ നഷ്ടമാകുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പൊലീസ് അനാസ്ഥ കാണിച്ചുവെന്ന് സംഭവസമയത്ത് ചന്ദ്രബോസിന്റെ കൂടെയുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ ബേബിയും പറഞ്ഞു.
ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ കൂടെ ഭാര്യ അമലും ഉണ്ടായിരുന്നു
ചന്ദ്രബോസിനെ കാർപോർച്ചിലിട്ട് നിസാം മർദ്ദിച്ച് അവശനാക്കുമ്പോൾ കൂടെ ഭാര്യ അമലും ഉണ്ടായിരുന്നുവെന്നും സംഭവം നടക്കുമ്പോൾ നിസാം തോക്ക് കൈയിൽ വച്ചിരുന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞതായും പേരാമംഗലം സി.ഐ പി.സി. ബിജുകുമാർ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഈ തോക്ക് കണ്ടെടുക്കാൻ വേണ്ടി ശോഭാ സിറ്റിയിലുള്ള ഫ്‌ലാറ്റിലും, മുറ്റിച്ചൂരിലുള്ള വീട്ടിലും, ബാംഗ്ലൂർ, തിരുനെൽവേലി എന്നിവിടങ്ങളിലും പ്രതിയെ കൊണ്ടുപോയി പരിശോധിച്ചിരുന്നു. എന്നാൽ പ്രതി സഹകരിക്കാതിരുന്നതിനാൽ തോക്ക് കസ്റ്റഡിയിൽ എടുക്കാനായിട്ടില്ല. പ്രതിയുടെ പാസ്‌പോർട്ടും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതിക്ക് ഇന്ത്യയിലും വിദേശത്തും ബിസിനസ് സ്ഥാപനങ്ങളും വീടുകളും ഉണ്ട്. ജാമ്യം നൽകിയാൽ രാജ്യം വിട്ടുപോകാൻ ഇടയുണ്ടെന്നും പ്രതി 2013 മുതൽ പേരാമംഗലം സ്‌റ്റേഷൻ റൗഡിയാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
അതേസമയം ചന്ദ്രബോസിന്റെ മരണത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതിനെ കുറിച്ച് അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണത്തെ സ്വാധീനിക്കാൻ ആരെങ്കിലും ശ്രമിക്കുന്നോ എന്നകാര്യം അന്വേഷിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്.എഡിജിപി എൻ. ശങ്കർ റെഡ്ഡി റേഞ്ച് ഐജി ടി.കെ. ജോസിനു നിർദ്ദേശം നൽകി. അന്വേഷണ സംഘത്തെക്കുറിച്ച് ആരോപണങ്ങൾ ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത്. മുൻ സിറ്റി പൊലീസ് മേധാവി ജേക്കബ് ജോബ് പ്രതി മുഹമ്മദ് നിഷാമിനെ രഹസ്യമായി ചോദ്യം ചെയ്തത് വിവാദമായപ്പോൾ ജേക്കബ് ജോബ് നടത്തിയ പ്രതികരണമാണ് അന്വേഷണ സംഘത്തെ സംശയനിഴലിലാക്കിയത്.
നിസാമിനെതിരെ ഗുണ്ടാ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാം
ചന്ദ്രബോസിന്റെ കൊലയാളി നിസാമിന്റെ മുൻകേസുകൾ കോടതയിയിൽ ഒത്തുതീർപ്പാക്കിയെങ്കിലും ഗുണ്ടാ നിയമപ്രകാരമുള്ള നടപടികൾ തുടരുന്നതിൽ തടസ്സങ്ങളില്ല. ഇതം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ മുൻ ഉത്തരവ് നിസാമിന്റെ കേസിലും ബാധകമാകും. പണവും രാഷ്ട്രീയ സ്വാധീനവും കൈക്കരുത്തും ഭീഷണിയും ഉൾപ്പെടെ പലവിധ മാർഗങ്ങളിലൂടെ സാക്ഷികളെ സ്വാധീനിച്ചും മറ്റും കേസ് ഒതുക്കാനുള്ള സാധ്യത അവഗണിച്ചുകൂടെന്ന മുന്നറിയിപ്പു നൽകുന്നതാണ് വിജയമ്മക്കേസിലെ കോടതിവിധി.
സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ നിസാമിന്റെ ചില കേസുകൾ ഒത്തുതീർപ്പാക്കിയതു ഗുണ്ടാ നിയമപ്രകാരമുള്ള നടപടികൾക്കു തടസ്സമാകുമെന്ന ചർച്ചകൾക്കുള്ള ഉത്തരമാണ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
മകൻ കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നതു തടഞ്ഞ് ഗുണ്ടാനിയമം (കാപ്പ) അനുസരിച്ച് നിരോധന ഉത്തരവിറക്കിയതു ചോദ്യംചെയ്ത് അമ്മ വിജയമ്മയും മകൻ അനീഷും നൽകിയ ഹർജിയിൽ 2014 സെപ്റ്റംബർ 29-നായിരുന്നു ഹൈക്കോടതി വിധി. 'കാപ്പ നിയമപ്രകാരം അധികാരികൾ പരിഗണിച്ച നാലു കേസുകളിൽ രണ്ടു കേസുകൾ ഒത്തുതീർപ്പാക്കിയതിനെ തുടർന്നു റദ്ദാക്കിയെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
കേസ് ഒത്തുതീർപ്പായതിനാൽ പ്രോസിക്യൂഷൻ തുടരുന്നത് അനാവശ്യമാണെന്നു കണ്ടു കേസ് റദ്ദാക്കുന്നു എന്നല്ലാതെ അന്വേഷണ റിപ്പോർട്ടിലെ കുറ്റങ്ങളിൽ നിന്നു പ്രതി മോചിതനാകുന്നു എന്നർഥമില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ഇളവു തേടിക്കൊണ്ടു നിവേദനം നൽകിയതു പരിഗണിക്കാൻ സർക്കാരിന് അധികാരമുണ്ടെങ്കിലും ഭരണഘടനയും നിയമങ്ങളും പരമപ്രധാനമാണെന്നതു മറക്കരുതെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. നിസാമിനെതിരെയുള്ള മൂന്നു കേസുകൾ ഒത്തുതീർപ്പിനെ തുടർന്നു റദ്ദാക്കിയതു ഗുണ്ടാ നിയമപ്രകാരം നടപടിയെടുക്കാൻ തടസ്സമല്ലെന്നു കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറലും വ്യക്തമാക്കിയിരുന്നു. മറ്റ് ഒൻപതു കേസുകൾ നിഷാമിനെതിരെയുണ്ട്. ഈ വിഷയം 'കാപ്പ അധികാരികൾ പരിഗണിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.