അടിമാലി: 16 വർഷം മുമ്പ് യുവതിയെ വിവാഹവാഗ്ദാനം നൽകി കൊന്നുതള്ളി പണവും സ്വർണവുമായി മുങ്ങിയ പ്രതി സൗദിയിൽ ദുരൂഹ സാഹതര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിൽ 16 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന കോട്ടയം ആർപ്പൂക്കര പനമ്പാലം കദളിക്കാലായിൽ മുഹമ്മദ് സാദിഖിനെ (സലിം) സൗദിയിലെ ദവാദ്മയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കൊല്ലം അയത്തിൽ അഷ്‌റഫ് എന്ന വ്യാജ മേൽവിലാസത്തിലാണ് ഇയാൾ സൗദിയിൽ ജോലി നോക്കിയിരുന്നത് എന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

തൊടുപുഴ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്പിൽ സിജിയെ(24) വിവാഹവാഗ്ദാനം നൽകി കൂട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത് 16വർഷം മുമ്പാണ്. അമ്മയുടെ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി കോട്ടയം മെഡിക്കൽ കോളജിൽ എത്തിയപ്പോഴാണ് മുഹമ്മദ് സാദിഖുമായി പരിചയപ്പെട്ടത്. ഭർത്താവ് ഗൾഫിലായിരുന്ന യുവതിക്ക് ഇയാൾ വിവാഹവാഗ്ദാനം നൽകിയതായി പൊലീസ് പറയുന്നു. തുടർന്ന് രജിസ്റ്റർ വിവാഹത്തിന് എന്ന വ്യാജേന 3 സുഹൃത്തുക്കുളുമായി ചേർന്ന് 2004 ജൂലൈ 29നു നേര്യമംഗലം വനമേഖയിലെ ചീയപ്പാറയിൽ എത്തിച്ചു. രാത്രി പതിനൊന്നോടെ കഴുത്തറുത്തു കൊലപ്പെടുത്തി പതിനഞ്ചര പവൻ ആഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

അന്ന് അടിമാലി സിഐ ആയിരുന്ന എം.എ. ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ഒരു മാസത്തിനുള്ളിൽ നാൽവർ സംഘത്തെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി മുഹമ്മദ് സാദിഖ് കൊല്ലത്തെ ഭാര്യ വീട്ടിലേക്കു മുങ്ങുകയായിരുന്നുവെന്നും അവിടെ നിന്ന് വ്യാജ മേൽവിലാസത്തിൽ പാസ്‌പോർട്ടും വീസയും സംഘടിപ്പിച്ച് സൗദിക്കു കടന്നതായും പൊലീസ് പറയുന്നു.

ഇയാളെ ഒഴിവാക്കി നടന്ന കേസിന്റെ വിചാരണയിൽ രണ്ടാം പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഈയിടെ അടിമാലി എസ്എച്ച്ഒ അനിൽ ജോർജിന്റെ നിർദ്ദേശ പ്രകാരം അടിമാലി വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള എസ്‌ഐമാരായ എസ്. ശിവലാൽ, സജി എൻ. പോൾ, സി.ആർ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം കൊല്ലത്ത് എത്തി അന്വേഷണം നടത്തിയിരുന്നു