കണ്ണൂർ: സംസ്ഥാന മെഡിക്കൽ പ്രവേശന പരീക്ഷയിൽ ഒരു മാർക്ക് പോലും ചോരാതെ കണ്ണൂർ കൊയ്യോട് ബയ്തുസലാം വീട്ടിൽ വി.വി. മുഹമ്മദ് മുനവിർ ഒന്നാം റാങ്കിന് അർഹനായി. 960 മാർക്കും നേടിയാണു നേട്ടം. മെഡിക്കൽ പ്രവേശനപരീക്ഷയിൽ ഫുൾ മാർക്ക് 15 വർഷത്തിനു ശേഷം ആദ്യമാണ്. ഇതിനൊപ്പം നിരവധി പ്രത്യേകതകൾ ഈ ഒന്നാം റാങ്കിനുണ്ട്.

പ്‌ളസ്ടുവിന് ശേഷവും തുടർപഠനം സർക്കാർ സ്ഥാപനത്തിൽ തന്നെയാവണം' ഈ നിശ്ചയദാർഢ്യമാണ് മുഹമ്മദ് മുനവിറിനെ കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിലെ ഒന്നാമനാക്കിയത്. 2015ൽ നടന്ന എൻട്രൻസ് പരീക്ഷയിൽ 1144 (മെഡിക്കൽ), 503 (എൻജിനീയറിങ്) റാങ്കുകൾ സ്വന്തമാക്കിയ മുനവിറിന് മെഡിക്കൽ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശം ലഭ്യമായിരുന്നില്ല. തുടർന്നാണ് ഒരു തവണ കൂടി എൻട്രൻസിനെ നേരിടാൻ തീരുമാനിച്ചത്. കരുതലോടെയുള്ള തയ്യാറെടുപ്പുകൾ ഫലം കണ്ടു.

പ്രൈമറിതലം മുതൽ പൊതുവിദ്യാലയത്തിൽ മലയാളം മീഡിയത്തിൽ മികച്ച പഠനനിലവാരം കാഴ്ചവച്ച മുനവിർ പെരളശ്ശേരി എ.കെ.ജി മെമോറിയൽ ഗവ. ഹയർ സെക്കൻഡറിയിൽ നിന്നും എസ്.എസ്.എൽ.സി, പ്‌ളസ് ടു പരീക്ഷകളിലും മുഴുവൻ വിഷയങ്ങളിൽ എ പ്‌ളസ് നേട്ടം സ്വന്തമാക്കിയിരുന്നു. നീർച്ചാൽ, മുതുക്കുറ്റി ഗവ. സ്‌കൂളുകളിലായിരുന്നു മുനവറിന്റെ പ്രാഥമിക വിദ്യാഭ്യാസം. മക്രേരി സ്‌പെഷൽ വില്ലേജ് ഓഫിസറായ പി.പി. മുഹമ്മദലിയുടെയും പയ്യാമ്പലം ഗേൾസ് സ്‌കൂളിലെ പ്രൈമറി വിഭാഗം അദ്ധ്യാപികയായ വി.വി. നദീറയുടെയും മൂത്തമകനാണ്.

പ്‌ളസ് ടു പരീക്ഷയിൽ 1191 മാർക്ക് നേടി 99 ശതമാനം മാർക്ക് നേടാനായതും മുനവിറിന് എൻട്രൻസ് പരീക്ഷാവേളയിൽ ആത്മവിശ്വാസം വർധിപ്പിച്ചു. 2015ൽ നടന്ന എൻട്രൻസ് പരീക്ഷയിൽ 1144 (മെഡിക്കൽ), 503 (എൻജിനീയറിങ്) റാങ്കുകൾ സ്വന്തമാക്കിയ മുനവിറിന് മെഡിക്കൽ വിഭാഗത്തിൽ സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശം ലഭ്യമായിരുന്നില്ല. തുടർന്ന് പാലയിലെ ബ്രില്യൻസ് പരിശീലന കേന്ദ്രത്തിൽ ചേർന്ന മുനവിറിനെ തേടിയത്തെിയത് സ്വപ്നതുല്യമായ നേട്ടം. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്‌ളസ് നേടിയ ആയിഷത്ത് മുബഷിറയും പഠന മികവ് തെളിയിച്ചിട്ടുണ്ട്.

റാങ്കിന്റെ സന്തോഷം പങ്കിടാനത്തെിയ ബന്ധുക്കളെയും അയൽക്കാരെയും മാദ്ധ്യമപ്രവർത്തകരെയും മധുരം വിതരണം ചെയ്തായിരുന്നു കുടുംബാംഗങ്ങൾ വരവേറ്റത്. അഖിലേന്ത്യ മെഡിക്കൽ, ജിപ്മർ എൻട്രൻസ് പരീക്ഷകൾ കൂടി എഴുതിയ മുനവിർ ഫലം കാത്തിരിക്കുകയാണ്. ഡൽഹി എയിംസിൽ തുടർപഠനമാണ് മുനവിർ മനസ്സ് നിറയെ.